കളിവീടുറങ്ങിയല്ലോ...
അച്ഛന്റെ സ്വരത്തില്‍ ഓര്‍മയിലത് ഇടക്കിടെ വന്നു പോവും. ആദ്യകേള്‍വി വീടിന്റെ പൂമുഖത്ത് നിലത്തിരുന്നാണ് . ഇരുപതു വര്‍ഷം മുന്‍പ്. അച്ഛമ്മയും അമ്മയും അനിയനും തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാന്‍ കിട്ടുന്ന അച്ഛനും ഇരിക്കയാണ്. കേമലിന്റെ പുതിയ കളര്‍ബോക്സ് കിട്ടിയ ദിവസം.എന്തിനോ കുറുമ്പുകൂടി അമ്മയെ കുറ്റം പറഞ്ഞ ഏഴുവയസുകാരനുള്ള അച്ഛന്റെ മറുപടിയായിരുന്നു ആ പാട്ട്. പൂര്‍ത്തിയാവും മുന്‍പ് അവന്‍ കരഞ്ഞു. ആ കരച്ചില്‍ ഇന്നും തുളുമ്പും ആ പാട്ട് ഓര്‍ത്തെടുക്കുമ്പോള്‍.
രജനീകാന്ത് തളര്‍വാതം വന്ന അമ്മയെ പരിചരിക്കുന്ന രംഗങ്ങളുമായ് പിന്നെ എപ്പോഴോ മന്നന്‍ എന്ന ചിത്രത്തിലെ പാട്ടു കണ്ടു. പിന്നെ പലവുരു കേട്ടു. അമ്മ എന്ന പദത്തിന് മിഴിവും മഹത്വവും ഏറ്റുന്ന വരികള്‍. യേശുദാസിന്റെ സ്വരത്തിന്റെ അഭൌമ ചൈതന്യം. അസംഖ്യം തവണ മനസ് ജപം പോലെ ഈ പാട്ടു മൂളിക്കഴിഞ്ഞിരിക്കുന്നു..
ഓര്‍മയുടെ അങ്ങേ അറ്റത്ത് ഇപ്പൊഴും ആ പാട്ടുണ്ട്.
സ്നേഹവും ത്യാഗവും ഒന്നിച്ചു ചേരുന്ന കാരുണ്യപാല്‍ക്കടലാണമ്മ
പാരിതിലെങ്ങും പ്രകാശം പരത്തുന്ന
വാല്‍സല്യ പ്പൊന്‍വിളക്കമ്മ
കാലിട്ടടിച്ചു കരഞ്ഞനാള്‍ തൊട്ടു നാം
കാണുന്ന ദൈവമിതമ്മ
ഈ ലോകമെന്തെന്നറിയാത്ത കാലത്തെ
താങ്ങും തണലുമാണമ്മ
എഴുതിയതാരെന്ന് അറിയില്ല. കോഴിക്കോട് ആകാശവാണിയിലുണ്ടായിരുന്ന കുഞ്ഞിരാമന്‍ ഭാഗവതരാണ് സംഗീതമെന്ന് പിന്നീട് പറഞ്ഞു കേട്ടു. ആഭേരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തെറ്റെത്ര ചെയ്താലും കുറ്റം പറഞ്ഞാലും
ഒക്കെ പൊറുക്കുന്നിതമ്മ
മക്കള്‍ക്കൊരിത്തിരി കണ്ണു നനഞ്ഞാലോ
പൊട്ടിക്കരയുന്നിതമ്മ
അച്ഛനെയും കൂടപ്പിറപ്പുകളെയും പാട്ടുപഠിപ്പിക്കാന്‍ വന്നിരുന്ന ഭാഗവതര്‍ പഠിപ്പിച്ചത്. അച്ഛനും അച്ഛമ്മയും ഓര്‍മയായി. ഈയിടെ ഈ വരികള്‍ മൂളിക്കേള്‍ക്കണമെന്ന കൊതിയില്‍ മേമയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തുടക്കത്തിലേ കരച്ചിലില്‍ ഇടറി നിന്നു. സംഗീതവും സാഹിത്യവും ചേര്‍ന്ന് ഓര്‍മകളെ ഇത്രമേല്‍ മഥിക്കുമെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്നു. പാട്ടിന്റെ കൈവഴികളിലെല്ലാം സ്നേഹത്തിന്റെ അമ്മമുഖങ്ങളാണ്.
