Friday, October 28, 2011

വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....



വയലാര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...... 
വയലാറില്‍, വയലും ആറുമുണ്ട്. കാവ്യസൌഗന്ധികങ്ങള്‍ പൂത്ത വയലും ഭാവന നിര്‍ലോഭം ഒഴുകിയ ആറും.  പദപരിചരണത്തിലെ രാജകീയത,കാവ്യ ബിംബങ്ങളിലെ സൌകുമാര്യത. ഇവ ചേര്‍ന്ന് ഒരുപിടി കവിതകള്‍,അതിലേറെ ഗാനങ്ങള്‍ വയലാറിന്റെ ഹൃദയം മലയാളത്തിനു തന്നു. മലയാള സാഹിത്യ മണ്ഡലത്തില്‍ ''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചീടാത്തൊരു തത്ത്വശാസ്ത്രത്തെയും...'' എന്ന് മനസ്സുതുറന്ന് കലഹിച്ച കവിയായി വാഴുമ്പോള്‍ തന്നെ ഗാന രചയിതാവിന്റെ ജനകീയ സിംഹാസനത്തിലും വയലാര്‍ അമര്‍ന്നിരുന്നു.'മരിയ്ക്കുന്നില്ല ഞാന്‍' എന്ന് കവിതയ്ക്കിട്ട തലക്കുറി അന്വര്‍ഥമാക്കി വയലാര്‍ ഇന്നും ഉണര്‍ന്നിരിക്കുന്നു.
ഈണത്തിന്റെ ഔദാര്യം അനുവദിച്ചുതരുന്ന ഇടങ്ങളില്‍ വാക്കുകള്‍ തിരുകിക്കയറ്റി പാട്ടുകള്‍ എന്ന പേരില്‍ പലതും പിറവിയെടുക്കുന്ന പുതുകാലത്ത് ആത്മാവുള്ള ഒരു പാട്ടനുഭവിക്കാന്‍ തലമുറകള്‍ ഭേദമില്ലാതെ നാം വയലാര്‍ - ദേവരാജന്‍ ടീമിലേക്ക് വെച്ചു പിടിക്കുന്നു.
ജീവിതത്തോട് പ്രണയം തീവ്രമാവുമ്പോള്‍ പുത്തന്‍ തലമുറകളും
''ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...''
എന്നു പാടുന്നു;കേള്‍ക്കുന്നു. സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്ത് 'ഓ! ഗ്രേറ്റ്' എന്ന് പുളകം കൊള്ളുന്നു.
ആത്മാവുള്ള, ജീവനുള്ള ഈരടികള്‍ വേനല്‍മഴ പോലെ വന്നുപോവുന്ന ഈ കാലത്ത് വയലാര്‍ എങ്ങനെ വിസ്മൃതനാവും?
''സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കുന്നു
ശില്‍പ കന്യകകള്‍ നിന്റെ വീഥിയില്‍
രത്ന കമ്പളം നീര്‍ത്തും...''
എന്ന് പ്രണയിനിയെക്കുറിച്ച്  വര്‍ണ സ്വപ്നങ്ങള്‍ വാരിവിതറി വയലാര്‍. സ്വപ്നത്തിന്റെ ആകാശ ഗോപുരങ്ങളില്‍ ചെന്ന് പദങ്ങളുമായി ഇന്ദ്രജാലം തീര്‍ത്തു.
പലതും ക്ഷണിക രചനകളായിരുന്നു.
ഏറെ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. നദി എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് എല്ലാ തയ്യാറെടുപ്പുകളും ആയി. സംഗീത സംവിധായകന്‍ റെഡി. ഓര്‍ക്കസ്ട്രയും ഗായകനും എപ്പോഴേ റെഡി. ഇനി പാട്ടു മാത്രം എഴുതിക്കിട്ടിയാല്‍ മതി. അതിനായി വയലാര്‍ രാമവര്‍മയെ ആലുവ പുഴയോരത്തുള്ള ഒരു ഹോട്ടലിലെ മുറിയില്‍ ആക്കിയിരിക്കുകയാണ് നിര്‍മാതാവ്. അയാള്‍ വിറളി പിടിച്ചുനടക്കുന്നു. ഒരു വരി പോലും എഴുതിയിട്ടില്ല വയലാര്‍. ഇടയ്ക്കിടെ നിര്‍മാതാവ് വന്ന് റൂമില്‍ നോക്കുമ്പോള്‍ വയലാര്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. പാട്ടിന്റെ കാര്യത്തില്‍ മാത്രം ഒരടി മുന്നോട്ടു പോയിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മാതാവ് വന്നു നോക്കുമ്പോഴും കാര്യങ്ങള്‍ തഥൈവ. നാലു മണിക്ക് അവസാനമായി ഒരിക്കല്‍കൂടി അയാള്‍ വന്നുനോക്കി. അപ്പോഴും വയലാര്‍ അന്തംവിട്ട് കിടന്നുറങ്ങുന്നു. മേശപ്പുറത്ത് മലയാളികളെ എക്കാലവും കോരിത്തരിപ്പിച്ച ആ പാട്ടിരിക്കുന്നു. ഒപ്പം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളും.
''ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാ പുഴ പിന്നെയുമൊഴുകി.....'
മരണത്തിനിപ്പുറം 36 ആണ്ടുകള്‍ കഴിയുമ്പോഴും മലയാളികളുടെ മനസ്സിലൂടെ ആയിരം പാദസരങ്ങള്‍ കിലുക്കി വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....

Saturday, August 20, 2011

മനസില്‍ നിന്നിറങ്ങാത്ത ഈണങ്ങള്‍...


ജോണ്‍സണ്‍ എന്ന രാഗമാന്ത്രികന്‍ ഉയിരുകൊടുത്ത 
പാട്ടുകളില്‍ പ്രിയപ്പെട്ട ചിലത്...
        


  1. ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം      
  2. ദേവീ ആത്മരാഗമേകാന്‍
  3. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി
  4. കുന്നിമണി ചെപ്പുതുറന്നെണ്ണി നോക്കുംനേരം
  5. എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ                              
  6. മൈനാക പൊന്‍മുടിയില്‍
  7. ആടിവാ കാറ്റേ പാടിവാ കാറ്റേ
  8. മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ                               
  9. ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി ഉലഞ്ഞൂ
  10. അനുരാഗിണീ ഇതാ എന്‍
  11. എന്തേ കണ്ണനു കറുപ്പു നിറം
  12. ഇനിയൊന്നു പാടൂ ഹൃദയമേ നിന്‍ പനിമതി മുന്നിലുദിച്ചുവല്ലേ
  13. പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
  14. മായാമയൂരം പീലി നീര്‍ത്തിയോ
  15. തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
  16. മൂവന്തിയായ് പകലില്‍ രാവിന്‍ വിരല്‍സ്പര്‍ശനം
  17. മൌനത്തിന്‍ ഇടനാഴിയില്‍
  18. ഖല്‍ബിലൊരൊപ്പന പാട്ടുണ്ടോ കയ്യില് മുന്തിരിച്ചാറുണ്ടോ
  19. ആദ്യമായ് കണ്ട നാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
  20. നീലരാവിലിന്നു നിന്റെ താരഹാരമിളകി
  21. ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  22. സിന്ദൂരം പെയ്തിറങ്ങി പവിഴമലയില്‍
  23. പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ
  24. പാതിരാ പുള്ളുണര്‍ന്നു പരല്‍മുല്ലകാടുണര്‍ന്നു
  25. അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
  26. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം
  27. പവിഴം പോല്‍ പവിഴാധരം പോല്‍
  28. പൂവേണം പൂപ്പട വേണം പൂവിളി വേണം
  29. പൂത്താലം വലം കൈയിലേന്തി വാസന്തം
  30. തങ്കത്തോണി തെന്‍മലയോരം കണ്ടേ
  31. രാജഹംസമേ മഴവില്‍കൊടിയില്‍ സ്നേഹദൂതുമായി വരുമോ
  32. സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ
  33. ശ്രീരാമ നാമം ജപചാരസാഗരം
  34. ദൂരെ ദൂരെ സാഗരം തേടി പൊക്കുവെയില്‍ പൊന്‍നാളം
  35. ദേവകന്യക സൂര്യതംബുരു മീട്ടുന്നു
  36. സ്വര്‍ണ മുകിലേ സ്വര്‍ണമുകിലേ
  37. ശ്യാമാംബരം നീളെ മണിമുകിലിന്‍ ഉള്ളം
  38. താനേ പൂവിട്ട മോഹം മൂകം വിതുമ്പുംനേരം
  39. ബ്രഹ്മ കമലം ശ്രീലകമാകിയ നാദബ്രഹ്മസുധാമയീ
  40. തുമ്പപ്പുവില്‍ ഉണര്‍ന്നു വാസരം
  41. എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം
  42. ചന്ദനചോലയില്‍ മുങ്ങി നീരാടിയെന്‍
  43. വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
  44. വെള്ളാര പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി
  45. മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു 

Friday, June 17, 2011

സച്ചിന്‍...നിങ്ങളില്ലെങ്കിലും കേള്‍ക്കുന്നുണ്ട് പുല്ലാങ്കുഴല്‍ നാദം

  
ചെല്ലുന്നിടത്തു നിന്നെല്ലാം ആ ഓടക്കുഴല്‍ നാദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതി മനോഹരമായ കോംപോസിഷന്‍...ചിലപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ ഏതെങ്കിലും സഹയാത്രികന്റെ മൊബൈലില്‍നിന്ന് അതിങ്ങനെ ഒഴൂകിതുടങ്ങുമ്പോള്‍ അയാള്‍ ഫോണെടുക്കാന്‍ വൈകണേ എന്ന് മനസുകൊണ്ട് കൊതിച്ചു. അനേകമനേകം ആളുകളുടെ
മൊബൈല്‍ഫോണുകളില്‍ നിന്ന് ഏതൊക്കെയോ കോണുകളില്‍ അത് ഉണരുകയായിരുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് അതേ ഓടക്കുഴല്‍ സംഗീതം കേട്ടത് ഗായകന്‍ കല്ലറഗോപന്റെ മൊബൈലില്‍ നിന്നായിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചിരുന്നു അത് വായിച്ച സച്ചിന്‍ കൈതാരം എന്ന സംഗീതകാരനെ കുറിച്ച്. സച്ചിന്‍ കൈതാരത്തിന്റെ തന്നെ കോംപസിഷനായിരുന്നു അത്.  മരണത്തിന്റെ ഒട്ടും മയമില്ലാത്ത ചില തിരിച്ചെടുക്കലുകളെ അന്ന് ഞാന്‍ ഏറെ വെറുത്തു. നാം മനസിലേറ്റിയ എത്രയോ പാട്ടുകളില്‍ സച്ചിന്റെ ഓടക്കുഴല്‍ ഇപ്പോഴും മൂളുന്നുണ്ട്. എണ്ണമില്ലാത്ത സിനിമാ ഗാനങ്ങളില്‍ പിന്നണിയില്‍ സച്ചിന്‍ പുല്ലാങ്കുഴലൂതി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകേട്ട വേണുഗാനം ഇന്ന് പലയിടങ്ങളില്‍ പലവുരു കേള്‍ക്കുമ്പോഴാണ് ഞാന്‍ സച്ചിന്‍ കൈതാരത്തെ വീണ്ടുമോര്‍ക്കുന്നത്.
എന്തെങ്കിലും ഇവിടെ എഴുതണമെന്നുതോന്നി. എനിക്ക് ഒരു മരണവാര്‍ത്തയിലൂടെ മാത്രം പരിചിതനായിരുന്ന ആള്‍...പിന്നീട് ഒരു ഈണത്തിനൊപ്പം ഓര്‍മയില്‍ ചേക്കേറിയ ആള്‍... പതിയെ ആണ് സച്ചിന്‍ കൈതാരം എന്ന സംഗീതകാരന്‍ എനിക്കു മുന്നില്‍ തെളിഞ്ഞുകത്താന്‍ തുടങ്ങുന്നത്. സച്ചിനെ കുറിച്ചറിയാന്‍ നടത്തിയ ചെറിയ അന്വേഷണത്തില്‍ നിന്ന് വല്ലാത്ത ഒരു യാദൃശ്ചികത ഞാനറിഞ്ഞു. എഴുതാന്‍ ആലോചിക്കുന്ന ഈ ജൂണ്‍ദിനങ്ങളിലൊന്നാണ് സച്ചിനെ അപഹരിച്ചതെന്ന്. 2006 ജൂണ്‍ പതിനഞ്ചിനായിരുന്നു സച്ചിന്റെ ജീവനെടുത്ത കാറപകടം. ഇതുപോലെ മുന്‍പ് നന്ദിതയും എന്നെ ആശ്ചര്യപെടുത്തിയ യാദൃശ്ചികത സമ്മാനിച്ചിട്ടുണ്ട്. കോളജ് കാലത്ത് അമ്മാവന്റെ വീട്ടിലെ ഒരു രാത്രി. പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് എനിക്ക് നന്ദിതയുടെ കവിതകള്‍ കിട്ടുന്നു. അന്നു പുലരുവോളം ഞാന്‍ നന്ദിതയുടെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കുന്നു. രാവിലെ പത്രം നിവര്‍ത്തവേ ചരമപേജില്‍ നന്ദിതയുടെ ചരമവാര്‍ഷികം ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....അതുപോലെ മറ്റൊരു യാദൃശ്ചികതയായി സച്ചിനും മുന്നില്‍ നില്‍ക്കുന്നു.
ജാസി ഗിഫ്റ്റിനൊപ്പം ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് സച്ചിനെ തേടി മരണമെത്തിയത്. ബസ് കാത്തു നില്‍ക്കയായിരുന്ന സച്ചിന് ജാസിഗിഫ്റ്റിന്റെ മാനേജര്‍ സ്കോര്‍പിയോയില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു. സച്ചിനും കൂടെയുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ നിരയിലേക്കുയരാനുള്ള പ്രതിഭയുണ്ടായിരുന്നു സച്ചിന്. പിറക്കാനിരിക്കുന്ന ഒരുപാട് ഈണങ്ങളെ കൂടിയാണ് അന്ന് മരണമെടുത്തത്. സച്ചിനെ കുറിച്ചുള്ള അന്വേഷണത്തിനിടെ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ മുന്നിലിരുന്നു പാട്ടു പഠിച്ച ഒരു പാവം ശിഷ്യനെപറ്റി ഇളയച്ഛന്‍ പറഞ്ഞു. പല ഓര്‍ക്കസ്ട്രകളില്‍ പുല്ലാങ്കുഴലുമായി പെയ്തു തിമിര്‍ക്കുന്ന ശിഷ്യനെ അദ്ദേഹം കണ്ടു.
കുന്നംകുളത്തിനടുത്ത് പാര്‍ക്കാടി ക്ഷേത്രത്തിനായി ഭക്തി ഗാനമെഴുതാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് എഴൂതിയ
വാളും ചിലമ്പും ഇല്ലാതെ വന്നെന്റെ
ഉള്ളില്‍ പാര്‍ക്കുമോ ദേവി
പാര്‍ക്കാടി വാഴൂന്ന ദേവി
എന്ന പാട്ടിന് സച്ചിന്‍ കൈതാരമാണ് പുല്ലാങ്കുഴല്‍ വായിച്ചതെന്ന് അറിയുന്നത് അപ്പോഴാണ്. മധുബാലകൃഷ്ണനായിരുന്നു പാടിയത്. ഇളയച്ഛന്റെ സംഗീതം. അന്ന് അവര്‍ വളരെ കാലത്തിനിടയില്‍ കണ്ടുമുട്ടുകയായിരുന്നു. ഗുരുവിന്റെ പാട്ടിനു വായിക്കാനായി ശിഷ്യന്‍ എത്തുകയായിരുന്നു.

