Thursday, August 30, 2012

ഓണമെത്ര ഈണമൂട്ടി.............

photo cortesy www.funonthenet.in

മ്മുടെ പാട്ടുകളില്‍ ഓണം ഉല്‍സവനിറങ്ങളത്രയും ചാര്‍ത്തി വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ചലച്ചിത്രഗാനങ്ങളിലും  ലളിതഗാനങ്ങളിലുമെല്ലാം  ഓണക്കാല ത്തിന്‍െറ  പ്രകൃതിയും സമൃദ്ധിയും  ആഹ്ളാദവും ആവേശവും മനോഹരമായി ഇഴചേര്‍ത്തുവെച്ചിട്ടുണ്ട്. ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന ഉള്ളിലെ ഉല്‍സവമേളത്തിനു അകമ്പടിയാകുന്ന, ഗൃഹാതുരതകളെ മനസിലേറ്റുന്ന എത്രയെത്ര  ഓണപ്പാട്ടുകളാണ് നമുക്കു ചുറ്റും പാടിയുണരുന്നത്.

ഓണനാളുകളെ തുയിലുണര്‍ത്തുന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ മലയാളമെന്നും മനസിലേറ്റുന്നു. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതം ചേര്‍ന്നപ്പോള്‍ ഈ ഗാനത്തില്‍ നിന്ന് പൂക്കാലസൗരഭ്യം പരന്നു.

തുയിലുണരൂ തുയിലുണരൂ
തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണ പുലരിവന്നു തൃക്കാക്കര നടതുറന്നു
കുരവയിട്ടു പാറിവരൂ കുരുവികളേ
..........
ഒരു പൂക്കാലമത്രയും പാട്ടിന്‍െറ അനുപല്ലവിയില്‍ വിരിഞ്ഞുനില്‍ക്കുന്നു

മുക്കുറ്റിപ്പൂവിരിഞ്ഞു മൂന്നുകോടി പൂവിരിഞ്ഞു
തെച്ചിപ്പൂങ്കാവുകള്‍ തറ്റുടുത്തു....


കരിം കര്‍ക്കിടകത്തിന്‍െറ വറുതിക്കാലം കഴിഞ്ഞ് തെളിഞ്ഞ മനസുമായത്തെുന്ന ഓണനാളുകളിലെ പ്രകൃതിയെ സുന്ദരമായി വരച്ചുവെച്ച ശ്രീകുമാരന്‍ തമ്പിയുടെ മറ്റൊരു ഗാനമുണ്ട്. ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ തന്നെ അത് മലയാളം കേട്ടു.

ഓണക്കോടിയുടുത്തു വാനം
മേഘക്കസവാലേ വെണ്‍ മേഘക്കസവാലേ
മഴവില്ലിന്‍ മലര്‍ മുടിയില്‍ തിരുകി
മധുഹാസം തൂകി അവള്‍ മധുഹാസം തൂകി
............

കര്‍ക്കിടകത്തിന്‍  കറുത്ത ചേലകള്‍
വലിച്ചെറിഞ്ഞല്ളോ മാനം വലിച്ചെറിഞ്ഞല്ളോ....
.....................................................

കന്നിക്കൊയ്ത്തിന് കാത്തിരിക്കും
പാടമുണര്‍ന്നല്ളോ നെല്ലിന്‍ പാടമുണര്‍ന്നല്ളോ
മണ്ണിന്‍ മനസില്‍ വിടര്‍ന്ന കതിരുകള്‍ ചിരിച്ചു നിന്നല്ളോ
കനകം കൊരുത്തു തന്നല്ളോ.....