അമ്മായെന്‍ട്രഴക്കാത് ഉയിരില്ലയേ
അമ്മാവെ വണങ്കാത് ഉയര്‍വില്ലയേ
നേരില്‍ നിന്‍ട്ര് പേസും ദൈവം
പെട്ര തായെന്‍ട്രി വേറൊന്‍ട്ര് യേത്
തമിഴ് പാട്ടുകള്‍ അത്രയൊന്നും കേള്‍ക്കാതിരുന്ന എന്റെ ചെവിയില്‍ ഈ പാട്ടെത്തുന്നത് ചേച്ചിമാരിലൊരാളുടെ ചുണ്ടില്‍ നിന്നാണ്. പാലക്കാട്ടു നിന്ന് വേനലവധികളില്‍ അവരെത്തുമ്പോഴാണ് തമിഴ് പാട്ടുകള്‍ മൂളിക്കേള്‍ക്കാറ്.

പസുംതങ്കം പുതുവെള്ളി മാണിക്യം മണിവൈരം
അവൈയാവും ഒരു തായ്ക്ക് ഈടാകുമാ
വിലൈമീത് വിലൈ വൈത്ത് കേട്ടാലും കൊടുത്താലും
കടൈതന്നില്‍ തായന്‍പ് കിടക്കാതമ്മാ
ഈരൈന്തു മാതങ്ങള്‍ കരുവോട് എനൈ താങ്കി
നീപട്ട പെരും പാട് അറിവേനമ്മാ
ഈരേഴു ജന്‍മങ്കള്‍ എടുത്താലും ഉഴൈത്താലും
ഉനൈക്കിങ്ക് നാന്‍ പട്ട കടം തീരുമാ
ഉന്നാലേ പിറന്തേനേ....
അമ്മയോട് അനന്തകാലങ്ങള്‍ക്കപ്പുറവും വീട്ടാതെ കിടക്കുന്ന ഉയിരിന്റെ കടപ്പാട്.പാടിതീര്‍ക്കാനാവാത്ത പാട്ടുപോലെ അത് ഇളയരാജയുടെ ഈണവും കണ്ണദാസന്റെ വരികളും യേശുദാസിന്റെ ശബ്ദവും കടന്ന് ഒഴുകുന്ന പോലെ. എത്ര വിലകൊടുത്താലും വാങ്ങാന്‍ കിട്ടാത്ത തായന്‍പ്, എത്ര അമൂല്യ രത്നങ്ങള്‍ക്കും പകരം വെക്കാനാവാത്ത മാതൃത്വത്തിന്റെ മതിപ്പ്, ചമല്‍ക്കാരങ്ങളേറെയില്ലാതെ നിഷ്കളങ്ക മനസില്‍ നിന്നുള്ള തെളിഞ്ഞ ബിംബങ്ങളുമായി കണ്ണദാസന്‍ വരച്ചിട്ടിരിക്കുന്നു.
ഓടിയാടുന്ന പെണ്‍കിടാവേ
ഇവളെന്തോര്‍ത്തു തലകുനിപ്പൂ
പാടിക്കളിക്കേണ്ട പ്രായങ്ങളില്‍
പല ഭാരങ്ങളും ചുമപ്പൂ
ദൂരദര്‍ശന്റെ റെക്കോര്‍ഡ് റൂമിലെവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാവണം ഈ പാട്ട്. ആരുടെ രചനയെന്നോ സംഗീതമെന്നോ അറിയില്ല. 90 കളില്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ സ്ഥിരമായ് വന്നുകൊണ്ടിരുന്ന ഗാനമായിരുന്നു.യേശുദാസിന്റെ ശബ്ദം. എന്‍. എല്‍ ബാലകൃഷ്ണന്‍ ബലൂണ്‍വില്‍പ്പനക്കാരനായ് വരുന്ന പാട്ട്. അടുക്കളപ്പുറത്തിരുന്ന് പാത്രം കഴുകുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ നോക്കി അയാള്‍ പാടുകയാണ്.