Saturday, June 4, 2011

സംഗീതം.. യുദ്ധം... കയ്യാങ്കളി


മാസങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ സംഗീത അധ്യാപകന്‍ എന്നോട് അരമണിക്കൂറിലധികം സംസാരിച്ചത് ഒരു ടൈറ്റിലിനെ കുറിച്ചായിരുന്നു. ഏറെ രോഷത്തോടെ ചിലപ്പോള്‍ വേദനയോടെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. സൂര്യ ടിവിയില്‍ വരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടിയായിരുന്നു വിഷയം. പരിപാടി അദ്ദേഹം കണ്ടിട്ടില്ല. പരിപാടിയുടെ വരവറിയിച്ചുകൊണ്ട് വന്ന പരസ്യങ്ങള്‍ തന്നെ അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഒരു വലിയ യുദ്ധം നടക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു പരസ്യങ്ങള്‍. ഗായകരിങ്ങനെ ഇപ്പോ യുദ്ധംചെയ്ത് രാജ്യം പിടിച്ചടക്കി എല്ലാത്തിനെയും തീര്‍ക്കുമെന്ന ഭാവത്തില്‍ നിരന്നു നില്‍ക്കുന്നു...ചുവട്ടില്‍ നമ്മുടെ ടൈറ്റില്‍ സംഗീത മഹായുദ്ധം...എത്ര വലിയ ഇന്നോവേറ്റീവ് ചിന്തയായാലും  തരക്കേടില്ല സംഗീതത്തെ യുദ്ധമാക്കുന്നത് ക്രിയേറ്റീവ് കാടത്തം തന്നെയാണ്. പൊതുവില്‍ കലോല്‍സവവേദിമുതല്‍ റിയാലിറ്റി സ്റ്റുഡിയോവരെ സംഗീതം കൊണ്ടുള്ള പടവെട്ടിന് സാക്ഷ്യം വഹിക്കുന്നുവെന്നത് നേര്..എന്നാലും അതിങ്ങനെ സ്ഥാപിക്കേണ്ട കാര്യമുണ്ടായിരുന്നോ... എന്ന് അദ്ദേഹം രോക്ഷപ്പെടുന്നു. ലോലമായി മനസിനെ കീഴടക്കുന്ന മൃദുല കലയെ അതിഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും പര്യായമായ യുദ്ധവുമായി ചേര്‍ത്തുവെച്ചത് ക്രിമിനല്‍ ചിന്തയാണെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. സംഗീതം ഒച്ചപ്പാടിന്റെ കോമരംതുള്ളലായി കഴിഞ്ഞ കാലത്ത് എന്തിനിങ്ങനെ ഒരു മനുഷ്യന്‍ ഒരു വാക്കിന്‍മേല്‍ തൂങ്ങി മനസുവേദനിപ്പിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നും.. സംഗീതം സിനിമാസംഗീതം മാത്രമായി അടയാളപ്പെട്ടുപോവുന്നതും സിനിമയുടെ കച്ചവടക്കോണുകളില്‍ ചേര്‍ക്കുവാനുള്ള ബഹളമായി മാറുന്നതും പൊരുത്തപ്പെട്ടുപോയ നമുക്ക് ഇനി എന്തായാലെന്ത്.പിന്നീട് അറിഞ്ഞു ഏതാണ്ടൊരു പടവെട്ടിന്റെ സ്വഭാവമായിരുന്നു ആ പരിപാടിക്കെന്ന്. ഗ്രൂപ്പുതിരിഞ്ഞ് ഗായകര്‍ നടത്തുന്ന അങ്കം.
എന്തായാലും വലിയ തരംഗമൊന്നും സൃഷ്ടിക്കാന്‍ നമ്മുടെ യുദ്ധത്തിനായില്ലെന്ന് റേറ്റിങ് സത്യങ്ങള്‍.. ഇങ്ങനെ സംഗീതം ഉപാസനയായവര്‍ ഒത്തിരി മനം നൊന്ത് ശപിച്ചു കാണണം..
സംഗീതാനന്തരം ചില യുദ്ധങ്ങള്‍ കലോല്‍സവവേദികളില്‍ കണ്ടിരുന്നു. ലളിതഗാനം, ഗ്രൂപ്പ് സോങ് തുടങ്ങിയവയുടെ ഫലം വരുമ്പോള്‍ അത് ജഡ്ജസിനു നേരെയോ രക്ഷിതാക്കള്‍ തമ്മിലോ ഒക്കെയുള്ള അങ്കംവെട്ടലുകള്‍ക്ക് തിരശീല ഉയര്‍ത്തിയിരുന്നു. ശാന്തരായി വേദിയില്‍ നിന്ന് സംഗീതകലയെ ഉപാസിച്ചു വിരുന്നൂട്ടിയ മല്‍സരാര്‍ഥികള്‍ അതിന്റെ ലാഞ്ചന പോലും മുഖത്തുതെളിക്കാതെ രൌദ്രഭാവം പൂണ്ട് വാദിക്കുന്നതും ജഡ്ജസിനെയും സംഘാടകരെയുമൊക്കെ ഗ്വാ ഗ്വാ വിളിക്കുന്നതും കണ്ടിരുന്നു... ഇത്തിരി കയ്യാങ്കളികൂടിയുണ്ടെങ്കിലേ ഈ സംഗീതം കൊണ്ട് കാര്യമുള്ളൂ എന്നാവാം ഇതൊക്കെ പറഞ്ഞുവെക്കുന്നത്.

Wednesday, June 1, 2011

സ്റ്റാര്‍ സിങ്ങര്‍ ഫാക്ടറിയില്‍ നിന്നൊരു ഗന്ധര്‍വ്വനിറങ്ങുമോ?

 
മലയാളിക്ക് അമൃത ചാനലിന്റെ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ പുതുമ തന്നെയായിരുന്നു. മേരി ആവാസ് സുനോ എന്ന ദൂരദര്‍ശന്‍പരിപാടിക്കു ശേഷം  മലയാളം ഇത്ര മേല്‍ സ്വീകരിച്ച മറ്റൊരു റിയാലിറ്റി ഷോ ഉണ്ടാകില്ല. പിന്നീടത് ഏഷ്യാനെറ്റ് ഹൈജാക്ക് ചെയ്ത് വന്‍ സംഭവമാക്കി കാശുണ്ടാക്കുകയും ചെയ്തു. മുന്‍പ് ദൂരദര്‍ശന്റെ ചില ഞായറാഴ്ച സംഗീത മല്‍സരങ്ങളായിരുന്നു ഈ ഗണത്തില്‍ നമുക്കു കാണാനുണ്ടായിരുന്നത്. പ്രൊഫഷനലിസം നന്നായി കലക്കിയെടുത്തതോടെ കണ്ണഞ്ചിക്കുന്ന സെറ്റില്‍ നമ്മുടെ ഗായകര്‍ നിരന്നു പാടുന്നത് കാണാനായി. 
അമൃതയുടെ ആദ്യ ഷോയുടെ വിജയികള്‍ക്ക് വലിയ താരസൌഭാഗ്യം തന്നെ ലഭിച്ചു. സംഗീതും നിധീഷുമൊക്കെ ഏറെ ജനപ്രിയരുമായി. പിന്നീട് അമൃതയുടെ രണ്ടാം ഘട്ട കൊയ്ത്ത് തുടങ്ങും മുന്‍പാണ് കളിയറിഞ്ഞ വിളവുമായി ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പുത്തന്‍ ഭാവത്തില്‍ കൊണ്ടുവന്നത്. മുന്‍പ് ജയചന്ദ്രനും ചിത്ര അയ്യരുമൊക്കെ വിധികര്‍ത്താക്കളായിരുന്ന് കൈവിട്ടുപോയ പരിപാടിയായിരുന്നു അത്. അനാവശ്യ രാഗകസര്‍ത്തുകളുമായി പാട്ടുകളെ ജനിതകമാറ്റം വരുത്താനുള്ള വിധികര്‍ത്താക്കളുടെ നിര്‍ദേശങ്ങളായിരുന്നു ആദ്യകാലത്തെ മുഖ്യ ബോറ്. പരാജയത്തില്‍ നിന്നും അയലത്തെ ചാനലില്‍ നിന്നും പാഠമുള്‍ക്കൊണ്ട രണ്ടാം വരവില്‍ ഏഷ്യാനെറ്റ് ശരിക്കു കൊയ്തു. റേറ്റിങില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പരിപാടിയായി മാറാന്‍ സ്റ്റാര്‍ സിംഗറിനായി. 

ഓരോസീസണിലും താരഗായകര്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നു. പരിപാടിയിലെ ഗസ്റ്റ് സീറ്റിലിരിക്കാന്‍ പുറത്ത് താരപ്രഭ മങ്ങി തിരിച്ചു വരവുകാത്തിരിക്കുന്ന സിനിമാക്കാരുടെ തള്ളാണ്. പലരും അങ്ങോട്ട് റിക്വസ്റ്റ് ചെയ്താണത്രേ ഹോട്ട് സീറ്റിലെത്തുന്നത്. ചില സംവിധായകര്‍ പാട്ടറുതിയില്‍ ഗായകനോട് സിനിമയില്‍ പാടിച്ച് യേശുദാസാക്കി കളയും എന്നൊക്കെ ഭീഷണിയുയര്‍ത്തുമെങ്കിലും നടന്ന് കാണാറില്ല.
പാടിപ്പതിഞ്ഞ സിനിമാഗാനങ്ങള്‍ വള്ളിപുള്ളിവിടാതെ പാടിപ്പിച്ച് ശീലിപ്പിച്ച പല സ്റ്റാര്‍ ഗായകര്‍ക്കും സ്റ്റുഡിയോയില്‍ ജനിക്കുന്ന പുതുപാട്ടുകള്‍ക്ക് ജീവന്‍ നല്‍കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. യേശുദാസും ജയചന്ദ്രനുമൊക്കെ ഭാവവും ചൈതന്യവും നല്‍കി അണിയിച്ചൊരുക്കുന്ന സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും സൃഷ്ടികള്‍ പലവുരു കേട്ട് ആവര്‍ത്തിക്കുവാന്‍ മാത്രമാണല്ലോ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഗായകര്‍ക്കു വിധി. അതില്‍ തന്നെ വല്ല സ്വരപഥവുമൊന്നിടറിയാല്‍ സംഗീത മജിസ്ട്രേറ്റുമാ
ര്‍ കണ്ണുതുറിക്കുകയും കമന്റു പറയുകയും ചെയ്യും. സിനിമാപ്പാട്ടു പാടുമ്പോള്‍ വള്ളി പുള്ളിവിടാതെ ഒറിജിനലിനെ മിമിക് ചെയ്യണമെന്നാണ് പൊതുവില്‍ പ്രേക്ഷകനു ബോധ്യമാവുന്നത്. 
കോഴിക്കോട്ട് കടപ്പുറത്ത് ഗാനമേളക്കിടെ മാനേ....മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ എന്ന പാട്ട് ഇംപ്രവൈസേഷനോടെ പാടിയപ്പോള്‍ പാട്ട് കുളമാക്കിയെന്ന് പറഞ്ഞ് ഗാനഗന്ധര്‍വ്വനെ കൂക്കിയവരും  സ്ററാര്‍ ജഡ്ജിമാരും തമ്മിലെന്ത് വെത്യാസമെന്നും ചില പ്രേക്ഷ:കര്‍ ശങ്കിച്ചു പോവുന്നുമുണ്ട്. ഇതേ മജിസ്ട്രേറ്റുമാര്‍ തന്നെ അടുത്ത നിമിഷം ഇംപ്രവൈസേഷനെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും.അതു വേറെ തമാശ. അങ്ങനെ ഒറിജിനലിനെ മിമിക് ചെയ്ത് ശീലിച്ച നമ്മുടെ താരഗായകര്‍ പിന്നെ സ്റ്റുഡിയോയില്‍ പുതിയ പാട്ടിലെന്തു ചെയ്യാനാണ്. കോട്ടയം നസീര്‍ ചില സിനിമകളില്‍ വേഷം ചെയ്തതുപോലെ ഭീകര പരാജയമാവും ഫലം. സംഗീത സംവിധായകന്റെയും രചയിതാവിന്റെയും നല്ലൊരു സൃഷ്ടി ചിലപ്പോള്‍ വേസ്റ്റാവുകയും ചെയ്യും. 
പിന്നെ ഈ ഗായകരുടെ ഏക ആശ്രയം സ്റ്റേജ് ഷോകളാവുന്നു. അതിന് കേരളത്തിലും ഗള്‍ഫിലും യാതൊരു പഞ്ഞവുമില്ല.  കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന വിധം കളം നിറഞ്ഞ് പണം വാങ്ങി പാടുക. മിക്കപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ഗായകര്‍ ഷോ കഴിഞ്ഞാല്‍ പിന്നെ ഈ തിരക്കിലാവും. മുന്‍പ് വിനയാന്വിതരായി ഗാനമേള വേദിക്കു പിന്നില്‍ ഒരു പാട്ടിനു കെഞ്ചിയവര്‍ പാട്ടൊന്നിന് പതിനായിരം എന്ന് കണ്ണടച്ച് പറയുന്ന കാഴ്ചയും കാണാവുന്നതാണ്. പറഞ്ഞുവരുന്നത് ഇവരൊന്നും കഴിവില്ലാത്തവരും കൊള്ളാത്തവരുമെന്നല്ല.  ഇവരുടെ കഴിവുകള്‍ ചില പ്രത്യേക കാലത്തിലോ കാര്യത്തിലോ ഒതുങ്ങി പോവുന്നു എന്നാണ്. അങ്ങനെ വര്‍ഷമൊന്നു കഴിഞ്ഞ് പുതിയ സീസണ്‍ പ്രൊഡക്റ്റുകള്‍ ഇറങ്ങുന്നതിനു മുന്‍പ് കഴിയുന്നത്ര പണമുണ്ടാക്കുക എന്ന യജ്ഞത്തില്‍ മാത്രം പല താരഗായകരും ഒതുങ്ങി പോവുന്നു.ചുരുക്കി പറഞ്ഞാല്‍ കുറേ പണം കണക്കു പറഞ്ഞു വാങ്ങുന്ന ഗാന പ്രകടനക്കാരെയല്ലാതെ ഗാനഗന്ധര്‍വ്വന്‍മാരെയൊന്നും റിയാലിറ്റി ഷോകള്‍ സമ്മാനിക്കാന്‍ പോവുന്നില്ല.  അവര്‍ വേറെ വഴിയില്‍ പിറക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും പറയുന്നത് പാട്ടാവുന്ന ഈ ഡിജിറ്റല്‍ കാലത്ത് എന്തിനൊരു ഗാനഗന്ധര്‍വ്വന്‍ എന്നുമായിരിക്കും.

