Wednesday, February 9, 2011

ഗിരീഷ് പുത്തഞ്ചേരിയുടെ ഏട്ടനുമൊത്ത് ഓര്‍മനേരങ്ങളില്‍......

ഗിരീഷ് പുത്തഞ്ചേരിയുടെ ഏട്ടനുമൊത്ത്  ഓര്‍മനേരങ്ങളില്‍......

ഏട്ടന്റെ 
പാട്ടെഴുത്തുകാരന്‍


പുത്തഞ്ചേരിയുടെ വഴികളിലെല്ലാം നാട്ടുനന്‍മയുടെ കാഴ്ചകള്‍. പദസമ്പത്തിന്റെ ജാലവിദ്യ കൊണ്ട് മലയാളത്തിന് പാട്ടുല്‍സവങ്ങള്‍ നല്‍കിയ ഗിരീഷ് പുത്തഞ്ചേരി തീര്‍ച്ചയായും നടന്ന വഴികള്‍. നാടകവും കലാസമിതി പ്രവര്‍ത്തനവും സംഗീതവുമായി ബാല്യവും യൌവനവും ആഘോഷിച്ച നാട്ടിടങ്ങള്‍. ധൃതിപ്പെട്ട് ജീവിതവും കടന്ന് അദ്ദേഹം പോയിട്ട് വര്‍ഷം ഒന്ന്.
പുളിക്കല്‍ തറവാട്ടിലേക്കുള്ള വഴിയില്‍ പുല്ലുപിടിച്ചിരിക്കുന്നു. മാസങ്ങളായി ഇവിടെ സ്ഥിരം ആള്‍താമസമില്ല. വല്ലപ്പോഴും വീടും പരിസരവും നോക്കാന്‍ സഹോദരങ്ങള്‍ വന്നു പോവുന്നു. നിറയെ മരങ്ങള്‍ കാടുകൂട്ടിയ പറമ്പില്‍ ഒറ്റപ്പെട്ട ചെറുവീട്. എവിടെയോ നിന്ന് പ്രാവുകള്‍ കുറുകുന്നു. ഗിരീഷിന്റെ ഈരടികളില്‍ നിന്നാവാം.

ആരോ കമഴ്ത്തി വെച്ചൊരോട്ടുരുളി പോലെ
ആകാശത്താവണിത്തിങ്കള്‍
പഴകിയൊരോര്‍മ്മയാല്‍, മിഴി നീരുവാര്‍ക്കും
പാഴിരുള്‍ത്തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ക്കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ
ഓണനിലാവും ഞാനും

തരംഗിണിക്കുവേണ്ടി എഴുതിയ ലളിതഗാനം.
 വല്യോണങ്ങളില്‍ ലോകത്തെവിടെയായാലും ഗിരീഷ് ഓര്‍മ്മ മണക്കുന്ന ഈ മുറ്റം കടന്നെത്തുമായിരുന്നു. ഈണങ്ങളുടെ ആത്മാവില്‍ കൊളുത്തിവെക്കാന്‍ സമൃദ്ധമായ കാവ്യബിംബങ്ങള്‍ ഈ പരിസരവും നല്‍കിയിരിക്കും. വലിയ പറമ്പില്‍ രണ്ടു വീടുകള്‍ മാത്രം. ആള്‍ താമസമില്ലാത്ത വീട് അകലെ കാടുപിടിച്ച് കിടക്കുന്നു.

ഏട്ടന്‍ മോഹനന്‍ പുത്തഞ്ചേരി കാലങ്ങള്‍ക്കുശേഷം വീട്ടിലെത്തിയതായിരുന്നു. തറവാടു കണ്ട് മടങ്ങാനുള്ള മുന്‍ധാരണക്കു മുന്നില്‍  നിമിത്തം പോലെയായി അദ്ദേഹം. അമ്മ വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ കാരണം കോഴിക്കോട്ടുള്ള വീട്ടിലാണ്.പറമ്പിലെ കാടുതെളിക്കാന്‍ ഏല്‍പ്പിച്ച പണിക്കാരാരും വരാത്തതിനാല്‍ ഒറ്റക്ക് ഓര്‍മകളില്‍ നഷ്ടപ്പെട്ടിരിക്കയായിരുന്നു.
"ഞാനും അവനും തമ്മില്‍ 12 വയസിന്റെ വെത്യാസമുണ്ട്. കുട്ടിക്കാലത്തേ അവനു മുന്നില്‍ ഞാനിത്തിരി കാര്‍ക്കശ്യ സ്വഭാവം കാണിച്ചിരുന്നു. അമ്മക്ക് അതിലെന്നും പരിഭവമുണ്ടായിരുന്നു. ഇത്തിരി കുറുമ്പനായ ഇളയവന്‍ വഴിതെറ്റരുതെന്ന ആധിയായിരുന്നു അന്ന് മനസില്‍. അവന്റെ കഴിവുകള്‍ ഞാന്‍ മനസിലറിഞ്ഞു."
" ഏതു തിരക്കിനിടെയും പതിവുതെറ്റിക്കാതെ അമ്മയെക്കാണാനൊരു വരവുണ്ട്. സ്വയം റീചാര്‍ജ് ചെയ്യാനാണ് അതെന്നായിരുന്നു അവന്‍ പറയാറ്. വന്നാല്‍ പിന്നെ പാട്ടും വിശേഷങ്ങളുമായങ്ങനെ... ഉച്ചയൂണ് വരെ ഞങ്ങള്‍ക്കൊപ്പം പിന്നെ നാട്ടിലെ കൂട്ടുകാരിലേക്ക്.വന്നാല്‍ അവന്‍ അമ്മക്കു പിറകെത്തന്നെ കൂടും പാട്ടുപാടിയും പിറുപിറുത്തും. അമ്മേടെ പെറ്റായിരുന്നു അവന്‍.. മോഹനേട്ടന്‍ ഇടക്ക് ഓര്‍മകളില്‍ നഷ്ടപ്പെടുന്നു. അവന്‍ അമ്മേക്കുറിച്ച് എഴുതിയതെല്ലാം തന്നെ നിങ്ങള്‍ക്കറിയാല്ലോ...

