Friday, June 17, 2011

സച്ചിന്‍...നിങ്ങളില്ലെങ്കിലും കേള്‍ക്കുന്നുണ്ട് പുല്ലാങ്കുഴല്‍ നാദം

  
ചെല്ലുന്നിടത്തു നിന്നെല്ലാം ആ ഓടക്കുഴല്‍ നാദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതി മനോഹരമായ കോംപോസിഷന്‍...ചിലപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ ഏതെങ്കിലും സഹയാത്രികന്റെ മൊബൈലില്‍നിന്ന് അതിങ്ങനെ ഒഴൂകിതുടങ്ങുമ്പോള്‍ അയാള്‍ ഫോണെടുക്കാന്‍ വൈകണേ എന്ന് മനസുകൊണ്ട് കൊതിച്ചു. അനേകമനേകം ആളുകളുടെ
മൊബൈല്‍ഫോണുകളില്‍ നിന്ന് ഏതൊക്കെയോ കോണുകളില്‍ അത് ഉണരുകയായിരുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് അതേ ഓടക്കുഴല്‍ സംഗീതം കേട്ടത് ഗായകന്‍ കല്ലറഗോപന്റെ മൊബൈലില്‍ നിന്നായിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചിരുന്നു അത് വായിച്ച സച്ചിന്‍ കൈതാരം എന്ന സംഗീതകാരനെ കുറിച്ച്. സച്ചിന്‍ കൈതാരത്തിന്റെ തന്നെ കോംപസിഷനായിരുന്നു അത്.  മരണത്തിന്റെ ഒട്ടും മയമില്ലാത്ത ചില തിരിച്ചെടുക്കലുകളെ അന്ന് ഞാന്‍ ഏറെ വെറുത്തു. നാം മനസിലേറ്റിയ എത്രയോ പാട്ടുകളില്‍ സച്ചിന്റെ ഓടക്കുഴല്‍ ഇപ്പോഴും മൂളുന്നുണ്ട്. എണ്ണമില്ലാത്ത സിനിമാ ഗാനങ്ങളില്‍ പിന്നണിയില്‍ സച്ചിന്‍ പുല്ലാങ്കുഴലൂതി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകേട്ട വേണുഗാനം ഇന്ന് പലയിടങ്ങളില്‍ പലവുരു കേള്‍ക്കുമ്പോഴാണ് ഞാന്‍ സച്ചിന്‍ കൈതാരത്തെ വീണ്ടുമോര്‍ക്കുന്നത്.
എന്തെങ്കിലും ഇവിടെ എഴുതണമെന്നുതോന്നി. എനിക്ക് ഒരു മരണവാര്‍ത്തയിലൂടെ മാത്രം പരിചിതനായിരുന്ന ആള്‍...പിന്നീട് ഒരു ഈണത്തിനൊപ്പം ഓര്‍മയില്‍ ചേക്കേറിയ ആള്‍... പതിയെ ആണ് സച്ചിന്‍ കൈതാരം എന്ന സംഗീതകാരന്‍ എനിക്കു മുന്നില്‍ തെളിഞ്ഞുകത്താന്‍ തുടങ്ങുന്നത്. സച്ചിനെ കുറിച്ചറിയാന്‍ നടത്തിയ ചെറിയ അന്വേഷണത്തില്‍ നിന്ന് വല്ലാത്ത ഒരു യാദൃശ്ചികത ഞാനറിഞ്ഞു. എഴുതാന്‍ ആലോചിക്കുന്ന ഈ ജൂണ്‍ദിനങ്ങളിലൊന്നാണ് സച്ചിനെ അപഹരിച്ചതെന്ന്. 