അമ്മക്ക് അടുക്കളയില്‍ തീയൂട്ടാനിവള്‍ വേണം
അന്തിക്ക് അരിയാട്ടി മാവാക്കാന്‍ ഇവള്‍ വേണം
മുറ്റമടിക്കാന്‍ വെള്ളം കോരാന്‍ തുണിയലക്കാന്‍....പാത്രങ്ങള്‍ മോറാന്‍ പടച്ചുവിട്ടത് പെണ്ണിനെയോ
ഇവള്‍ പെണ്ണായ് പോയതിനാലേ
ചുമടൊന്നിന്നൊന്നിനു മേലെ
അതു ചുമന്നു ചുമന്നു തളര്‍ന്നു തളര്‍ന്നു തേങ്ങും ഹൃദയമോടെ
വര്‍ഷങ്ങള്‍ക്കപ്പുറത്ത് കണ്ട പാട്ട് അത്രക്കു മനസില്‍ പതിഞ്ഞിരുന്നു. ദൃശ്യവും ഗാനവും ചേര്‍ന്ന് കൂടുകൂട്ടിയതാണ് മനസില്‍. സ്ത്രീ വിവേചനം, മെയ്ല്‍ ഷോവനിസം എന്നൊന്നും കേട്ടറിവില്ലാത്ത കുട്ടിക്കാലത്തിന് ആ പെണ്‍കുട്ടിയുടെ അവസ്ഥയോട് അനുതാപമുണ്ടായിരുന്നു. അറിയാവുന്ന പല പെണ്‍കുട്ടികളും കളിപ്രായത്തിലേ അടുക്കളയിലേക്കെന്ന് അടയാളപ്പെടുത്തപ്പെടുന്നത് കണ്ടപ്പൊഴോക്കെ അതിലെ അനീതിയില്‍ വേദനിക്കുവാനെങ്കിലും ആ പാട്ട് പ്രേരിപ്പിച്ചിരുന്നു. പിന്നെ ദൂരദര്‍ശന്‍ ആ പാട്ടു പതിയെ പിന്‍വലിച്ചു. കാലമേറെക്കഴിഞ്ഞ് കോഴിക്കോട്ട് മലബാര്‍ പാലസില്‍ നടന്ന വനിതാ സെമിനാറിന് കാഴ്ചക്കാരനായിരിക്കെയാണ് പെട്ടെന്ന് ഈ വരികള്‍ ഇടമുറിയാതെ ദൃശ്യത്തെളിമയോടെ വീണ്ടും ഓര്‍മയിലെത്തിയത്. വനിതാ കമ്മീഷന്‍ നിര്‍മിച്ച വിരസമായ ഒരു ഹ്രസ്വചിത്രം കാണുമ്പൊഴായിരുന്നു അത്. സ്ത്രീവിമോചനത്തെക്കുറിച്ചെന്ന് ഊറ്റം കൊള്ളാന്‍ പടച്ചെടുത്ത കുറേ കൃത്രിമ രംഗങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ എത്ര കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു ആ പാട്ട് എന്ന് ഒന്നു കൂടെ ബോധ്യമായി. ഒരിക്കല്‍ കൂടി ആ പാട്ട് കേട്ടിരുന്നെങ്കിലെന്നും..ഇങ്ങനെ ചില പാട്ടുകള്‍ അപ്രതീക്ഷിതമായി മൂടിക്കിടന്ന മറവിയുടെ പുതപ്പുമാറ്റി ഇടക്ക് ഓര്‍മയിലേക്ക് ഉണരുന്നുണ്ട്.