നിധീഷ് നടേരി

Wednesday, March 23, 2011

തകര്‍ന്ന കുംഭഗോപുരങ്ങള്‍; മാനവികതയുടെ പാട്ടുകള്‍

കൂടപ്പിറപ്പിന്റെ കാവലാളാകുവാന്‍
കൂടേവരൂ നിങ്ങള്‍ കൂടേ വരൂ
അന്യമതസ്ഥനാം നിന്നയല്‍ക്കാരനും
നിന്റെ കൂടപ്പിറപ്പല്ലേ
ഇന്ത്യയില്‍ വന്നു പിറന്നവരേവരും
സ്വന്തം സഹോദരരല്ലേ
നമ്മുടെ സ്വന്തം സഹോദരരല്ലേ
സ്വന്തം സഹോദരരല്ലേ

ബാബറിമസ്ജിദ് തകര്‍ച്ച നമ്മൂടെ കൊട്ടിഘോഷിക്കപ്പെട്ട മതേതരബോധത്തിനു നേരെ പല്ലിളിച്ചു കാട്ടിയ കാലം. മാനവികതയില്‍ വിശ്വസിക്കുന്നവരുടെയെല്ലാം ശിരസുകള്‍ കുറ്റബോധത്താല്‍ കുനിഞ്ഞു പോയ കാലം. 1992 ഡിസംബര്‍ ആറ് ചിലര്‍ക്ക് ചരിത്രത്തിലെ കുംഭഗോപുരങ്ങള്‍ കീഴ്പ്പെടുത്തിയ ഇടുക്കത്തില്‍ ഉളുപ്പില്ലായ്മയുടെ ആഹ്ലാദം സമ്മാനിച്ചപ്പോള്‍,  സങ്കുചിതത്വത്തിന്റെ ഇരുണ്ട ഇടവഴികളില്‍ പെട്ടുപോകാത്ത പച്ചമനുഷ്യര്‍ക്ക് വേവലാതിയുടെ ആധിയുടെ ദിനങ്ങളായിരുന്നു നല്‍കിയത്. അണഞ്ഞു തുടങ്ങിയെന്നു തോന്നുന്ന മാനവിക ബോധത്തിന്റെ കൈത്തിരി തെളിച്ചു നിര്‍ത്താന്‍ ഇന്ത്യയാകെ സടകുടഞ്ഞെഴൂന്നേറ്റു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആ വര്‍ഷത്തെ യൂണിയന്‍ മതസാഹോദര്യഗീതങ്ങളുടെ കാസറ്റിറക്കിയാണ് ഇതില്‍ കൂട്ടുചേര്‍ന്നത്. അമൃതനിര്‍ഝരി എന്നായിരുന്നു പേര്.
ഒ.എന്‍.വി എഴുതിയ ഈ ഗാനമടക്കമുള്ള സംഘഗാനങ്ങള്‍ അന്ന് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളില്‍ നിന്നുള്ള ഗായികാഗായകര്‍ ചേര്‍ന്ന് പാടി.  അന്ന് പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ സംഗീത അധ്യാപകനായ പ്രൊഫ.കാവുംവട്ടം വാസുദേവനാണ്  ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ ഗാനങ്ങളായിരുന്നു കസറ്റിലുണ്ടായിരുന്നത്. സ്കൂള്‍ കോളജ് കലോല്‍സവ വേദികളില്‍ ഇപ്പോഴും ഈ പാട്ടുകളില്‍ ചിലത് കേള്‍ക്കാറുണ്ട്.  പാട്ടുകളുടെ മുറിക്കഷണങ്ങള്‍ അവിടിവിടെയായി കുട്ടി ചേര്‍ത്ത അവിയലുകളായാണ് മിക്കപ്പോഴൂം ഇവ ചെവിയിലെത്താറ്.
ഇന്ത്യയുടെ സത്തയെക്കുറിച്ച് എക്കാലവും  പ്രസക്തമായ പലതും പങ്കുവെക്കുന്നുണ്ട് ഈ പാട്ടുകള്‍. പിന്നണിഗായകനായ നിഷാദ്, പട്ടുറുമാലിലൂടെ ശ്രദ്ധേയനായ അജയന്‍, അങ്ങനെ പിന്നീട് ശ്രദ്ധേയരായ പലരും  ഗായകസംഘത്തിലുണ്ടായിരുന്നു.

ഉണരുവിന്‍ സോദരാ
ഇനി നാമുറങ്ങുകില്‍
ഇരുളിന്റെ വേതാളമലറിയെത്തും
അരുമയായി നാം കാത്ത
നാടിതിന്‍ നന്‍മകള്‍
അഖിലവും തലയറ്റീ മണ്ണില്‍ വീഴും

എന്ന ഗാനം മന്ത്രി ബിനോയ് വിശ്വത്തിന്റേതായിരുന്നു. ഒരു ഉണര്‍ത്തുപാട്ടിന്റെ സകല ഊര്‍ജവുമുള്ള ഈ പാട്ട് അക്കാലത്ത് സി.പി.എം സമ്മേളന വേദികളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
ഈയങ്കോട് ശ്രീധരന്‍ രചിച്ച ഈ ഗാനം ഇന്ത്യയുടെ മതേതര പൈതൃകത്തെകുറിച്ച് സംവദിക്കുന്നു.

ആയിരം മല കടന്ന്
ആയിരം പുഴ കടന്ന്
ഓരോരോ കോണില്‍ നിന്നു വന്നവര്‍ നമ്മള്‍
ഭാരതീയര്‍ നമ്മള്‍ ഭാരതീയര്‍

ആടുമാടുമായി വന്നൊരായിരികള്‍ നമ്മള്‍
കാടുവെട്ടി തേര്‍ തെളിച്ച യാദവര്‍ നമ്മള്‍
സിന്ധു നദീ തീരത്ത് കുടിപ്പാര്‍ത്തൊരു കാലത്ത്
സൈന്ധവരായി പിന്നെ ഹൈന്ദവരായി
അന്നുമതം പിറന്നില്ല
ദൈവം പോലുമുയര്‍ന്നില്ല
ഒത്തു ചേര്‍ന്നു ജാതിഭേദ ചിന്തയില്ലാതെ

മലമേടുകള്‍ അലയാഴികള്‍
മറികടന്നു വീണ്ടുമെത്തി
യവനന്‍മാര്‍,ഹൂണന്‍മാര്‍,മുഗളന്‍മാരും
പോരടിച്ചു പരസ്പരം
പിന്നെ വീണ്ടുമൊത്തുചേര്‍ന്നു
നൂറു നൂറു ചിന്തകള്‍ തന്‍ സംഗമമായി
ഇന്ത്യ സംഗമ ഭൂമി

ബുദ്ധ ജൈന ചിന്തകള്‍
ക്രിസ്ത്യനിസ്ലാം ദര്‍ശനങ്ങള്‍
ശുദ്ധമായ വേദാന്തവും
പുത്തന്‍ ശാസ്ത്ര ബോധവും
ഒത്തു ചേര്‍ന്നു ഒഴൂകി വന്നു നാടുനീളെ
പൂത്തുലഞ്ഞു സംസ്കൃതിതന്‍പുഷ്പമേള

ഒരേ ശ്രുതിയില്‍ ഒരേ ഈണത്തില്‍ ഒരുപറ്റം ഗായികാഗായകരുടെ ശബ്ദത്തില്‍ ഈ ഗാനം ഒഴൂകി വന്നപ്പോള്‍ ഒരുമയുടെ സൌന്ദര്യമുണ്ടായിരുന്നു.
കാക്കപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
കന്നിപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
എന്ന പി.കെ ഗോപിയുടെ രചന തുടക്കത്തില്‍ നാടന്‍പാട്ടിന്റെ ചേലു ചാര്‍ത്തുകയും പിന്നീട്് മൃദുപദങ്ങള്‍ കൊരുത്ത് ഗഹനമായ ചോദ്യങ്ങളിലെത്തുകയും ചെയ്യുന്നു
ഗംഗാനദിയുടെ കളകളമല്ലേ
പമ്പാനദിയുടെ സംഗീതം

നിളയും സരയുവുമൊരുപോല്‍ പാടി
ജനകോടികളുടെ സ്വരരാഗം
കാശ്മീരപ്പൂ തൊട്ടുതലോടിയ കാറ്റേ കണ്ടോ നീ
മലയാളപ്പൂ കണികണ്ടുണരും കാറ്റേ കണ്ടോ നീ
രക്തം ചിന്തിയ വഴികളിലെങ്ങാന്‍
സത്യത്തിന്റെ മുഖം
ദൈവത്തിന്റെ മുഖം
മാനവധര്‍മ്മത്തിന്റെ മുഖം

ഈ ഭാഗത്ത് അന്ന് ഓര്‍ക്കസ്ട്രയില്‍ ഓടക്കുഴല്‍ വായിച്ചിരുന്ന ശ്രീരാമിന്റെ(ഇന്നത്തെ സംഗീതസംവിധായകന്‍) മനോഹരമായ ബിറ്റുണ്ട്.
ഹരിത മലയാള തേജസ്വിനീ നിന്റെ
ഹൃദയദേവാലയ നടയില്‍
എന്ന പി.കെ.ഗോപി രചനയും മികച്ചുനില്‍ക്കുന്നു.
രക്തബാഷ്പം കാവ്യ തീര്‍ഥമായി മാറ്റിയ
സംസ്കാരഭൂമിയാണിന്ത്യ
അക്ഷയവേദേദിഹാസങ്ങളില്‍ നിന്ന്
ശക്തിയാര്‍ജിച്ചതാണിന്ത്യ
നാനാമതജ്ഞാന സാരപുഷ്പങ്ങളെ
വാരിപ്പുണര്‍ന്നതാണിന്ത്യ
കണ്ണീര്‍ കിനാക്കളും
ചോരയും തൂവേര്‍പ്പും
ഒന്നിച്ചുയിര്‍ത്തതാണിന്ത്യ
എന്ന ഭാഗം മനോഹരമാണ്.

കുറഞ്ഞ ദിവസങ്ങള്‍ ,നിരവധി പുതുഗായകര്‍, പല ഗാനങ്ങളും ഈണം നല്‍കിക്കൊണ്ടു തന്നെ പഠിപ്പിക്കുകയായിരുന്നു. മുഴുവന്‍ ഗാനങ്ങളും റിഹേഴ്സലിനു ശേഷം ലൈവായി റിക്കോര്‍ഡ് ചെയ്തു. കേസറ്റ് കേരളത്തിലങ്ങോളമുള്ള കലാലയങ്ങളില്‍ സൌജന്യമായി വിതരണം ചെയ്തു.

Saturday, March 19, 2011

അഴകിയ രാവണന്‍ മുതല്‍ അതിരുകടന്നെത്തിയ ഈണമഴ


തനനന താന താന തനന 'മള'
തനനാനന താനന താനന തനന 'മള'

മലയാളത്തിനു കമല്‍ പരിചയപ്പെടുത്തുന്ന  സംഗീത സംവിധായകന്‍ തമിഴ് വഴക്കത്തില്‍ ഈണം മൂളുകയാണ് കൈതപ്രത്തിനു മുന്നില്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി പടങ്ങള്‍ ചെയ്െതങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല അന്ന് വിദ്യാസാഗര്‍ എന്ന സംഗീതകാരന്. കമലിന്റെ ക്ഷണം അഴകിയ രാവണന്‍ എന്ന ചിത്രത്തിലേക്കായിരുന്നു. മലയാളത്തിന്റെ ഗാനസ്വഭാവവും ശീലങ്ങളുമറിയാന്‍ അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളവും അഷ്ടമുടിക്കായലും അങ്ങനെ ഗാനങ്ങളൊരുപാട് കേട്ട് ഒരുങ്ങിയാണ് വിദ്യാസാഗര്‍ കമ്പോസിങ്ങിനിരിക്കുന്നത്. ചിത്രത്തിലെ മഴപ്പാട്ടിനു വേണ്ടിയാണ് വിദ്യാസാഗര്‍ അറ്റത്ത് 'മള' ചേര്‍ത്ത് കൈതപ്രത്തിന് ഈണമെറിഞ്ഞു കൊടുത്തത്. മഴ നിറയുന്നൊരു പാട്ട് അങ്ങിനെ പിറന്നു
പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണമഴ
തോരാത്ത മോഹമീ മഴ
ഗന്ധര്‍വഗാനമീ മഴ
ആദ്യാനുരാഗ രാമഴ
മഴയില്‍ പിടിച്ചു തന്നെ വരികള്‍ പിറന്നു. മലയാളത്തിനിണങ്ങിയ ഈണങ്ങളുടെ ഒഴുക്കായിരുന്നു പിന്നെ. ഏറെ വേഗത്തില്‍ മലയാളിയുടെ മനസറിഞ്ഞു പാട്ടൊരുക്കാനുള്ള കൈവഴക്കം നേടി ഈ തമിഴ്മകന്‍. 