2006 ജൂണ്‍ പതിനഞ്ചിനായിരുന്നു സച്ചിന്റെ ജീവനെടുത്ത കാറപകടം. ഇതുപോലെ മുന്‍പ് നന്ദിതയും എന്നെ ആശ്ചര്യപെടുത്തിയ യാദൃശ്ചികത സമ്മാനിച്ചിട്ടുണ്ട്. കോളജ് കാലത്ത് അമ്മാവന്റെ വീട്ടിലെ ഒരു രാത്രി. പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് എനിക്ക് നന്ദിതയുടെ കവിതകള്‍ കിട്ടുന്നു. അന്നു പുലരുവോളം ഞാന്‍ നന്ദിതയുടെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കുന്നു. രാവിലെ പത്രം നിവര്‍ത്തവേ ചരമപേജില്‍ നന്ദിതയുടെ ചരമവാര്‍ഷികം ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....അതുപോലെ മറ്റൊരു യാദൃശ്ചികതയായി സച്ചിനും മുന്നില്‍ നില്‍ക്കുന്നു.
ജാസി ഗിഫ്റ്റിനൊപ്പം ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് സച്ചിനെ തേടി മരണമെത്തിയത്. ബസ് കാത്തു നില്‍ക്കയായിരുന്ന സച്ചിന് ജാസിഗിഫ്റ്റിന്റെ മാനേജര്‍ സ്കോര്‍പിയോയില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു. സച്ചിനും കൂടെയുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ നിരയിലേക്കുയരാനുള്ള പ്രതിഭയുണ്ടായിരുന്നു സച്ചിന്. പിറക്കാനിരിക്കുന്ന ഒരുപാട് ഈണങ്ങളെ കൂടിയാണ് അന്ന് മരണമെടുത്തത്. സച്ചിനെ കുറിച്ചുള്ള അന്വേഷണത്തിനിടെ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ മുന്നിലിരുന്നു പാട്ടു പഠിച്ച ഒരു പാവം ശിഷ്യനെപറ്റി ഇളയച്ഛന്‍ പറഞ്ഞു. പല ഓര്‍ക്കസ്ട്രകളില്‍ പുല്ലാങ്കുഴലുമായി പെയ്തു തിമിര്‍ക്കുന്ന ശിഷ്യനെ അദ്ദേഹം കണ്ടു.
കുന്നംകുളത്തിനടുത്ത് പാര്‍ക്കാടി ക്ഷേത്രത്തിനായി ഭക്തി ഗാനമെഴുതാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് എഴൂതിയ
വാളും ചിലമ്പും ഇല്ലാതെ വന്നെന്റെ
ഉള്ളില്‍ പാര്‍ക്കുമോ ദേവി
പാര്‍ക്കാടി വാഴൂന്ന ദേവി
എന്ന പാട്ടിന് സച്ചിന്‍ കൈതാരമാണ് പുല്ലാങ്കുഴല്‍ വായിച്ചതെന്ന് അറിയുന്നത് അപ്പോഴാണ്. മധുബാലകൃഷ്ണനായിരുന്നു പാടിയത്. ഇളയച്ഛന്റെ സംഗീതം. അന്ന് അവര്‍ വളരെ കാലത്തിനിടയില്‍ കണ്ടുമുട്ടുകയായിരുന്നു. ഗുരുവിന്റെ പാട്ടിനു വായിക്കാനായി ശിഷ്യന്‍ എത്തുകയായിരുന്നു.