ചലച്ചിത്രങ്ങളില്‍ ഓണം പരാമര്‍ശിച്ചുപോയ പാട്ടുകള്‍ ഇനിയുമേറെയുണ്ടെങ്കിലും ഈ രണ്ട് ഗാനങ്ങളിലാണ് ഏറ്റവും സമൃദ്ധമായി ഓണം അനുഭവിക്കാന്‍  കഴിയുന്നത്.
ചലച്ചിത്രഗാനങ്ങളേക്കാള്‍ ഓരോ ഓണക്കാലത്തും പിറവിയെടുത്ത ഓണപ്പാട്ടുകളുടെ പരമ്പരകളാണ് ഈ ഉല്‍സവകാലത്തിന്‍െറ സര്‍വഭാവങ്ങളും ആവാഹിച്ചത്. യേശുദാസിന്‍െറ തന്നെ സംരംഭമായ തരംഗിണിയായിരുന്നു ഓണപ്പാട്ടുകളേറെ മലയാളത്തിനു തന്നത്. ഓണപ്പുടവ, ഓണപ്പതിപ്പ്, എന്നൊക്കെയുള്ള നമ്മുടെ ഇഷ്ടശീലങ്ങളുടെ ശ്രേണിയിലേക്ക് ഓരോ ചിങ്ങക്കാലത്തെയും ഓണപ്പാട്ടുകളും ചേര്‍ത്തുവെക്കപ്പെട്ടു. ഓണത്തെ വരവേല്‍ക്കുന്ന ഗാനങ്ങളേറെയുണ്ടായിരുന്നു ഇത്തരം ഓണക്കാഴ്ചകളില്‍
ഓണത്തിനായി ഒരുങ്ങിനില്‍ക്കുന്ന നാടിന്‍െറ  തുടിപ്പപോലെയാണ് ഈ ഗാനം യേശുദാസിന്‍െറ ശബ്ദത്തില്‍ മനസിലേറുന്നത്..തിറയാടുന്ന പൂക്കളുടെ ചടുലതാളം ഈ ഓണപ്പാട്ടിനു കൈവരുന്നു...

ഉത്രാടപ്പൂവിളിയില്‍ കേരളമുണരുന്നു
പൂത്തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുന്നു.....

യേശുദാസിന്‍െറ സ്വരത്തില്‍ ഈ ഗാനവും ഓണത്തെ നിറമനസോടെ വരവേല്‍ക്കുന്നു

മാമലനാടേ മാവേലി നാടേ
വരവായി വീണ്ടും പൊന്നോണം
വരവായി ചിങ്ങത്തിരുവോണം


ശാന്തമായി ഒഴുകുന്ന പ്രതീക്ഷയുടെ ഈണമാണ് ഈ ഓണപ്പാട്ടിന്

ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാപുടവ ചുറ്റി ......





നിറംമങ്ങി വാടിപ്പോയ ഓണസ്വപ്നങ്ങള്‍ക്ക് തേനുമായി വരാന്‍, കോടിയുമായി വരാന്‍ ഉത്രാടനിലാവിനെ വിളിക്കുന്ന ഈഗാനം ഏറെ ജനപ്രിയമാണ്...

ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെപ്പൂക്കളത്തില്‍ വാടിയ പൂക്കളില്‍
ഇത്തിരി തേന്‍ ചുരത്താന്‍ വാ.....
.............................................
...........................................

തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നൂ തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്‍െറ രാഗം കേട്ടേന്‍
മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണ കോടിയുമായി നീ വാ....
ഉത്രാടപ്പൂനിലാവേ വാ

പുതുകാലത്ത് നിറം കെട്ടുപോവുന്ന പ്രകൃതിയെ ഓര്‍ത്തുള്ള വേദന നിറയുന്നു താരാട്ടിന്നീണമുള്ള ഈ ഓണപ്പാട്ടില്‍. എം. ജയചന്ദ്രനാണ് സംഗീതം ..ചിത്രയുടെ സ്വരം

ഓണം വന്നണയും
കാണം പോയൊഴിയും
കരുമാടി മകനേ ഉണ്ണീ വാവോ

പാടങ്ങള്‍ പലതും വീടായിന്നഴകേ
കുടിലിന്‍ കൂവളമേ ഉണ്ണീ വാവോ......