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയാല്‍ മെല്ലെ
കോരിയെടുക്കാന്‍ വാ

നാട്ടുചേലുകളുടെ മുഴുവന്‍ സത്തയുമുണ്ടായിരുന്നു അഴകിയ രാവണനിലെ ഈ ഗാനത്തിന്. അഴകിയ രാവണന്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെങ്കിലും പാട്ടുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞു, വിദ്യാസാഗര്‍ എന്ന സംഗീതകാരനും.
പിന്നെ നിരവധി ഈണങ്ങള്‍ വിദ്യാസാഗര്‍ നമുക്ക് ഗൃഹാതുരതകളില്‍ ചേര്‍ത്തുവെക്കാനും, പ്രണയത്തിന്റെ വീണമീട്ടാനും, സങ്കടങ്ങളെ തൊട്ടുണര്‍ത്താനുമായി തന്നു കൊണ്ടിരുന്നു.

ആരോ വിരല്‍ മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

വിദ്യാസാഗറിന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് പ്രണയവര്‍ണങ്ങളിലെ ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള മാജിക് കോമ്പിനേഷനുകളിലൊന്ന്. ചിത്രത്തിലെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ എന്ന ഗാനവും സുഖകരമായ അനുഭൂതിയാണ്. സ്റേറജില്‍ മഞ്ജുവാര്യര്‍ പാടുന്നതായി ചിത്രീകരിക്കേണ്ടിയിരുന്ന ഈ പാട്ട്. ലൈവ് പാട്ടിന്റെ ഫീല്‍ നിലനിര്‍ത്താന്‍ സുജാതയെക്കൊണ്ട് ഒറ്റ ടേക്കില്‍ പാടിക്കുകയായിരുന്നു. പാട്ട് ശ്രദ്ധിച്ചാലറിയാം നെടുവീര്‍പ്പുകള്‍ പോലും ഓര്‍ക്കസ്ട്രേഷനില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നുവെന്ന്.

അസറിന്റെ തട്ടമിട്ട്
വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തീ
കൂന്താലീ പുഴയൊരു വമ്പത്തീ

മലബാറിലെ മാപ്പിളപ്പാട്ടിന്റെ അഴകു തുന്നിച്ചേര്‍ത്ത കോമ്പോസിഷന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഈ ഗാനം വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ഉദയം കൂടിയായിരുന്നു. വേറിട്ട ശബ്ദങ്ങള്‍ കണ്ടെത്തുവാനും കൊണ്ടുവരുവാനും വിദ്യാസാഗര്‍ ശ്രമിക്കുന്നുണ്ട്. ഒരു ചിത്രത്തില്‍ തന്നെ പല ഗായികാഗായകന്‍മാര്‍ക്ക് അവസരം ലഭിക്കുന്ന പ്രവണതയുടെ തുടക്കം മലയാളത്തില്‍ വിദ്യാസാഗറില്‍ നിന്നു തന്നെയാണ്.

കരിമിഴി കുരുവിയെ  കണ്ടീല
ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നോടൊന്നും മിണ്ടീല

പ്രതാപ് എന്ന പുതുശബ്ദത്തിലാണ് മീശമാധവനിലെ ഈ ഗാനം നാം കേട്ടത്. വാളെടുത്താല്‍ അങ്കക്കലി എന്ന പോര്‍വിളിപ്പാട്ടില്‍ വിധുപ്രതാപിനെയും നന്നായി ഉപയോഗിച്ചു. എന്റെ എല്ലാമെല്ലാമല്ലേ എന്ന യേശുദാസ് ഗാനത്തിന് നാട്ടു പ്രേമത്തിന്റെ സുഖമുണ്ടായിരുന്നു.
കമല്‍,ലാല്‍ജോസ്, രഞ്ജിത്, സിബി മലയില്‍ എന്നിവര്‍ക്കൊപ്പം വിദ്യാസാഗര്‍ ചേരുമ്പൊഴൊക്കെ മലയാളത്തിന് എന്നും മൂളിനടക്കാനുള്ള മികച്ച ഗാനങ്ങള്‍ പിറന്നു.

എന്തേ നീയും വന്നീല
എന്നോടൊന്നും ചൊല്ലീല
അനുരാഗം മീട്ടും ഗന്ധര്‍വന്‍
നീ സ്വപ്നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍

കമലിന്റെ ഗ്രാമഫോണില്‍ ജയചന്ദ്രന്‍ പാടിയ  ഈ ഖവാലി എത്ര തവണകേട്ടാലും മതിവരില്ല.
നിറത്തിലെ യാത്രയായി സൂര്യാങ്കുരം, മിഴിയറിയാതെ വന്നു നീ എന്നിവയും സുഖമുള്ള ഈണങ്ങള്‍.

പിന്നെയും പിന്നെയും
ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം

ഈണവും കടന്ന് ഗിരീഷിന്റെ ഭാവന ഒഴൂകിയപ്പോള്‍ വരികള്‍ക്കൊത്ത് ഈണം ചേര്‍ക്കുകയെന്ന പഴയരീതിയിലേക്ക് വിദ്യസാഗറിനെ തിരിച്ചുവിളിച്ച ഗാനം. പ്രണയം പദങ്ങളിലും ഈണത്തിലും കുറുകിനില്‍ക്കുന്ന ഗാനം. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ ഗാനങ്ങളോരൊന്നിലും വിദ്യാസാഗറിന്റെ പ്രതിഭാ സ്പര്‍ശത്തിന്റെ തിളക്കമുണ്ടായിരുന്നു.
കാത്തിരിപ്പൂ കണ്‍മണീ,മഞ്ഞുമാസപ്പക്ഷീ, പ്രണയകാലങ്ങളുടെ സുഖം ഇവയിലെല്ലാം തുളുമ്പുന്നുണ്ട്.
സിബിമലയിലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേമിലെ വിദ്യാസാഗര്‍ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയെ പറന്നെന്‍ അരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പിന്നണിയിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സുഖ ലയവിന്യാസം ഈ ഗാനത്തിന്റെ അഴകുകൂട്ടുന്നു. ഇതേ ഈണം തമിഴില്‍ പിന്നീട് വിദ്യാസാഗര്‍ ഉപയോഗിച്ചു. രഞ്ജിതിന്റെ ചന്ദ്രോല്‍സവത്തിലെ മുറ്റത്തെത്തും തെന്നലേ, ആരാരുംകാണാതെന്‍ ആരോമല്‍ തൈമുല്ല എന്നീ ഗാനങ്ങള്‍ പടത്തിന്റെ നൊസ്റ്റാള്‍ജിക് മൂഡിനു ചേര്‍ന്നവയായിരുന്നു.
ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലും വിദ്യാസാഗര്‍ ഈണംകൊണ്ട് സമൃദ്ധമായിരുന്നു.

അമ്പാടിപ്പയ്യുകള്‍ മേയും കാണാതീരത്ത്
അനുരാഗം മൂളും തത്തമ്മേ

ലാളിത്യമുള്ള ഈണമായിരുന്നു. ബമ്പാട്ട് ഹുഡുഗീ എന്ന തട്ടു പൊളിപ്പന്‍ ഗാനത്തിനും മെലഡിയുടെ അകമ്പടിയുണ്ടായിരുന്നു. മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന എന്ന രണ്ടാംഭാവത്തിലെ ഗാനം വരികള്‍ പോലെ മറന്ന മൌനാനുരാഗത്തെ തിരികെ വിളിക്കുന്നുണ്ട്. ലാല്‍ജോസുമൊത്ത് ഒടുവില്‍ ചേര്‍ന്ന നീലത്താമരയിലും അനുരാഗവിലോചനനായി എന്ന പുതുമയുള്ള ഗാനാനുഭവം നല്‍കാന്‍  കഴിഞ്ഞു. എളുപ്പം നമ്മുടെ മനസിന്റെ മുറ്റം കടന്ന് പിരിയാതെ കുടിയിരിക്കുന്ന ഗാനങ്ങളാണ് വിദ്യ ചെയ്തതിലേറെയും. മലയാളശീലങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ പുതിയ കാലത്തിന്റെ തേരിലേറുകയും ചെയ്യുന്ന ഗാനങ്ങള്‍. ഇനിയുമേറെ മലയാളത്തിനോകാന്‍ വിദ്യയുടെ മനസില്‍ ഈണങ്ങള്‍ ബാക്കിയുണ്ട്. മലയാളം വല്ലപ്പോഴും മാത്രമേ ഇപ്പോള്‍ ഈ ഗാനസൃഷ്ടാവിന്റെ സാനിധ്യമറിയിയുന്നുള്ളൂ. 
നിധീഷ് നടേരി

Sunday, March 13, 2011

പൂങ്കാറ്റിലെ ഗമപാ ഗമപാ എന്റെ ഖല്‍ബിലെ ഹല്‍വ



റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഈണങ്ങള്‍ ഷിബു ചക്രവര്‍ത്തി ഏറ്റുവാങ്ങിയത്. 
ശ്യാമ എന്ന ചിത്രത്തിലെ ഗാനങ്ങളായ് മാറിയ രഘുകുമാറിന്റെ ഈണങ്ങള്‍. 
കാസറ്റും വാക്ക്മാനും ആരോ റെയില്‍ വേസ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 
റെക്കോര്‍ഡിങ് ചെന്നെയില്‍.

പിറ്റേന്നു രാവിലെ ചെന്നെയില്‍ ട്രെയിനിറങ്ങുമ്പോഴേക്ക് ശ്യാമയിലെ ഈണങ്ങള്‍ക്കു മുഴൂവന്‍ വരികള്‍ പിറന്നിരിക്കണം എന്നാണ് കണ്ടീഷന്‍. യാത്ര തുടങ്ങി വാക്ക്മാനില്‍ കേട്ട ഈണങ്ങളുടെ ചട്ടക്കൂട്ടിലേക്ക് ഷിബു ചക്രവര്‍ത്തിയുടെ ഭാവന ചേര്‍ന്നു തുടങ്ങി. ശ്യാമയില്‍ നമ്മള്‍ കേട്ട ചെമ്പരത്തി പൂവേചൊല്ലൂവും മറ്റു ഗാനങ്ങളും പതിയെ ജന്‍മം കൊണ്ടു. ഒരു പാട്ടിന്റെ  ഈണത്തുമ്പത്തെവിടെയോ പറ്റിയ വാക്കുകള്‍ കിട്ടാതെ ഷിബു ചക്രവര്‍ത്തി കുഴങ്ങി. പൂങ്കാറ്റേ പോയി ചൊല്ലാമോ എന്നു തുടങ്ങുന്ന പല്ലവി ക്ലീന്‍. പക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും (ഗാനത്തിന്റെഅടുത്ത രണ്ട് സ്റ്റാന്‍സകള്‍) ഒടുക്കത്തിലെ ബിറ്റിനാണ്  തുന്നി ചേര്‍ക്കാന്‍ അതുവരെ എഴൂതിയതിനു പൊരുത്തമുള്ളൊരു വാക്കു കിട്ടാത്തത്. ആലോചിക്കാന്‍ കൂടുതല്‍ സമയമില്ല. ട്രെയിന്‍ ചെന്നൈയിലെത്തി രാവിലെത്തന്നെയാണ് റെക്കോര്‍ഡിങ്. എല്ലാവരും വരി കാത്ത് നില്‍ക്കയാണ്. ഒന്നും തലയിലുദിക്കാതായപ്പോള്‍ ആ ഈണത്തിന്റെ സ്വരങ്ങള്‍ തന്നെ തല്‍ക്കാലം എഴൂതി ചേര്‍ത്തു. എപ്പോഴെങ്കിലും വല്ലതും തടഞ്ഞാല്‍ ചേര്‍ക്കാമെന്ന ധാരണയില്‍.
\'ഗമപ ഗമപ\'
പിന്നീടൊന്നുമുണ്ടായില്ല. പാട്ട് ഉണ്ണിമേനോന്റെ സ്വരത്തില്‍ ടേപ്പില്‍ ചരിത്രത്തിലേക്കു കയറി. ഗമപ ഗമപ എന്ന എന്‍ഡിങ്ങ് ഗാനത്തിന് കൂടുതല്‍ ഭംഗികുട്ടുകയും ചെയ്തു. അങ്ങനെ പിറക്കാതെ പോയവാക്കുകളുമായി ആ ഗമപാ ഗമപാ ഇന്നും നമ്മള്‍ ആസ്വദിക്കുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷിബു രസകരമായ ഈ ഓര്‍മ പങ്കു വെച്ചത്. ഓരോഗാനത്തിന്റെയും വരികള്‍ക്കിടയിലൂം ഈണവഴികളിലും ഇങ്ങനെ എത്ര രസകരമായ കഥകള്‍ പതിയിരിക്കുന്നുണ്ട്.