Saturday, June 4, 2011

സംഗീതം.. യുദ്ധം... കയ്യാങ്കളി


മാസങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ സംഗീത അധ്യാപകന്‍ എന്നോട് അരമണിക്കൂറിലധികം സംസാരിച്ചത് ഒരു ടൈറ്റിലിനെ കുറിച്ചായിരുന്നു. ഏറെ രോഷത്തോടെ ചിലപ്പോള്‍ വേദനയോടെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. സൂര്യ ടിവിയില്‍ വരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടിയായിരുന്നു വിഷയം. പരിപാടി അദ്ദേഹം കണ്ടിട്ടില്ല. പരിപാടിയുടെ വരവറിയിച്ചുകൊണ്ട് വന്ന പരസ്യങ്ങള്‍ തന്നെ അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഒരു വലിയ യുദ്ധം നടക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു പരസ്യങ്ങള്‍. ഗായകരിങ്ങനെ ഇപ്പോ യുദ്ധംചെയ്ത് രാജ്യം പിടിച്ചടക്കി എല്ലാത്തിനെയും തീര്‍ക്കുമെന്ന ഭാവത്തില്‍ നിരന്നു നില്‍ക്കുന്നു...ചുവട്ടില്‍ നമ്മുടെ ടൈറ്റില്‍ സംഗീത മഹായുദ്ധം...എത്ര വലിയ ഇന്നോവേറ്റീവ് ചിന്തയായാലും  തരക്കേടില്ല സംഗീതത്തെ യുദ്ധമാക്കുന്നത് ക്രിയേറ്റീവ് കാടത്തം തന്നെയാണ്. പൊതുവില്‍ കലോല്‍സവവേദിമുതല്‍ റിയാലിറ്റി സ്റ്റുഡിയോവരെ സംഗീതം കൊണ്ടുള്ള പടവെട്ടിന് സാക്ഷ്യം വഹിക്കുന്നുവെന്നത് നേര്..എന്നാലും അതിങ്ങനെ സ്ഥാപിക്കേണ്ട കാര്യമുണ്ടായിരുന്നോ... എന്ന് അദ്ദേഹം രോക്ഷപ്പെടുന്നു. ലോലമായി മനസിനെ കീഴടക്കുന്ന മൃദുല കലയെ അതിഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും പര്യായമായ യുദ്ധവുമായി ചേര്‍ത്തുവെച്ചത് ക്രിമിനല്‍ ചിന്തയാണെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. സംഗീതം ഒച്ചപ്പാടിന്റെ കോമരംതുള്ളലായി കഴിഞ്ഞ കാലത്ത് എന്തിനിങ്ങനെ ഒരു മനുഷ്യന്‍ ഒരു വാക്കിന്‍മേല്‍ തൂങ്ങി മനസുവേദനിപ്പിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നും.. സംഗീതം സിനിമാസംഗീതം മാത്രമായി അടയാളപ്പെട്ടുപോവുന്നതും സിനിമയുടെ കച്ചവടക്കോണുകളില്‍ ചേര്‍ക്കുവാനുള്ള ബഹളമായി മാറുന്നതും പൊരുത്തപ്പെട്ടുപോയ നമുക്ക് ഇനി എന്തായാലെന്ത്.പിന്നീട് അറിഞ്ഞു ഏതാണ്ടൊരു പടവെട്ടിന്റെ സ്വഭാവമായിരുന്നു ആ പരിപാടിക്കെന്ന്. ഗ്രൂപ്പുതിരിഞ്ഞ് ഗായകര്‍ നടത്തുന്ന അങ്കം.
എന്തായാലും വലിയ തരംഗമൊന്നും സൃഷ്ടിക്കാന്‍ നമ്മുടെ യുദ്ധത്തിനായില്ലെന്ന് റേറ്റിങ് സത്യങ്ങള്‍.. ഇങ്ങനെ സംഗീതം ഉപാസനയായവര്‍ ഒത്തിരി മനം നൊന്ത് ശപിച്ചു കാണണം..
സംഗീതാനന്തരം ചില യുദ്ധങ്ങള്‍ കലോല്‍സവവേദികളില്‍ കണ്ടിരുന്നു. ലളിതഗാനം, ഗ്രൂപ്പ് സോങ് തുടങ്ങിയവയുടെ ഫലം വരുമ്പോള്‍ അത് ജഡ്ജസിനു നേരെയോ രക്ഷിതാക്കള്‍ തമ്മിലോ ഒക്കെയുള്ള അങ്കംവെട്ടലുകള്‍ക്ക് തിരശീല ഉയര്‍ത്തിയിരുന്നു. ശാന്തരായി വേദിയില്‍ നിന്ന് സംഗീതകലയെ ഉപാസിച്ചു വിരുന്നൂട്ടിയ മല്‍സരാര്‍ഥികള്‍ അതിന്റെ ലാഞ്ചന പോലും മുഖത്തുതെളിക്കാതെ രൌദ്രഭാവം പൂണ്ട് വാദിക്കുന്നതും ജഡ്ജസിനെയും സംഘാടകരെയുമൊക്കെ ഗ്വാ ഗ്വാ വിളിക്കുന്നതും കണ്ടിരുന്നു... ഇത്തിരി കയ്യാങ്കളികൂടിയുണ്ടെങ്കിലേ ഈ സംഗീതം കൊണ്ട് കാര്യമുള്ളൂ എന്നാവാം ഇതൊക്കെ പറഞ്ഞുവെക്കുന്നത്.

Wednesday, June 1, 2011

സ്റ്റാര്‍ സിങ്ങര്‍ ഫാക്ടറിയില്‍ നിന്നൊരു ഗന്ധര്‍വ്വനിറങ്ങുമോ?