തിരുവോണമേളത്തിന് മാറ്റുകൂട്ടുന്ന കൂട്ടായ്മയുടെ കേളികളും പാട്ടുകളുടെ വിഷയമാവുന്നു

കുളിച്ച് കുറിയിട്ട് കുപ്പിവളയിട്ട്
കുമ്മിയടിക്കാന്‍ വാ
പുലരിത്തുടുപ്പുള്ള പുടവയുടുത്തിട്ട്
തുമ്പിതുള്ളാന്‍ വാ

ഓണക്കാഴ്ചകളിലേറെ മിഴിവുള്ള വള്ളംകളിയുടെ ആവേശവും ഗാനങ്ങളില്‍ കുടിയേറി. ചടുലമായ തുഴത്താളത്തില്‍ പിറന്ന ഈ ഗാനം രവീന്ദ്രന്‍െറ സംഗീതത്തിലുള്ളതാണ്..വെടിപ്പായി അടുക്കി വച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പദഭംഗിയും ഈ പാട്ടിന് പ്രത്യേക അഴകു സമ്മാനിക്കുന്നു.

ആറന്‍മുള പള്ളിയോടമാര്‍പ്പുവിളി വള്ളംകളി
അക്കരെയുമിക്കരെയുമാള്‍ത്തിരക്കിന്‍ പൂരക്കളി
അമരത്തിരുന്നു ഞാന്‍ തുഴതുഴഞ്ഞേറവേ
അന്നക്കിളീ നിന്നെ കണ്ടു നെഞ്ചില്‍
അല്ലിപ്പൂവമ്പ് കൊണ്ടു

ശ്രീകുമാരന്‍ തമ്പിയുടെ രചനയിലും വള്ളംകളിപ്പെരുമ നിറഞ്ഞു നില്‍ക്കുന്ന ഓണപ്പാട്ടു പിറന്നിട്ടുണട്.

'പായിപ്പാട്ടാറ്റില്‍ വള്ളംകളി
പമ്പാനദി തീരത്ത് ആര്‍പ്പുവിളി.....

കേരളത്തില്‍ ഓണം ഓരോ പൂമുറ്റത്തും നിറമെഴുതുമ്പോള്‍ ഓര്‍മകളുമായി കടലിനക്കരെ കഴിയേണ്ടി വരുന്ന പ്രവാസിയുടെ സങ്കടക്കാലവും ഓണപ്പാട്ടിലേറി... യൂസഫലി കേച്ചേരി രചിച്ച ഈ ഗാനം അത്തരത്തില്‍ ഓണത്തിന്‍െറ നൊമ്പരപ്പാട്ടാണ്

ദൂരെയാണു കേരളം പോയ് വരാമോ
പ്രേമദൂതുമായി തെന്നലേ പോയ്വരാമോ
അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം
എന്‍െറ അങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കണം കാണാം.....

പറനിറയുന്ന സമൃദ്ധിയുടെ സന്തോഷമാണ് ഓണത്തിന് പൊലിമയേകുന്നത്. കൊയ്തു കുട്ടിയ നന്‍മക്കതിരുകളുമായി നാളെയെ പ്രതീക്ഷയോടെ കാക്കുന്നവരുടെ ഹൃദയതാളവുമായി ഓണപ്പാട്ടുകള്‍ പിറന്നു. അത്തരത്തിലൊന്നാണ് ഒ.എന്‍വിയും ആലപ്പിരംഗനാഥുമൊരുക്കി ചിത്ര പാടിയ ഈ ഗാനം

നിറയോ നിറ നിറയോ
പൊന്നാവണി നിറപറവെച്ചൂ
പുന്നെല്ലിന്നവലും മലരും
പൊന്നമ്പല നടയില്‍ വച്ചു

Add caption

നഷ്ട സ്വപ്നങ്ങളുടെ കളമെഴുതുവാനും ഓണക്കാലം നമ്മിലേക്കത്തൊറുണ്ട്. ഗാനങ്ങളിലും പഴയ പൊന്നോണത്തിന്‍െറ സ്മൃതികള്‍ നഷ്ടബോധത്തിന്‍െറ നിഴലുമായി പ്രത്യക്ഷപ്പെടുന്നു. ഗിരീഷ്പുത്തഞ്ചേരി വിദ്യാസാഗര്‍ ടീം സമ്മാനിച്ച ഈ ഗാനം ഓര്‍മകളുടെ മിഴിനീരുണര്‍ത്തുന്നുണ്ട്

ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍
പഴകിയോരോര്‍മതന്‍ മിഴിനീരുവാര്‍ക്കും
പാഴിരുള്‍ത്തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തത്തെുന്നു
ഓണനിലാവും ഞാനും .....