എന്റെ ഖല്‍ബിലെ ഹല്‍വയാണ് നീ നല്ല പാട്ടുകാരി എന്ന് ഇപ്പോള്‍ കേള്‍ക്കും അല്‍പ്പം അരോചകമായി തോന്നും. പക്ഷേ ശരത് വയലാര്‍ ആദ്യം എഴൂതിയ ഈ വരിയില്‍ അഴിച്ചു പണി നടത്തിയിരുന്നില്ലെങ്കില്‍ ക്ലാസ്മേറ്റിലെ ഈ ജനപ്രിയ ഗാനത്തില്‍ ഹല്‍വയും കയറിപ്പറ്റുമായിരുന്നു.
കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല
എന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ നേരം. കൈതപ്രത്തിന്റെ വരികള്‍,എം ജയചന്ദ്രന്റെ ഈണം. പാട്ടു പാടിയ ചിത്ര നാട്ടിലേക്ക് തിരിച്ചുപോയിരിക്കുന്നു. പാട്ടു കേട്ട സംവിധായകന്‍ കമലിന് ഗാനത്തിന്റെ ഒരു ഭാഗത്ത് അല്‍പ്പം മാറ്റം വേണമെന്ന് തോന്നി.
വരിയിങ്ങനെ
പട്ടുറുമാലു വേണ്ട
അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം
മതിയെനിക്ക്
നായിക ഏറെ സ്്നേഹ വിലോലയായി പാടുകയാണ്. അപ്പോള്‍ മതിയെനിക്ക് എന്ന പ്രയോഗത്തെക്കാള്‍ മതിയിവള്‍ക്ക് എന്നാണ് നല്ലതെന്നാണ് ചിന്ത. അതാവുമ്പോള്‍ വിനയത്തിന്റെ സുഖമുള്ളൊരു ധ്വനിയുമുണ്ടാവും.
ചിത്ര ദൂരങ്ങള്‍ താണ്ടി തിരികെയെത്തുന്നു. കോഴിക്കോട്ടെ സ്റ്റുഡിയോയില്‍ വന്ന് പാടി പോവുന്നു. പാടി എന്നു പറയാനാവില്ല. ചിത്ര പാടിയത് ഇത്ര മാത്രം....\'മതിയിവള്‍ക്ക്\'
മതിയെനിക്കിനു മേലേ മതിയിവള്‍ക്ക് ഓവര്‍ലാപ് ചെയ്തതോടെ സംഗതി ക്ലീന്‍. പണ്ടായിരുന്നെങ്കിലോ മുഴൂവന്‍ ഓര്‍ക്കസ്ട്രയുമൊത്ത് ചിത്ര ആദ്യമധ്യാന്തം ഇരുന്ന് പാടേണ്ടി വന്നേനെ. അല്ലെങ്കില്‍ അത്തരമൊരു വരിമിനുക്കല്‍ വേണ്ടെന്നു വച്ചേനെ.
മലയാളമറിയാത്ത ഏതോ തമിഴ് സൌണ്ട് എന്‍ജിനീയര്‍ക്ക് പാട്ട് മിക്സ് ചെയ്തപ്പോള്‍ പറ്റിയ അബദ്ധം ഇന്നും ബാബുരാജിന്റെമനോഹരമായ ഈണത്തില്‍ ഗന്ധര്‍വ്വ ശബ്ദത്തില്‍ നാം കേള്‍ക്കാറില്ലേ.
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
ഒരുഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
അന്ന് സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിരുന്നെങ്കില്‍ മനോഹരമായ ഈ ഗാനത്തിലെ ഈ അരോചകത്വം ഒഴിവാകുമായിരുന്നു. 
നിധീഷ് നടേരി

Monday, March 7, 2011

കളിവീടുറങ്ങിയല്ലോ...

കളിവീടുറങ്ങിയല്ലോ...


ഓര്‍മയുടെ അങ്ങേ അറ്റത്ത് ഇപ്പൊഴും ആ പാട്ടുണ്ട്.

സ്നേഹവും ത്യാഗവും ഒന്നിച്ചു ചേരുന്ന കാരുണ്യപാല്‍ക്കടലാണമ്മ
 പാരിതിലെങ്ങും പ്രകാശം പരത്തുന്ന
വാല്‍സല്യ പ്പൊന്‍വിളക്കമ്മ
കാലിട്ടടിച്ചു കരഞ്ഞനാള്‍ തൊട്ടു നാം
കാണുന്ന ദൈവമിതമ്മ
ഈ ലോകമെന്തെന്നറിയാത്ത കാലത്തെ
താങ്ങും തണലുമാണമ്മ

എഴുതിയതാരെന്ന്  അറിയില്ല. കോഴിക്കോട് ആകാശവാണിയിലുണ്ടായിരുന്ന കുഞ്ഞിരാമന്‍ ഭാഗവതരാണ് സംഗീതമെന്ന് പിന്നീട് പറഞ്ഞു കേട്ടു. ആഭേരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അച്ഛന്റെ സ്വരത്തില്‍ ഓര്‍മയിലത് ഇടക്കിടെ വന്നു പോവും. ആദ്യകേള്‍വി വീടിന്റെ പൂമുഖത്ത് നിലത്തിരുന്നാണ് . ഇരുപതു വര്‍ഷം മുന്‍പ്. അച്ഛമ്മയും അമ്മയും അനിയനും തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാന്‍ കിട്ടുന്ന അച്ഛനും ഇരിക്കയാണ്. കേമലിന്റെ പുതിയ കളര്‍ബോക്സ് കിട്ടിയ ദിവസം.എന്തിനോ കുറുമ്പുകൂടി അമ്മയെ കുറ്റം പറഞ്ഞ ഏഴുവയസുകാരനുള്ള അച്ഛന്റെ മറുപടിയായിരുന്നു ആ പാട്ട്. പൂര്‍ത്തിയാവും മുന്‍പ് അവന്‍ കരഞ്ഞു. ആ കരച്ചില്‍ ഇന്നും തുളുമ്പും ആ പാട്ട് ഓര്‍ത്തെടുക്കുമ്പോള്‍.

തെറ്റെത്ര ചെയ്താലും കുറ്റം പറഞ്ഞാലും
ഒക്കെ പൊറുക്കുന്നിതമ്മ
മക്കള്‍ക്കൊരിത്തിരി കണ്ണു നനഞ്ഞാലോ
പൊട്ടിക്കരയുന്നിതമ്മ

 അച്ഛനെയും കൂടപ്പിറപ്പുകളെയും പാട്ടുപഠിപ്പിക്കാന്‍ വന്നിരുന്ന ഭാഗവതര്‍ പഠിപ്പിച്ചത്. അച്ഛനും അച്ഛമ്മയും ഓര്‍മയായി. ഈയിടെ ഈ വരികള്‍ മൂളിക്കേള്‍ക്കണമെന്ന കൊതിയില്‍ മേമയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തുടക്കത്തിലേ കരച്ചിലില്‍ ഇടറി നിന്നു. സംഗീതവും സാഹിത്യവും ചേര്‍ന്ന് ഓര്‍മകളെ ഇത്രമേല്‍ മഥിക്കുമെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്നു. പാട്ടിന്റെ കൈവഴികളിലെല്ലാം സ്നേഹത്തിന്റെ അമ്മമുഖങ്ങളാണ്.

അമ്മായെന്‍ട്രഴക്കാത് ഉയിരില്ലയേ
അമ്മാവെ വണങ്കാത് ഉയര്‍വില്ലയേ
നേരില്‍ നിന്‍ട്ര് പേസും ദൈവം
പെട്ര തായെന്‍ട്രി വേറൊന്‍ട്ര് യേത്

തമിഴ് പാട്ടുകള്‍ അത്രയൊന്നും കേള്‍ക്കാതിരുന്ന എന്റെ ചെവിയില്‍ ഈ പാട്ടെത്തുന്നത്  ചേച്ചിമാരിലൊരാളുടെ ചുണ്ടില്‍ നിന്നാണ്. പാലക്കാട്ടു നിന്ന് വേനലവധികളില്‍ അവരെത്തുമ്പോഴാണ് തമിഴ് പാട്ടുകള്‍ മൂളിക്കേള്‍ക്കാറ്.
രജനീകാന്ത് തളര്‍വാതം വന്ന അമ്മയെ പരിചരിക്കുന്ന രംഗങ്ങളുമായ് പിന്നെ എപ്പോഴോ മന്നന്‍ എന്ന ചിത്രത്തിലെ പാട്ടു കണ്ടു. പിന്നെ പലവുരു കേട്ടു. അമ്മ എന്ന പദത്തിന് മിഴിവും മഹത്വവും ഏറ്റുന്ന വരികള്‍. യേശുദാസിന്റെ സ്വരത്തിന്റെ അഭൌമ ചൈതന്യം. അസംഖ്യം തവണ മനസ് ജപം പോലെ ഈ പാട്ടു മൂളിക്കഴിഞ്ഞിരിക്കുന്നു..
പസുംതങ്കം പുതുവെള്ളി മാണിക്യം മണിവൈരം
അവൈയാവും ഒരു തായ്ക്ക് ഈടാകുമാ
വിലൈമീത് വിലൈ വൈത്ത് കേട്ടാലും കൊടുത്താലും
കടൈതന്നില്‍ തായന്‍പ് കിടക്കാതമ്മാ
ഈരൈന്തു മാതങ്ങള്‍ കരുവോട് എനൈ താങ്കി
നീപട്ട പെരും പാട് അറിവേനമ്മാ
ഈരേഴു ജന്‍മങ്കള്‍ എടുത്താലും ഉഴൈത്താലും
ഉനൈക്കിങ്ക് നാന്‍ പട്ട കടം തീരുമാ
ഉന്നാലേ പിറന്തേനേ....
അമ്മയോട് അനന്തകാലങ്ങള്‍ക്കപ്പുറവും വീട്ടാതെ കിടക്കുന്ന ഉയിരിന്റെ കടപ്പാട്.പാടിതീര്‍ക്കാനാവാത്ത പാട്ടുപോലെ അത് ഇളയരാജയുടെ ഈണവും കണ്ണദാസന്റെ വരികളും യേശുദാസിന്റെ ശബ്ദവും കടന്ന് ഒഴുകുന്ന പോലെ. എത്ര വിലകൊടുത്താലും വാങ്ങാന്‍ കിട്ടാത്ത തായന്‍പ്, എത്ര അമൂല്യ രത്നങ്ങള്‍ക്കും പകരം വെക്കാനാവാത്ത മാതൃത്വത്തിന്റെ മതിപ്പ്, ചമല്‍ക്കാരങ്ങളേറെയില്ലാതെ നിഷ്കളങ്ക മനസില്‍ നിന്നുള്ള തെളിഞ്ഞ ബിംബങ്ങളുമായി കണ്ണദാസന്‍ വരച്ചിട്ടിരിക്കുന്നു.

ഓടിയാടുന്ന പെണ്‍കിടാവേ
ഇവളെന്തോര്‍ത്തു തലകുനിപ്പൂ
പാടിക്കളിക്കേണ്ട പ്രായങ്ങളില്‍
പല ഭാരങ്ങളും ചുമപ്പൂ
ദൂരദര്‍ശന്റെ റെക്കോര്‍ഡ് റൂമിലെവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാവണം ഈ പാട്ട്. ആരുടെ രചനയെന്നോ സംഗീതമെന്നോ അറിയില്ല. 90 കളില്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ സ്ഥിരമായ് വന്നുകൊണ്ടിരുന്ന ഗാനമായിരുന്നു.യേശുദാസിന്റെ ശബ്ദം. എന്‍. എല്‍ ബാലകൃഷ്ണന്‍ ബലൂണ്‍വില്‍പ്പനക്കാരനായ് വരുന്ന പാട്ട്.  അടുക്കളപ്പുറത്തിരുന്ന് പാത്രം കഴുകുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ നോക്കി അയാള്‍ പാടുകയാണ്.
അമ്മക്ക് അടുക്കളയില്‍ തീയൂട്ടാനിവള്‍ വേണം
അന്തിക്ക് അരിയാട്ടി മാവാക്കാന്‍ ഇവള്‍ വേണം
മുറ്റമടിക്കാന്‍ വെള്ളം കോരാന്‍ തുണിയലക്കാന്‍....പാത്രങ്ങള്‍ മോറാന്‍ പടച്ചുവിട്ടത് പെണ്ണിനെയോ
ഇവള്‍ പെണ്ണായ് പോയതിനാലേ
ചുമടൊന്നിന്നൊന്നിനു മേലെ
അതു ചുമന്നു ചുമന്നു തളര്‍ന്നു തളര്‍ന്നു തേങ്ങും ഹൃദയമോടെ
വര്‍ഷങ്ങള്‍ക്കപ്പുറത്ത് കണ്ട പാട്ട് അത്രക്കു മനസില്‍ പതിഞ്ഞിരുന്നു. ദൃശ്യവും ഗാനവും ചേര്‍ന്ന് കൂടുകൂട്ടിയതാണ് മനസില്‍. സ്ത്രീ വിവേചനം, മെയ്ല്‍ ഷോവനിസം എന്നൊന്നും കേട്ടറിവില്ലാത്ത കുട്ടിക്കാലത്തിന് ആ പെണ്‍കുട്ടിയുടെ അവസ്ഥയോട് അനുതാപമുണ്ടായിരുന്നു. അറിയാവുന്ന പല പെണ്‍കുട്ടികളും കളിപ്രായത്തിലേ അടുക്കളയിലേക്കെന്ന് അടയാളപ്പെടുത്തപ്പെടുന്നത് കണ്ടപ്പൊഴോക്കെ അതിലെ അനീതിയില്‍ വേദനിക്കുവാനെങ്കിലും  ആ പാട്ട്  പ്രേരിപ്പിച്ചിരുന്നു. പിന്നെ ദൂരദര്‍ശന്‍ ആ പാട്ടു പതിയെ പിന്‍വലിച്ചു. കാലമേറെക്കഴിഞ്ഞ് കോഴിക്കോട്ട് മലബാര്‍ പാലസില്‍ നടന്ന വനിതാ സെമിനാറിന് കാഴ്ചക്കാരനായിരിക്കെയാണ് പെട്ടെന്ന് ഈ വരികള്‍ ഇടമുറിയാതെ ദൃശ്യത്തെളിമയോടെ വീണ്ടും ഓര്‍മയിലെത്തിയത്. വനിതാ കമ്മീഷന്‍ നിര്‍മിച്ച വിരസമായ ഒരു ഹ്രസ്വചിത്രം കാണുമ്പൊഴായിരുന്നു അത്.  സ്ത്രീവിമോചനത്തെക്കുറിച്ചെന്ന് ഊറ്റം കൊള്ളാന്‍ പടച്ചെടുത്ത കുറേ കൃത്രിമ രംഗങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ എത്ര കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു ആ പാട്ട് എന്ന് ഒന്നു കൂടെ ബോധ്യമായി. ഒരിക്കല്‍ കൂടി ആ പാട്ട് കേട്ടിരുന്നെങ്കിലെന്നും..ഇങ്ങനെ ചില പാട്ടുകള്‍ അപ്രതീക്ഷിതമായി മൂടിക്കിടന്ന മറവിയുടെ പുതപ്പുമാറ്റി ഇടക്ക്  ഓര്‍മയിലേക്ക് ഉണരുന്നുണ്ട്.