ഓരോ കേള്‍വിയിലും മനസു പറിച്ചെടുക്കുന്ന മറ്റൊരു പാട്ടുണ്ട്.
കളിവീടുറങ്ങിയല്ലോ
കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെന്‍
ആത്മാവു തേങ്ങുന്നല്ലോ
അച്ഛനെ അര്‍ബുദം തളര്‍ത്തിയ കാലം. പക്ഷേ പാട്ടു കേട്ടും വായിച്ചും ശയ്യാവലംബിയായ ആ ദിനങ്ങള്‍ അച്ഛന്‍ ചെലവഴിച്ചു. അന്ന് സിനിമാപാട്ട് ലോകം തന്നെയായിരുന്ന പത്താം ക്ലാസുകാരന്‍ കടം കൊണ്ട കേസറ്റായിരുന്നു ദേശാടനത്തിന്റെത്. കുറച്ചുദിവസങ്ങള്‍ പലവുരു ആ പാട്ട് വീട്ടില്‍ മുഴങ്ങി. അച്ഛനെ കൂടി പുതുതായിറങ്ങിയ നല്ല പാട്ടു കേള്‍പ്പിക്കുക. അച്ഛന്‍ അതിനെപ്പറ്റി നല്ലതു പറയുന്നത് കേള്‍ക്കുക. പതിവു പോലെ അതായിരുന്നു മനസു നിറയെ. വേദന തിന്നുമ്പൊഴും അച്ഛനതു കേട്ടു. നല്ലതു പറഞ്ഞു. കൈതപ്രത്തെക്കുറിച്ചു പറഞ്ഞു. പണ്ട് കോഴിക്കോട് പ്രസ് ക്ലബിന്റെ കുടുംബമേളയില്‍ ലളിതഗാനത്തിന് അച്ഛനെ രണ്ടാമതാക്കിയ മാതൃഭൂമിയിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെന്ന പ്രതിഭയെക്കുറിച്ചു പറഞ്ഞു. പതിയെ അച്ഛന്റെ മാത്രയോരോന്നും വേദനയുടേത് മാത്രമായി. അവസാനം വരെ
ഇനിയെന്നു കാണുമെന്നാല്‍ പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിലോര്‍മകള്‍ തുളുമ്പിപ്പോയി
എത്രയായാലുമെന്‍ ഉണ്ണിയല്ലേ
അവന്‍
വിലപിടിയാത്തൊരെന്‍ നിധിയല്ലേ
എന്റെ പുണ്യമല്ലേ
ഈ വരികളില്‍ ഹൃദയം കനത്ത് പൊട്ടുമെന്ന് തോന്നും ഓരോ കേള്‍വിയിലും.
പാട്ടുകള്‍ ഓര്‍മയുടെ മേഘങ്ങളാണ്. ഇടക്ക് അവ ഓര്‍മപെയ്ത്തില്‍ നിര്‍ത്തി കുളിര്‍പ്പിക്കുന്നു. ഇടക്ക് അതിവര്‍ഷത്തിന്റെ പെരുന്തുള്ളികളായി മനസില്‍ വീണ് നോവിക്കുന്നു. രണ്ടിനും അനിര്‍വചനീയമായ അനുഭൂതിയുടെ സുഖമുണ്ട്. അവ ഗൃഹാതുരതയുടെ, സങ്കടങ്ങളുടെ, സ്നേഹവായ്പുകളുടെ ലഹരികൂടിയാണ്.
നിധീഷ് നടേരി
ദേശാടനത്തിലെ ആ പാട്ട് ഒരു വിങ്ങല്‍ ഉണ്ടാക്കുന്നതാണ് . അത് കേള്‍ക്കുമ്പോള്‍ കഥാ സന്ദര്‍ഭം ഓര്‍മ വരും.കൈതപ്രത്തിന്റെ ഹൃദയ സ്പര്‍ശിയായ വരികള്‍ ..............
ReplyDelete