 
മലയാളിക്ക് അമൃത ചാനലിന്റെ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ പുതുമ തന്നെയായിരുന്നു. മേരി ആവാസ് സുനോ എന്ന ദൂരദര്‍ശന്‍പരിപാടിക്കു ശേഷം  മലയാളം ഇത്ര മേല്‍ സ്വീകരിച്ച മറ്റൊരു റിയാലിറ്റി ഷോ ഉണ്ടാകില്ല. പിന്നീടത് ഏഷ്യാനെറ്റ് ഹൈജാക്ക് ചെയ്ത് വന്‍ സംഭവമാക്കി കാശുണ്ടാക്കുകയും ചെയ്തു. മുന്‍പ് ദൂരദര്‍ശന്റെ ചില ഞായറാഴ്ച സംഗീത മല്‍സരങ്ങളായിരുന്നു ഈ ഗണത്തില്‍ നമുക്കു കാണാനുണ്ടായിരുന്നത്. പ്രൊഫഷനലിസം നന്നായി കലക്കിയെടുത്തതോടെ കണ്ണഞ്ചിക്കുന്ന സെറ്റില്‍ നമ്മുടെ ഗായകര്‍ നിരന്നു പാടുന്നത് കാണാനായി. 
അമൃതയുടെ ആദ്യ ഷോയുടെ വിജയികള്‍ക്ക് വലിയ താരസൌഭാഗ്യം തന്നെ ലഭിച്ചു. സംഗീതും നിധീഷുമൊക്കെ ഏറെ ജനപ്രിയരുമായി. പിന്നീട് അമൃതയുടെ രണ്ടാം ഘട്ട കൊയ്ത്ത് തുടങ്ങും മുന്‍പാണ് കളിയറിഞ്ഞ വിളവുമായി ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പുത്തന്‍ ഭാവത്തില്‍ കൊണ്ടുവന്നത്. മുന്‍പ് ജയചന്ദ്രനും ചിത്ര അയ്യരുമൊക്കെ വിധികര്‍ത്താക്കളായിരുന്ന് കൈവിട്ടുപോയ പരിപാടിയായിരുന്നു അത്. അനാവശ്യ രാഗകസര്‍ത്തുകളുമായി പാട്ടുകളെ ജനിതകമാറ്റം വരുത്താനുള്ള വിധികര്‍ത്താക്കളുടെ നിര്‍ദേശങ്ങളായിരുന്നു ആദ്യകാലത്തെ മുഖ്യ ബോറ്. പരാജയത്തില്‍ നിന്നും അയലത്തെ ചാനലില്‍ നിന്നും പാഠമുള്‍ക്കൊണ്ട രണ്ടാം വരവില്‍ ഏഷ്യാനെറ്റ് ശരിക്കു കൊയ്തു. റേറ്റിങില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പരിപാടിയായി മാറാന്‍ സ്റ്റാര്‍ സിംഗറിനായി. 