പാതിരാമയക്കത്തില്‍ പാട്ടൊന്ന കേട്ടേന്‍
പല്ലവി പരിചിതമല്ളേ... എന്ന ഗാനത്തിന്‍െറ അനുപല്ലവിയിലും ചരണത്തിലും ഓണം നഷ്ടനിറമായി കടന്നുവരുന്നു

പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു
പാതി തുറക്കുമെന്‍ സ്മൃതിയില്‍
....................................................
പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
പല്ലവി പരിചിതമല്ളേ
..............................
പഴയൊരുത്രാടത്തിന്‍ പൂവെട്ടം കിനിയുന്നു
പാട്ടുമണക്കുമെന്‍ മനസില്‍

പ്രണയവും ഓണത്തിന്‍െറ തറ്റുടുത്ത് കടന്നുവരുന്നുണ്ട് ചില ഓണപ്പാട്ടുകളില്‍...ഓണമുറ്റത്തെ സുന്ദര പ്രണയ ചിത്രം വരക്കുന്നു ഗിരീഷ് പുത്തഞ്ചേരി- വിദ്യാസാഗര്‍ ടീമിന്‍െറ ഈഗാനം

ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍
മണിച്ചെമ്പക പൂക്കളമെഴുതുമ്പോള്‍
പുറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെന്‍െറ
മഷിയെഴുതാത്തൊരാ മിഴികള്‍ പൊത്തി

പ്രകൃതിയും പ്രണയവും ചേരുന്ന ഓണപ്പാട്ടാവുന്നു ഇതേ ടീമിന്‍െറ ഈഗാനം


പറനിറയെ പൊന്നളക്കും പൗര്‍ണമി രാവായി
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍ പാല്‍ക്കടലായി
നുരയിടുമലയില്‍ നമുക്കു തുഴയാന്‍ അമ്പിളിത്തോണി
തുഴഞ്ഞു ചെന്നാല്‍ കുളിച്ചു തൊഴുവാന്‍ തുമ്പപ്പൂക്കാവ്

എം.എസ് വിശ്വനാഥന്‍, രവീന്ദ്രന്‍, ജെറി അമല്‍ദേവ്, വിദ്യാസാഗര്‍, എന്‍. പി.പ്രഭാകരന്‍ തുടങ്ങി നിരവധി സംഗീതകാരന്‍മാരും ഒ.എന്‍.വി, ബിച്ചുതിരുമല, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി, രമേശന്‍നായര്‍ തുടങ്ങി നിരവധി എഴുത്തുകാരും ചേര്‍ന്ന് തരംഗിണിക്കുവേണ്ടി മികച്ച ലളിതഗാനങ്ങള്‍ മലയാളത്തിനു തന്നു.  90കളുടെ അവസാനത്തോടെ  തരംഗിണി സജീവമല്ലാതായി. ഈ ഓണസമ്മാനവും  നിലച്ചു. മാഗ്ന സൗണ്ട് അടക്കമുള്ള അക്കാലത്തെ  മറ്റു പല ബാനറുകളും  ഇതേ പോലെ ഓണപ്പാട്ടുകളുമായി എത്തിയിരുന്നു. ഓണ ആല്‍ബങ്ങള്‍ കുറഞ്ഞെങ്കിലും മനസില്‍ പാട്ടുകള്‍ കളമിടാത്ത ഒരോണവും മലയാളിയെ കടന്ന് പോവാറില്ല.

                                                                                                                                            
                                                                                                                                             നിധീഷ് നടേരി