ഓരോ കേള്‍വിയിലും മനസു പറിച്ചെടുക്കുന്ന മറ്റൊരു പാട്ടുണ്ട്.
കളിവീടുറങ്ങിയല്ലോ
കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെന്‍
ആത്മാവു തേങ്ങുന്നല്ലോ
അച്ഛനെ അര്‍ബുദം തളര്‍ത്തിയ കാലം. പക്ഷേ പാട്ടു കേട്ടും വായിച്ചും ശയ്യാവലംബിയായ ആ ദിനങ്ങള്‍ അച്ഛന്‍ ചെലവഴിച്ചു. അന്ന് സിനിമാപാട്ട് ലോകം തന്നെയായിരുന്ന പത്താം ക്ലാസുകാരന്‍ കടം കൊണ്ട കേസറ്റായിരുന്നു ദേശാടനത്തിന്റെത്. കുറച്ചുദിവസങ്ങള്‍ പലവുരു ആ പാട്ട് വീട്ടില്‍ മുഴങ്ങി. അച്ഛനെ കൂടി പുതുതായിറങ്ങിയ നല്ല പാട്ടു കേള്‍പ്പിക്കുക. അച്ഛന്‍ അതിനെപ്പറ്റി നല്ലതു പറയുന്നത് കേള്‍ക്കുക. പതിവു പോലെ അതായിരുന്നു മനസു നിറയെ. വേദന തിന്നുമ്പൊഴും അച്ഛനതു കേട്ടു. നല്ലതു പറഞ്ഞു. കൈതപ്രത്തെക്കുറിച്ചു പറഞ്ഞു. പണ്ട് കോഴിക്കോട് പ്രസ് ക്ലബിന്റെ കുടുംബമേളയില്‍ ലളിതഗാനത്തിന് അച്ഛനെ രണ്ടാമതാക്കിയ മാതൃഭൂമിയിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെന്ന പ്രതിഭയെക്കുറിച്ചു പറഞ്ഞു. പതിയെ അച്ഛന്റെ മാത്രയോരോന്നും വേദനയുടേത് മാത്രമായി. അവസാനം വരെ

ഇനിയെന്നു കാണുമെന്നാല്‍ പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിലോര്‍മകള്‍ തുളുമ്പിപ്പോയി
എത്രയായാലുമെന്‍ ഉണ്ണിയല്ലേ
അവന്‍
വിലപിടിയാത്തൊരെന്‍ നിധിയല്ലേ
എന്റെ പുണ്യമല്ലേ
 ഈ വരികളില്‍ ഹൃദയം കനത്ത് പൊട്ടുമെന്ന് തോന്നും ഓരോ കേള്‍വിയിലും.
പാട്ടുകള്‍ ഓര്‍മയുടെ മേഘങ്ങളാണ്. ഇടക്ക് അവ ഓര്‍മപെയ്ത്തില്‍ നിര്‍ത്തി കുളിര്‍പ്പിക്കുന്നു. ഇടക്ക്  അതിവര്‍ഷത്തിന്റെ പെരുന്തുള്ളികളായി മനസില്‍ വീണ് നോവിക്കുന്നു. രണ്ടിനും അനിര്‍വചനീയമായ അനുഭൂതിയുടെ സുഖമുണ്ട്. അവ  ഗൃഹാതുരതയുടെ, സങ്കടങ്ങളുടെ, സ്നേഹവായ്പുകളുടെ ലഹരികൂടിയാണ്.


നിധീഷ് നടേരി

Tuesday, February 15, 2011

നമ്മുടെ പൂതപ്പാട്ടും നാറാണത്തു ഭ്രാന്തനും കുഞ്ഞേടത്തിയും...




കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യ വരവമ്പിളി പൂങ്കുല

മെയ്യിലണിഞ്ഞ കരിമ്പൂതം
ഇടശേരി

ഓഡിയോ കാസറ്റില്‍ നിന്ന് ആദ്യം കേട്ട കവിത. നേര്‍ത്ത ഏറെ സ്നേഹം തോന്നുന്ന  സ്വരത്തില്‍ അതിങ്ങനെ ഒഴുകി വന്നു.
കരിമ്പനമേലെ ചെറുവാല്യക്കാരെ ആകര്‍ഷിച്ച് രക്തമൂറ്റിക്കുടിക്കുന്ന, കൂട്ടം തെറ്റി മേയുന്ന പയ്യിന്‍ മുല കുടിക്കുന്ന പൂതത്തിന്റെ ചിത്രം നാട്ടീണത്തിന്റെ അകമ്പടിയോടെ മുന്നിലങ്ങനെ തെളിഞ്ഞു.
ആറ്റിന്‍ വക്കത്തെ മാളികവീട്ടില
ന്നാറ്റു നോറ്റിട്ടൊരുണ്ണീ പിറന്നു...
നങ്ങേലിയുടെ പുത്രപരിചരണവും വാല്‍സല്യവും സ്നേഹമേറെ ചേര്‍ന്ന ഈണത്തില്‍ മനസിലെത്തി.അത് ഇടശേരി ഗോവിന്ദന്‍ നായരുടെ തന്നെ സ്വരമാണെന്നാണ് ധരിക്കുന്നത്
പലവുരു കേട്ട ഈ കാവ്യസുഖത്തിന് വീണ്ടും  ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ പലയിടത്തും ഈ ഓഡിയോ ലഭ്യമാണ്.  എന്തായാലും ഇടശേരിയുടെ ഭാവനക്കൊപ്പം വേര്‍പിരിക്കാനാവാതെ ഈ സ്വരവും മനസില്‍ നില്‍ക്കുന്നു.

കടമ്മനിട്ടയുടെ കവിതകളും പിന്നെ ടേപ്പ് റെക്കോര്‍ഡറുകളില്‍ കേട്ടു തുടങ്ങി. കടുന്തുടിയുടെയും ചെണ്ടയുടെയും പിന്നണിയില്‍ കടമ്മനിട്ടയുടെ സ്വരത്തിന്   പ്രാകൃതഭാവമായിരുന്നു. ആലാപനവഴികളിലെ മാമൂലുകളെ കൈവിട്ട വേറിട്ടു പാച്ചില്‍. കലമ്പലുകളുടെ സൌന്ദര്യം. കടമ്മനിട്ടയെയും നമ്മളേറെ ഏറ്റുപാടി നടന്നു. 

പിന്നെ നാറാണത്തു ഭ്രാന്തന്‍ നാടാകെ പാടിയ കാലം.വി.മധുസൂദനന്‍ നായരുടെ ശബ്ദം. നാട്ടു കൂട്ടങ്ങളിലെല്ലാം, കലാസമിതി വാര്‍ഷികപ്പറമ്പിലെല്ലാം, പൊതുസമ്മേളന വേദികളിലെല്ലാം കലോല്‍സവ കവിതാ മല്‍സരങ്ങളിലെല്ലാം  നാറാണത്തു ഭ്രാന്തനും, അഗസ്ത്യ ഹൃദയവും, ഭാരതീയവും, സന്താനഗോപാലവും മുഴങ്ങി. 
വാക്കുകളെ ധ്യാനസാന്ദ്രം പരിചരിച്ച് മധുസൂദനന്‍ നായര്‍ പാടി. ഈരടികളോരോന്നും മന്ദ്രമധുര സ്വരത്തില്‍ കൂടുതല്‍ തിളങ്ങി. കവിത ചൊല്ലലിന്റെ സൌന്ദര്യം നാം അനുഭവിച്ചു. അന്ന് നാറാണത്തുഭ്രാന്തനെന്ന ദീര്‍ഘകാവ്യത്തിന്റെ വരി തെല്ലിട തെറ്റാതെ ഹൃദിസ്ഥമാക്കാത്തവര്‍ ചുരുക്കമായിരിക്കും. കലോല്‍സവ വേദികളില്‍ നിരന്തരം മധുസൂദനന്‍ നായരുടെ  കവിതകള്‍ നിറഞ്ഞ് ആവര്‍ത്തന വിരസതമായപ്പോള്‍ കേസറ്റ് കവിതക്ക് മാര്‍ക്കു കുറയുന്ന പ്രവണത വന്നു. പിന്നെ പതിയെ കലോല്‍സവ വേദികള്‍ കേസറ്റു കവിതകളെ വെടിഞ്ഞു.ഇടക്ക് ഓഎന്‍വിയുടെ കവിതകളും റെക്കോര്‍ഡറുകളിലെത്തിയിരുന്നു. കവിയുടെ തന്നെ ആത്മാലാപമായി 

പേരറിയാത്തൊരു പെണ്‍കിടാവും, കുഞ്ഞേടത്തിയും മറ്റും കാതിലെത്തി. വയലാറിന്റെയും ചങ്ങമ്പുഴയുടെയും കവിതകള്‍ മധുസൂദനന്‍ നായരുടെ ശബ്ദസുഖത്തില്‍ നമ്മെ തേടിയെത്തി.  നാടാകെ കവികള്‍ സ്വരമേറ്റിയ കാലം. കവികളിറക്കിയ കേസറ്റുകളില്‍ ഈണം അവരുടെ തന്നെ ആത്മാവിന്റെതായിരുന്നു. ഓര്‍ക്കസ്ട്രേഷനില്‍മാത്രമായിരുന്നു സംഗീതകാരന്‍മാരുടെ സാനിധ്യം.പിന്നെ പതിയെ കാസറ്റു കവിതകള്‍ പിന്‍ മാറ്റം തുടങ്ങി. അമ്മയു ട എഴുത്തുകള്‍ പോലുള്ള പില്‍ക്കാല മധുസൂദനന്‍ നായര്‍ കവിതകള്‍ ആദ്യകാലം പോലെ ജനകീയമായുമില്ല.

  
ഇടക്ക് മലയാളത്തിലെ ചില പ്രിയ കവിതകളുമായി ജി. വേണുഗോപാലിന്റെ ശബ്ദമെത്തി. ജയ്സണ്‍ ജെ. മേനോന്‍ ചിട്ടപ്പെടുത്തിയ ഈണത്തിലായിരുന്നു അവ. സംഗീതത്തിന്റെ അതിസാനിധ്യം കാവ്യസുഖം കുറച്ചുവെന്നൊക്കെ വിമര്‍ശനം വന്നെങ്കിലും ഇത്തിരി ഗാനസ്വഭാവം ആര്‍ജിച്ച അവയ്ക്കും കേള്‍വിക്കാരേറെയുണ്ടായിരുന്നു. ചുള്ളിക്കാടിന്റെ സന്ദര്‍ശനവും, കക്കാടിന്റെ സഫലമീയാത്രയും 90കളുടെ അന്ത്യത്തില്‍ കലാലയങ്ങള്‍ പുതിയ ഈണത്തിനൊപ്പം ഏറ്റുവാങ്ങി.    പക്ഷേ പിന്നീട് കുറേക്കാലം പുതുകവിതകളൊന്നും ഓഡിയോ രൂപത്തിലെത്തിയില്ല.
അപ്പോഴേക്കും കാസറ്റില്‍ നിന്ന് കോംപാക്റ്റ് ഡിസ്കിലേക്കുള്ള പരിണാമ പ്രക്രിയയും നടന്നു കഴിഞ്ഞിരുന്നു. കാസറ്റു കവിതയെന്ന ഇത്തിരി അവജ്ഞ ചേര്‍ത്ത പ്രയോഗവും അങ്ങനെ അര്‍ഥശൂന്യമായി. പക്ഷേ മലയാളിയുടെ ഗൃഹാതുരതകളില്‍ ഈ കാസറ്റു കവിതകളുടെ ഈണങ്ങള്‍ പച്ചപിടിച്ചു നിന്നിരുന്നു. അത് കണ്ടറിഞ്ഞാണ് പിന്നെ ഈ കവിതകളെല്ലാം കൂട്ടമായി സിഡികളില്‍ അനധികൃതമായി ചേക്കേറിയത്. മലയാളിയെ അറിഞ്ഞ മലയാളിയുടെ കച്ചവട ബുദ്ധിയില്‍ പഴയ നാറാണത്തു ഭ്രാന്തനും കുറത്തിയും ഗോതമ്പുമണികളും പൂതപ്പാട്ടുമെല്ലാം ഒരുമിച്ച് വ്യാജ സിഡികളില്‍ സംഗമിച്ചു.
സിഡിയുഗത്തില്‍ ഓഡിയേ കവിത പിന്നെ ആഘോഷിക്കപ്പെട്ടത് മുരുകന്‍ കാട്ടാക്കടയിലൂടെയായിരുന്നു. 



കണ്ണടയെന്ന ആദ്യ വരവു തന്നെ പതിയെയെങ്കിലും നമ്മള്‍ ഏറ്റെടുത്തു. ആലാപന രീതിയിലും ശബ്ദത്തിലും മധുസൂദനന്‍നായരുടെ ചില മിന്നലാട്ടങ്ങള്‍ കാട്ടാക്കടയില്‍ നാം അറിഞ്ഞു. പഴയ കേസറ്റു കാവ്യ കാലത്തെ തിരിച്ചു പിടിക്കുകയെന്ന വാശി പോലെ നമ്മുടെ ഗൃഹാതുരത്വം കാട്ടാക്കടയെ ഏറ്റെടുത്തു. മധുസൂദനന്‍ നായരുടെ അത്ര ഗഹനവും തീഷ്ണവുമല്ലായിരുന്നു മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍. അവക്ക്  ചില നേരുപറച്ചിലുകളുടെ നിഷ്കളങ്ക സൌന്ദര്യമുണ്ടായിരുന്നു. ചൊല്ലലിന്റെ നാട്ടഴകു കൂടി ചേര്‍ന്നപ്പോള്‍ അവ ഹൃദ്യമാവുകയും ചെയ്തു. ബാഗ്ദാദും രേണുകയുമെല്ലാം  നാടാകെ മുഴങ്ങി. പിന്നെ അനില്‍ പനച്ചൂരാന്റെയും കവിതകള്‍ ആസ്വദകരിലെത്തി. പഴയ കാലത്തിന്റെ കാവ്യസുഖം തിരിച്ചു കിട്ടിയില്ലെങ്കിലും പുതിയ കാലത്തിന്റെ സങ്കേതങ്ങളില്‍ നാം ഇവരുടെ കവിതകളെ ആഘോഷിച്ചു. അതിനിടെ കലോല്‍സവ വേദികളില്‍ ഇടതടവില്ലാതെ കവിതകള്‍ പല ഈണങ്ങളില്‍ വന്നു കൊണ്ടിരുന്നു. 
പലപ്പൊഴും കലോല്‍സവ സീസണുകളില്‍ പുതുകവിതകള്‍ തേടിപ്പിടിച്ച് ചൊല്ലാന്‍ വിദ്യാര്‍ഥികളും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ പല കവിതകളും ഈണമാര്‍ന്നു.   ഗദ്യകവിതകള്‍ ഏറിയ പുതുകാലത്ത് ഈണത്തിനൊതുങ്ങുന്ന രചനകള്‍ വിരളമായിരിക്കും. ആത്മാവറിഞ്ഞ ഈണത്തിന്റെ ചിറകേറുമ്പോള്‍ എന്തായാലും കവിതകള്‍ക്ക്  ആസ്വാദ്യതയേറുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഇനിയുമിനിയും ഈണമാര്‍ന്നീടട്ടെ കവിതകള്‍. അവ കൂടുതല്‍ ഹൃദയങ്ങള്‍ തേടട്ടെ.