ഓരോസീസണിലും താരഗായകര്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നു. പരിപാടിയിലെ ഗസ്റ്റ് സീറ്റിലിരിക്കാന്‍ പുറത്ത് താരപ്രഭ മങ്ങി തിരിച്ചു വരവുകാത്തിരിക്കുന്ന സിനിമാക്കാരുടെ തള്ളാണ്. പലരും അങ്ങോട്ട് റിക്വസ്റ്റ് ചെയ്താണത്രേ ഹോട്ട് സീറ്റിലെത്തുന്നത്. ചില സംവിധായകര്‍ പാട്ടറുതിയില്‍ ഗായകനോട് സിനിമയില്‍ പാടിച്ച് യേശുദാസാക്കി കളയും എന്നൊക്കെ ഭീഷണിയുയര്‍ത്തുമെങ്കിലും നടന്ന് കാണാറില്ല.
പാടിപ്പതിഞ്ഞ സിനിമാഗാനങ്ങള്‍ വള്ളിപുള്ളിവിടാതെ പാടിപ്പിച്ച് ശീലിപ്പിച്ച പല സ്റ്റാര്‍ ഗായകര്‍ക്കും സ്റ്റുഡിയോയില്‍ ജനിക്കുന്ന പുതുപാട്ടുകള്‍ക്ക് ജീവന്‍ നല്‍കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. യേശുദാസും ജയചന്ദ്രനുമൊക്കെ ഭാവവും ചൈതന്യവും നല്‍കി അണിയിച്ചൊരുക്കുന്ന സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും സൃഷ്ടികള്‍ പലവുരു കേട്ട് ആവര്‍ത്തിക്കുവാന്‍ മാത്രമാണല്ലോ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഗായകര്‍ക്കു വിധി. അതില്‍ തന്നെ വല്ല സ്വരപഥവുമൊന്നിടറിയാല്‍ സംഗീത മജിസ്ട്രേറ്റുമാ
ര്‍ കണ്ണുതുറിക്കുകയും കമന്റു പറയുകയും ചെയ്യും. സിനിമാപ്പാട്ടു പാടുമ്പോള്‍ വള്ളി പുള്ളിവിടാതെ ഒറിജിനലിനെ മിമിക് ചെയ്യണമെന്നാണ് പൊതുവില്‍ പ്രേക്ഷകനു ബോധ്യമാവുന്നത്. 
കോഴിക്കോട്ട് കടപ്പുറത്ത് ഗാനമേളക്കിടെ മാനേ....മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ എന്ന പാട്ട് ഇംപ്രവൈസേഷനോടെ പാടിയപ്പോള്‍ പാട്ട് കുളമാക്കിയെന്ന് പറഞ്ഞ് ഗാനഗന്ധര്‍വ്വനെ കൂക്കിയവരും  സ്ററാര്‍ ജഡ്ജിമാരും തമ്മിലെന്ത് വെത്യാസമെന്നും ചില പ്രേക്ഷ:കര്‍ ശങ്കിച്ചു പോവുന്നുമുണ്ട്. ഇതേ മജിസ്ട്രേറ്റുമാര്‍ തന്നെ അടുത്ത നിമിഷം ഇംപ്രവൈസേഷനെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും.അതു വേറെ തമാശ. അങ്ങനെ ഒറിജിനലിനെ മിമിക് ചെയ്ത് ശീലിച്ച നമ്മുടെ താരഗായകര്‍ പിന്നെ സ്റ്റുഡിയോയില്‍ പുതിയ പാട്ടിലെന്തു ചെയ്യാനാണ്. കോട്ടയം നസീര്‍ ചില സിനിമകളില്‍ വേഷം ചെയ്തതുപോലെ ഭീകര പരാജയമാവും ഫലം. സംഗീത സംവിധായകന്റെയും രചയിതാവിന്റെയും നല്ലൊരു സൃഷ്ടി ചിലപ്പോള്‍ വേസ്റ്റാവുകയും ചെയ്യും. 
പിന്നെ ഈ ഗായകരുടെ ഏക ആശ്രയം സ്റ്റേജ് ഷോകളാവുന്നു. അതിന് കേരളത്തിലും ഗള്‍ഫിലും യാതൊരു പഞ്ഞവുമില്ല.  കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന വിധം കളം നിറഞ്ഞ് പണം വാങ്ങി പാടുക. മിക്കപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ഗായകര്‍ ഷോ കഴിഞ്ഞാല്‍ പിന്നെ ഈ തിരക്കിലാവും. മുന്‍പ് വിനയാന്വിതരായി ഗാനമേള വേദിക്കു പിന്നില്‍ ഒരു പാട്ടിനു കെഞ്ചിയവര്‍ പാട്ടൊന്നിന് പതിനായിരം എന്ന് കണ്ണടച്ച് പറയുന്ന കാഴ്ചയും കാണാവുന്നതാണ്. പറഞ്ഞുവരുന്നത് ഇവരൊന്നും കഴിവില്ലാത്തവരും കൊള്ളാത്തവരുമെന്നല്ല.  ഇവരുടെ കഴിവുകള്‍ ചില പ്രത്യേക കാലത്തിലോ കാര്യത്തിലോ ഒതുങ്ങി പോവുന്നു എന്നാണ്. അങ്ങനെ വര്‍ഷമൊന്നു കഴിഞ്ഞ് പുതിയ സീസണ്‍ പ്രൊഡക്റ്റുകള്‍ ഇറങ്ങുന്നതിനു മുന്‍പ് കഴിയുന്നത്ര പണമുണ്ടാക്കുക എന്ന യജ്ഞത്തില്‍ മാത്രം പല താരഗായകരും ഒതുങ്ങി പോവുന്നു.ചുരുക്കി പറഞ്ഞാല്‍ കുറേ പണം കണക്കു പറഞ്ഞു വാങ്ങുന്ന ഗാന പ്രകടനക്കാരെയല്ലാതെ ഗാനഗന്ധര്‍വ്വന്‍മാരെയൊന്നും റിയാലിറ്റി ഷോകള്‍ സമ്മാനിക്കാന്‍ പോവുന്നില്ല.  അവര്‍ വേറെ വഴിയില്‍ പിറക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും പറയുന്നത് പാട്ടാവുന്ന ഈ ഡിജിറ്റല്‍ കാലത്ത് എന്തിനൊരു ഗാനഗന്ധര്‍വ്വന്‍ എന്നുമായിരിക്കും.

നിധീഷ് നടേരി