Wednesday, February 9, 2011

ഗിരീഷ് പുത്തഞ്ചേരിയുടെ ഏട്ടനുമൊത്ത് ഓര്‍മനേരങ്ങളില്‍......

ഗിരീഷ് പുത്തഞ്ചേരിയുടെ ഏട്ടനുമൊത്ത്  ഓര്‍മനേരങ്ങളില്‍......

ഏട്ടന്റെ 
പാട്ടെഴുത്തുകാരന്‍


പുത്തഞ്ചേരിയുടെ വഴികളിലെല്ലാം നാട്ടുനന്‍മയുടെ കാഴ്ചകള്‍. പദസമ്പത്തിന്റെ ജാലവിദ്യ കൊണ്ട് മലയാളത്തിന് പാട്ടുല്‍സവങ്ങള്‍ നല്‍കിയ ഗിരീഷ് പുത്തഞ്ചേരി തീര്‍ച്ചയായും നടന്ന വഴികള്‍. നാടകവും കലാസമിതി പ്രവര്‍ത്തനവും സംഗീതവുമായി ബാല്യവും യൌവനവും ആഘോഷിച്ച നാട്ടിടങ്ങള്‍. ധൃതിപ്പെട്ട് ജീവിതവും കടന്ന് അദ്ദേഹം പോയിട്ട് വര്‍ഷം ഒന്ന്.
പുളിക്കല്‍ തറവാട്ടിലേക്കുള്ള വഴിയില്‍ പുല്ലുപിടിച്ചിരിക്കുന്നു. മാസങ്ങളായി ഇവിടെ സ്ഥിരം ആള്‍താമസമില്ല. വല്ലപ്പോഴും വീടും പരിസരവും നോക്കാന്‍ സഹോദരങ്ങള്‍ വന്നു പോവുന്നു. നിറയെ മരങ്ങള്‍ കാടുകൂട്ടിയ പറമ്പില്‍ ഒറ്റപ്പെട്ട ചെറുവീട്. എവിടെയോ നിന്ന് പ്രാവുകള്‍ കുറുകുന്നു. ഗിരീഷിന്റെ ഈരടികളില്‍ നിന്നാവാം.

ആരോ കമഴ്ത്തി വെച്ചൊരോട്ടുരുളി പോലെ
ആകാശത്താവണിത്തിങ്കള്‍
പഴകിയൊരോര്‍മ്മയാല്‍, മിഴി നീരുവാര്‍ക്കും
പാഴിരുള്‍ത്തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ക്കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ
ഓണനിലാവും ഞാനും

തരംഗിണിക്കുവേണ്ടി എഴുതിയ ലളിതഗാനം.
 വല്യോണങ്ങളില്‍ ലോകത്തെവിടെയായാലും ഗിരീഷ് ഓര്‍മ്മ മണക്കുന്ന ഈ മുറ്റം കടന്നെത്തുമായിരുന്നു. ഈണങ്ങളുടെ ആത്മാവില്‍ കൊളുത്തിവെക്കാന്‍ സമൃദ്ധമായ കാവ്യബിംബങ്ങള്‍ ഈ പരിസരവും നല്‍കിയിരിക്കും. വലിയ പറമ്പില്‍ രണ്ടു വീടുകള്‍ മാത്രം. ആള്‍ താമസമില്ലാത്ത വീട് അകലെ കാടുപിടിച്ച് കിടക്കുന്നു.

ഏട്ടന്‍ മോഹനന്‍ പുത്തഞ്ചേരി കാലങ്ങള്‍ക്കുശേഷം വീട്ടിലെത്തിയതായിരുന്നു. തറവാടു കണ്ട് മടങ്ങാനുള്ള മുന്‍ധാരണക്കു മുന്നില്‍  നിമിത്തം പോലെയായി അദ്ദേഹം. അമ്മ വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ കാരണം കോഴിക്കോട്ടുള്ള വീട്ടിലാണ്.പറമ്പിലെ കാടുതെളിക്കാന്‍ ഏല്‍പ്പിച്ച പണിക്കാരാരും വരാത്തതിനാല്‍ ഒറ്റക്ക് ഓര്‍മകളില്‍ നഷ്ടപ്പെട്ടിരിക്കയായിരുന്നു.
"ഞാനും അവനും തമ്മില്‍ 12 വയസിന്റെ വെത്യാസമുണ്ട്. കുട്ടിക്കാലത്തേ അവനു മുന്നില്‍ ഞാനിത്തിരി കാര്‍ക്കശ്യ സ്വഭാവം കാണിച്ചിരുന്നു. അമ്മക്ക് അതിലെന്നും പരിഭവമുണ്ടായിരുന്നു. ഇത്തിരി കുറുമ്പനായ ഇളയവന്‍ വഴിതെറ്റരുതെന്ന ആധിയായിരുന്നു അന്ന് മനസില്‍. അവന്റെ കഴിവുകള്‍ ഞാന്‍ മനസിലറിഞ്ഞു."
" ഏതു തിരക്കിനിടെയും പതിവുതെറ്റിക്കാതെ അമ്മയെക്കാണാനൊരു വരവുണ്ട്. സ്വയം റീചാര്‍ജ് ചെയ്യാനാണ് അതെന്നായിരുന്നു അവന്‍ പറയാറ്. വന്നാല്‍ പിന്നെ പാട്ടും വിശേഷങ്ങളുമായങ്ങനെ... ഉച്ചയൂണ് വരെ ഞങ്ങള്‍ക്കൊപ്പം പിന്നെ നാട്ടിലെ കൂട്ടുകാരിലേക്ക്.വന്നാല്‍ അവന്‍ അമ്മക്കു പിറകെത്തന്നെ കൂടും പാട്ടുപാടിയും പിറുപിറുത്തും. അമ്മേടെ പെറ്റായിരുന്നു അവന്‍.. മോഹനേട്ടന്‍ ഇടക്ക് ഓര്‍മകളില്‍ നഷ്ടപ്പെടുന്നു. അവന്‍ അമ്മേക്കുറിച്ച് എഴുതിയതെല്ലാം തന്നെ നിങ്ങള്‍ക്കറിയാല്ലോ...

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു...

അവന്‍ അമ്മയെക്കുറിച്ചെഴുതിയതിലെല്ലാം അത്മാംശമുണ്ട്. അമ്മ നന്നായി പാടും. കോഴിക്കോട്ടുകാര്‍ക്ക് കര്‍ണ്ണടാകസംഗീതം പകര്‍ന്നു നല്‍കിയ പഴയൊരു ഭാഗവതരുണ്ട്. അന്നത്തെ ഹിന്ദുസ്ഥാനി നാടോടിഗായകരെ പോലെ പാടിയും സംഗീതം പകര്‍ന്നും ജീവിതമാഘോഷിച്ച ഗോവിന്ദപ്പൊതുവാള്‍. അദ്ദേഹത്തിന്റെ കോഴിക്കോടന്‍ ജീവിതകാലത്ത് ഞങ്ങളുടെ ഇളയച്ഛനും അമ്മയുമെല്ലാം ശിഷ്യത്വം സ്വീകരിച്ചു. അമ്മ ഞങ്ങളെയും പഠിപ്പിച്ചിരുന്നു. ഗീരീഷും അനിയത്തി ജലജയുമാണ് കൂടുതല്‍ പഠിച്ചത്.  അമ്മ പുത്തഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മികച്ച സംഘാടകയായിരുന്നു. മഹിളാപ്രവര്‍ത്തകയും. അച്ഛന് വൈദ്യത്തിലും ജ്യോത്സ്യത്തിലും നല്ല അവഗാഹമുണ്ടായിരുന്നു. മാനസികരോഗികളെ വീട്ടില്‍ താമസിപ്പിച്ച് ചികില്‍സിച്ചിരുന്നു.
ഞാനാണ് ആ പാരമ്പര്യം ചെറുതായെങ്കിലും ഏറ്റെടുത്തത്. പറമ്പില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന രണ്ടാമത്തെ വീട് മൂത്ത പെങ്ങളുടേതാണ്. അവരുടെ ഭര്‍ത്താവ് ചേളന്നൂര്‍ സുകുമാരന്‍ കോഴിക്കോട് ആകാശവാണിയിലെ സംഗീതവിഭാഗത്തിലായിരുന്നു. നിരവധി ശിഷ്യരുള്ള സംഗീതകാരനായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഞങ്ങളെല്ലാവരും ഏതെങ്കിലുമൊരു വീട്ടില്‍ ഒത്തുകൂടിയാല്‍ പിന്നെ സംഗീതത്തിന്റെ ആറാട്ടായിരുന്നു.
അച്ഛന് പക്ഷാഘാതം വന്നതോടെ വീട്ടില്‍ വരുമാനം നിലച്ചു. ഞങ്ങളുടെ ജീവിതത്തില്‍ ദാരിദ്യ്രത്തിന്റെ പ്രയാസങ്ങള്‍ വരുന്നത് അങ്ങനെയാണ്.
മൂത്തയാളായതിനാല്‍ ഞാന്‍ കാര്യങ്ങളേറ്റെടുത്തു.ഉള്ളൂര് വൈദ്യശാല തുടങ്ങി (പുത്തഞ്ചേരിയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെയുള്ള കവല).
പുത്തഞ്ചേരിയെന്ന നാടിന് കലയോട് അടങ്ങാത്ത അഭിനിവേശമുണ്ട്. നാടകസംഘങ്ങളും കലാസമിതികളും ഇവിടെ പണ്ടേ സജീവം. ഞങ്ങളെല്ലാം ചേര്‍ന്ന് രൂപം കൊടുത്തതാണ്  ചെന്താരയെന്ന കലാസമിതി. അന്ന് ഗീരീഷ് പാലോറ ഹൈസ്കൂളില്‍ പഠിക്കുന്നു. എല്ലാ മാസവും ഞങ്ങള്‍ അന്നൊരു പീടികത്തറയില്‍ സംഗമിക്കും. അവിടെ കെട്ടിയുണ്ടാക്കുന്ന സ്േറ്റജില്‍ എന്തെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കും. മുതിര്‍ന്ന ഭാരവാഹികളെന്ന നിലയില്‍ ഞാനും പിന്നെ കല്ലുവെട്ടുകാരനായ കേളപ്പക്കുറുപ്പുണ്ടായിരുന്നു നല്ലൊരു കലാസ്േനഹി.... അദ്ദേഹവുമടങ്ങുന്നവരുടെ മേല്‍നോട്ടത്തില്‍ ഗിരീഷും സംഘവും പരിപാടികള്‍ അവതരിപ്പിക്കും. ചിലപ്പോള്‍ നാടകമാവും. വീട്ടില്‍ നിന്ന് ഹാര്‍മോണിയം കൊണ്ടു വരും. ചിലപ്പോള്‍ അത് വായിച്ചുള്ള ഗാനമേളയാവും. കാഴ്ചക്കാരായി നാടു മുഴുവന്‍  പീടികത്തറ വേദിക്കു മുന്നിലെത്തും. ഗിരീഷ് അന്ന് സംഘാംഗങ്ങള്‍ക്കായി നാടങ്ങള്‍ രചിക്കുമായിരുന്നു.ക്ഷണത്തില്‍ രചന നടക്കും. ഹൃദ്യമായ നാടകങ്ങള്‍. അവനും അഭിനയിക്കും. പാടും.അന്നേ നല്ല നിരീക്ഷണപാടവമായിരുന്നു. നാട്ടിലെ പല കഥാപാത്രങ്ങളും അവന്റെ നാടകങ്ങളില്‍ കയറിവരും.
അന്ന് പല സംഘങ്ങളായി ഓണക്കാലത്ത് നാടക മല്‍സരം നടക്കും. പലരും ഓരോ സംഘത്തിനും നാടകമൊരുക്കും. ഗിരീഷിന്റെ നാടകത്തിലഭിനയിക്കാനായിരുന്നു സമപ്രായക്കാരായ  കുട്ടികള്‍ക്ക് അവേശം. അത് നന്നാവുമെന്ന് അവര്‍ക്കറിയാം. നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ഞാനതില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്.
ഒരു തവണ മല്‍സരദിവസമടുക്കാറായപ്പോള്‍ ഒരു പറ്റം കുട്ടികള്‍ എന്നെ സമീപിച്ചു. അവര്‍ക്ക് നാടകം ചെയ്യാന്‍ ആരെയും കിട്ടിയില്ല. ഞാന്‍ ചെയ്തുകൊടുക്കണം. അന്ന് മുതിര്‍ന്നവരുടെ നാടകസംഘത്തിലെ എഴുത്തുകാരനായിരുന്നു ഞാന്‍. കുട്ടികളെ പിണക്കാന്‍ കഴിയാത്തതിനാല്‍ ഒരു തട്ടിപ്പു നാടകം ഒരുക്കി. ദുരൂഹതകളുള്ള ഒരു അഭ്യാസം. റിഹേഴ്സല്‍ സമയത്തേ എനിക്ക് ഗിരീഷിന്റെ നാടകമായിരുന്നു ഇഷ്ടം. നല്ല ആസ്വാദ്യതയുള്ള നാടകമായിരുന്നു അത്. ഇത്തിരി ആധുനിക പരിവേഷം നല്‍കാനായി എന്റെ നാടകത്തില്‍ വേദിക്കു മുന്നില്‍ വല വലിച്ചു കെട്ടിയിട്ടു. അഭ്യാസങ്ങള്‍ കണ്ട് അന്ധാളിച്ച അന്നത്തെ വിധികര്‍ത്താക്കള്‍ എന്റെ തട്ടിപ്പിന് ഒന്നാം സമ്മാനം തന്നു.കുട്ടികള്‍ക്ക് സന്തോഷം. ഞാനുള്‍പ്പെടെ ഒന്നാം സമ്മാനം പ്രതീക്ഷിച്ചത് ഗിരീഷിന്റെ നാടകത്തിനായിരുന്നു. സ്വതേ ശുണ്ഠിക്കാരനായ അവനെ അത് അലോസരപ്പെടുത്തിയെന്ന് എനിക്ക് മനസിലായി. എന്റെ കുഞ്ഞനുജന്റെ കഴിവ് മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. സമിതിയിലെ പലര്‍ക്കും അവന്റെ നാടകം തന്നെയായിരുന്നു നല്ലതെന്ന അഭിപ്രായമായിരുന്നു. കലാസമിതിയുടെ അടുത്ത യോഗത്തില്‍ അത് പറയണമെന്ന് ഞങ്ങളെല്ലാം തീരുമാനിച്ചു. അന്നാണ് അവന്റെ മുഖം തെളിഞ്ഞത്.

വര്‍ഷമേഘങ്ങള്‍ എന്നൊരു നാടകം ഞങ്ങള്‍ മുതിര്‍ന്നവര്‍ ഒരുക്കിയിരുന്നു.ഞാനായിരുന്നു രചന. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും വീടും നഷ്ടമായി ഒറ്റപ്പെട്ട കുട്ടിയുടെ കഥയായിരുന്നു.നാടകം ഉള്ളൂര് കളിച്ചപ്പോള്‍ അന്ന് പത്താം തരത്തിലായിരുന്ന ഗിരീഷ് ആയിരുന്നു ചന്തുവെന്ന മഷിനോട്ടക്കാരന്റെ വേഷം ചെയ്തത്. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രം. അവനത് അസലായി ചെയ്യുമായിരുന്നു. നാട്ടിലെ ഒരാളുടെ മാനറിസങ്ങള്‍ നല്‍കി അവന്‍ കഥാപാത്രത്തെ കൊഴുപ്പിച്ചു. അന്ന് കുതിരവട്ടം പപ്പുവിനെപോലെ കോഴിക്കോടിന് അഭിമാനിക്കാവുന്ന ഹാസ്യതാരമാവും അവനെന്നാണ് ഞങ്ങള്‍ കരുതിയത്. അത്രക്ക് നര്‍മബോധമായിരുന്നു ഗിരീഷിന്. നാട്ടിലെവിടെയും കല്ല്യാണപ്പുരയിലായാലും, എവിടെയും അവനു ചുറ്റും ഒരു ആസ്വാദക സദസ് രൂപപ്പെടുമായിരുന്നു. അതിന്റെ നടുവിലങ്ങനെ നര്‍മ്മം വിതറി എന്റെ അനുജന്‍ വാഴും. ഏതു വിഷമസന്ധിയിലും അവന്‍ ഒരു കണ്ണിറുക്കി പ്രത്യേക മുഖഭാവം കാണിക്കും. ഇപ്പം പരിഹരിച്ചു കളയാമെന്ന സന്ദേശമായിരുന്നു അതില്‍.അവനോട് അടുത്തവര്‍ക്കെല്ലാം അതറിയാം.

വര്‍ഷമേഘങ്ങള്‍ കേരളത്തില്‍ പല വേദികളിലും അവതരിപ്പിച്ചു.അതിലൊരു പാട്ടുണ്ടായിരുന്നു. കുട്ടിയുടെ ഒറ്റപ്പെടല്‍ കാണിക്കുന്ന ഗാനം. ഞാനായിരുന്നു എഴുതിയത് ചിറകു തളര്‍ന്ന...എന്നു തുടങ്ങുന്ന വളരെ പ്ലെയ്ന്‍ ആയ വരികള്‍.
വര്‍ഷമേഘങ്ങള്‍ ഞങ്ങള്‍  വയനാട്ടില്‍  ഒരുക്കി.അന്ന് പോവുമ്പോള്‍ ഞാന്‍ ഗിരീഷിനെയും കൂടെക്കൂട്ടി. വയനാട് കാണാനെന്ന ഭാവത്തില്‍ അവന്‍ വന്നു.
റിഹേഴ്സല്‍ സമയത്ത് പാട്ട് മാറ്റി ചെയ്യാമെന്ന് നിര്‍ദേശം വന്നു. ഗിരീഷെന്ന പത്താം തരക്കാരന്‍ എന്റെ അരികില്‍ ഹാര്‍മോണിയത്തിനു മുന്നില്‍ ഇരിക്കുന്നുണ്ട്. പെട്ടെന്ന് ഞാന്‍ അവനു പേനയും കടലാസും നല്‍കി വരി എഴുതാന്‍ പറഞ്ഞു. നാടകം അവന് ഹൃദിസ്ഥമായിരുന്നു. അവന്‍ ആ ഇരുപ്പില്‍ എഴുതി.

നിഴല്‍ വീണ നീല നിലാവിന്റെ മുറ്റത്തെ
നിഴലിലൊരെണ്ണമായീ ഞാന്‍
എവിടെയോ പാടുന്ന കുയിലിന്റെ ചുണ്ടത്ത്
എഴുതാത്ത രാഗത്തിന്‍ ഈണമായി

ഞങ്ങളെയാകെ അവന്‍ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കുട്ടിയുടെ ഏകാന്തത മുറ്റി നില്‍ക്കുന്ന വരികള്‍. നിമിഷങ്ങള്‍കൊണ്ട് ആഴമുള്ള വാങ്മയ ചിത്രമാണ് അവന്‍ വരച്ചത്. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു അത്.

മോഹനേട്ടന്‍ പഴയകാലത്തുനിന്ന് വരികള്‍ ഈണത്തില്‍ പാടി. മുഴുമിക്കാനാവാതെ ക്ഷമാപണത്തോടെ നിറമിഴികളുമായി എഴുന്നേറ്റ് പോയി.
പുറത്ത് മഴ തുടങ്ങി.പ്രതീക്ഷകള്‍ തെറ്റിച്ചെത്തിയ മഴപ്പെയ്ത്ത്.തൊടിനിറഞ്ഞ് മഴ.
മൂത്തവനാണെങ്കിലും ദുര്‍ബലനായിരുന്നു പലപ്പോഴും ഞാന്‍ .പല സന്ദര്‍ഭങ്ങളിലും. അവനായിരുന്നു ധൈര്യം.എവിടെയാണെങ്കിലും അവനുണ്ടെന്ന ധൈര്യമായിരുന്നു ഞങ്ങള്‍ക്ക്. നല്ല ഓര്‍മശക്തിയായിരുന്നു അവന്. കവിതകളെല്ലാം ഹൃദയത്തില്‍ പതിഞ്ഞു കിടക്കും. പലരും ആവശ്യങ്ങള്‍ക്ക് വരികള്‍ ഓര്‍ത്തെടുക്കാനാവാതെ കുഴങ്ങുമ്പോള്‍ അവനെയായിരുന്നു വിളിക്കാറ്. ആ കവിത എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു തീരേണ്ട താമസം അവന്‍ ചൊല്ലി തുടങ്ങും.
പ്രീഡിഗ്രിക്കാലത്ത് സുകുമാരന്‍ ഭാഗവതര്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ കുറേ ഭജന്‍സ് എഴുതി നല്‍കി. അവയെല്ലാം മികച്ചതായിരുന്നു.പിന്നീട് ആകാശവാണിയിലെ ലളിതഗാന പരിപാടിയിലേക്ക് വരികള്‍ അയക്കാന്‍ അദ്ദേഹമാണ് നിര്‍ദേശിക്കുന്നത്. പിന്നെ ആകാശവാണിയുടെ പാട്ടെഴുത്തുകാരനായി. അതിനിടെ നാടകട്രൂപ്പുകള്‍ക്കും മറ്റും എഴുതിയിരുന്നു. കോഴിക്കോട് സതീഷ്ബാബു പാടിയ ഭക്തിഗാനങ്ങളാണ് ആദ്യം പുറത്തുവന്ന കാസറ്റ് എന്നാണെന്റെ ഓര്‍മ. പിന്നീട് നിരവധി കേസറ്റുകള്‍ക്ക് എഴുതിയെങ്കിലും പ്രശസ്തി സമ്പത്ത് ഒന്നും വേണ്ടത്ര വന്നിരുന്നില്ല.
 അവന്റെ കല്ല്യാണവും ചെറിയതോതിലായിരുന്നു നടത്തിയത്. അമ്മാവന്റെ മകളായിരുന്നു ബീന. അവളുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അമ്മാവന്റെ മരണത്തോടെ അവള്‍ ഒറ്റപ്പെട്ടു.ആ സാഹചര്യത്തില്‍ അവരുടെ കല്ല്യാണം അനിവാര്യതയായിരുന്നു. അവന് അവളെ ഇഷ്ടവുമായിരുന്നു.
അതിനിടയില്‍ ഞാന്‍ കുടുംബത്തോടെ കോഴിക്കോട്ടേക്ക് താമസം മാറി. അതിനിടെ തറവാട് പൊളിച്ച് അന്നത്തെ സാമ്പത്തിക സ്ഥിതി വെച്ച് പണികഴിപ്പിച്ചതാണ് ഈ വീട്. ഇവിടെ ഏറ്റവും ഇളയയാളും അവനും അമ്മയും ബീനയും മക്കളുമായി.
അവന്‍ ചില സിനിമകളില്‍ പാട്ടെഴുതിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് അവന് ആര്‍.ടി.ഒ ഓഫിസില്‍ ചെറിയ ജോലിയുണ്ട്. ജീവിതപ്രയാസങ്ങള്‍ ഏറിയ ഘട്ടം. മൂത്ത കുഞ്ഞും പിറന്നു.


  ഇരുട്ടുള്ള ഇടവഴി കടന്ന് ഒരു സന്ധ്യ നേരത്താണ് അവരെത്തിയത്.രഞ്ജിത്തും ജയരാജും.ആരൊടൊക്കെയോ വഴിചോദിച്ച് ബുദ്ധിമുട്ടിയെത്തിയതാണ്. ഞങ്ങളുടെ അടുത്തനാട്ടുകാരനായ(കരിമല) രഞ്ജിത്തിനെ ഗിരീഷിന് മുന്‍പേ പരിചയമുണ്ട്. അവന്റെ കഴിവുകള്‍ രഞ്ജിത്തിന് നന്നായറിയാം. മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്ന ഗിരീഷ് ഇവരെ കണ്ട് ശരിക്കും ഞെട്ടി. അപ്രതീക്ഷിതമായിരുന്നു ആ വരവ്. അവര്‍ ഗിരീഷിനെ മദ്രാസിലേക്ക് വിളിക്കാന്‍ വന്നതാണ്. ജയരാജിന്റെ പുതിയ പടത്തിന് പാട്ടെഴുതിക്കാന്‍. അന്ന് സന്ധ്യനേരത്ത് അവര്‍ക്കൊപ്പമുള്ള ഗിരീഷിന്റെ ഇറക്കം ഞാന്‍ മറക്കില്ല. ചലച്ചിത്രാഗാന രചനാലോകത്ത് പേരെടുക്കാനുള്ള ചരിത്രയാത്രയായിരുന്നു അത്.ജോണിവാക്കറിലെ ശാന്തമീ രാത്രി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഗിരീഷ് തിരക്കുകളിലേക്ക് പോയി. എന്നേക്കാള്‍ നിങ്ങള്‍ക്കൊക്കെ അറിയുന്ന പിന്നീടുള്ള ഗിരീഷ് പുത്തഞ്ചേരിയായി.

അവന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതില്‍ രഞ്ജിത്തിന് നല്ല പങ്കുണ്ട്. ഏകദേശം സമപ്രായക്കാരായിരുന്നെങ്കിലും ഏട്ടന്റെ കണ്ണോടെ രഞ്ജിത് അവനെ പരിപാലിച്ചു. വഴക്കിട്ടും ഉപദേശിച്ചും വഴിതെളിച്ചും രഞ്ജിത് അവന്റെ കൂടെയുണ്ടായിരുന്നു.അതില്‍ രഞ്ജിതിനോട് എനിക്ക് കടപ്പാടുണ്ട്. അവന്റെ പട്ടട കത്തിതീരും വരെ രഞ്ജിത് ഒപ്പമുണ്ടായിരുന്നു. അന്ന് ഗിരീഷ് ഞങ്ങള്‍ക്കു മുന്‍പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒച്ചവെച്ച് സംസാരിച്ചതിന് ആരോടോ ക്ഷുഭിതനാവുന്ന രഞ്ജിതിനെ ഞാന്‍ കണ്ടു. അവനുശേഷവും കുടുംബത്തിന് വേണ്ടി രഞ്ജിത് മുന്നിട്ടിറങ്ങി.
പ്രതീക്ഷിച്ചതല്ല പെട്ടെന്നുള്ള അവന്റെ പോക്ക്.ആരും മുക്തരല്ല അവനില്ലാത്ത ഷോക്കില്‍ നിന്ന്.
മോഹനേട്ടന്റെ ശബ്ദമിടറുന്നു.  പ്രാവുകള്‍ കുറുകുന്നത് കിണറ്റിലെ കല്‍പൊത്തില്‍ നിന്നാണ്.
പണ്ട് അതില്‍ നിറയെ പ്രാവുകള്‍ കൂടുകൂട്ടിയിരുന്നു. അവ പറമ്പിലും മുറ്റത്തും പാറിനടന്നു. അവ തന്നെയാണ് ഗിരീഷിന്റെ വരികളില്‍ കുറുകുന്നതും. പുത്തഞ്ചേരിയിലെ സന്ധ്യകളും നിലാവും നാട്ടുനന്‍മയും പുഴയുമെല്ലാം ഈണങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകും. സ്മൃതിയുടെ ഈണമായി ഗിരീഷ് പുത്തഞ്ചേരിയും.
കവലയിലേക്ക് കയറിയപ്പോള്‍ പീടിക തുറന്ന് ഗോപാലേട്ടന്‍. നാട്ടിലേക്കുള്ള വരവുകളില്‍ കാര്‍ നിര്‍ത്തി ഗിരീഷ് ഇറങ്ങുന്നത് ഗോപാലേട്ടന്റെ കടവരാന്തയിലേക്കാണ്. ബീനയെയും മക്കളെയും തറവാട്ടിലേക്ക് വിട്ട് വിസ്തരിച്ച് മുറുക്കി നാട്ടു വിശേഷങ്ങള്‍ ആരായും. വീട്ടിലേക്കുള്ള സാധനങ്ങള്‍ കടക്കുള്ളില്‍ കയറി സ്വയം തൂക്കിയെടുത്ത് പൊതിയും. സുഹൃത്തുക്കളെ കാത്തിരിക്കും.
ഗോപാലേട്ടന്‍ പറയുന്നു^ മരിക്കുന്നേന് ഒരാഴ്ച മുമ്പാ അവസാനം വന്നത്.അന്നും ഇവിടെറങ്ങി. ന്നെ നാട്ടില് സ്ഥലം നോക്കി വെക്കാനേല്‍പ്പിച്ചു. നാട്ടിലേക്ക് തിരിച്ച് വരണംന്നായിര്ന്നു...

നിധീഷ് നടേരി