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു...

അവന്‍ അമ്മയെക്കുറിച്ചെഴുതിയതിലെല്ലാം അത്മാംശമുണ്ട്. അമ്മ നന്നായി പാടും. കോഴിക്കോട്ടുകാര്‍ക്ക് കര്‍ണ്ണടാകസംഗീതം പകര്‍ന്നു നല്‍കിയ പഴയൊരു ഭാഗവതരുണ്ട്. അന്നത്തെ ഹിന്ദുസ്ഥാനി നാടോടിഗായകരെ പോലെ പാടിയും സംഗീതം പകര്‍ന്നും ജീവിതമാഘോഷിച്ച ഗോവിന്ദപ്പൊതുവാള്‍. അദ്ദേഹത്തിന്റെ കോഴിക്കോടന്‍ ജീവിതകാലത്ത് ഞങ്ങളുടെ ഇളയച്ഛനും അമ്മയുമെല്ലാം ശിഷ്യത്വം സ്വീകരിച്ചു. അമ്മ ഞങ്ങളെയും പഠിപ്പിച്ചിരുന്നു. ഗീരീഷും അനിയത്തി ജലജയുമാണ് കൂടുതല്‍ പഠിച്ചത്.  അമ്മ പുത്തഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മികച്ച സംഘാടകയായിരുന്നു. മഹിളാപ്രവര്‍ത്തകയും. അച്ഛന് വൈദ്യത്തിലും ജ്യോത്സ്യത്തിലും നല്ല അവഗാഹമുണ്ടായിരുന്നു. മാനസികരോഗികളെ വീട്ടില്‍ താമസിപ്പിച്ച് ചികില്‍സിച്ചിരുന്നു.
ഞാനാണ് ആ പാരമ്പര്യം ചെറുതായെങ്കിലും ഏറ്റെടുത്തത്. പറമ്പില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന രണ്ടാമത്തെ വീട് മൂത്ത പെങ്ങളുടേതാണ്. അവരുടെ ഭര്‍ത്താവ് ചേളന്നൂര്‍ സുകുമാരന്‍ കോഴിക്കോട് ആകാശവാണിയിലെ സംഗീതവിഭാഗത്തിലായിരുന്നു. നിരവധി ശിഷ്യരുള്ള സംഗീതകാരനായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഞങ്ങളെല്ലാവരും ഏതെങ്കിലുമൊരു വീട്ടില്‍ ഒത്തുകൂടിയാല്‍ പിന്നെ സംഗീതത്തിന്റെ ആറാട്ടായിരുന്നു.
അച്ഛന് പക്ഷാഘാതം വന്നതോടെ വീട്ടില്‍ വരുമാനം നിലച്ചു. ഞങ്ങളുടെ ജീവിതത്തില്‍ ദാരിദ്യ്രത്തിന്റെ പ്രയാസങ്ങള്‍ വരുന്നത് അങ്ങനെയാണ്.
മൂത്തയാളായതിനാല്‍ ഞാന്‍ കാര്യങ്ങളേറ്റെടുത്തു.ഉള്ളൂര് വൈദ്യശാല തുടങ്ങി (പുത്തഞ്ചേരിയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെയുള്ള കവല).
പുത്തഞ്ചേരിയെന്ന നാടിന് കലയോട് അടങ്ങാത്ത അഭിനിവേശമുണ്ട്. നാടകസംഘങ്ങളും കലാസമിതികളും ഇവിടെ പണ്ടേ സജീവം. ഞങ്ങളെല്ലാം ചേര്‍ന്ന് രൂപം കൊടുത്തതാണ്  ചെന്താരയെന്ന കലാസമിതി. അന്ന് ഗീരീഷ് പാലോറ ഹൈസ്കൂളില്‍ പഠിക്കുന്നു. എല്ലാ മാസവും ഞങ്ങള്‍ അന്നൊരു പീടികത്തറയില്‍ സംഗമിക്കും. അവിടെ കെട്ടിയുണ്ടാക്കുന്ന സ്േറ്റജില്‍ എന്തെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കും. മുതിര്‍ന്ന ഭാരവാഹികളെന്ന നിലയില്‍ ഞാനും പിന്നെ കല്ലുവെട്ടുകാരനായ കേളപ്പക്കുറുപ്പുണ്ടായിരുന്നു നല്ലൊരു കലാസ്േനഹി.... അദ്ദേഹവുമടങ്ങുന്നവരുടെ മേല്‍നോട്ടത്തില്‍ ഗിരീഷും സംഘവും പരിപാടികള്‍ അവതരിപ്പിക്കും. ചിലപ്പോള്‍ നാടകമാവും. വീട്ടില്‍ നിന്ന് ഹാര്‍മോണിയം കൊണ്ടു വരും. ചിലപ്പോള്‍ അത് വായിച്ചുള്ള ഗാനമേളയാവും. കാഴ്ചക്കാരായി നാടു മുഴുവന്‍  പീടികത്തറ വേദിക്കു മുന്നിലെത്തും. ഗിരീഷ് അന്ന് സംഘാംഗങ്ങള്‍ക്കായി നാടങ്ങള്‍ രചിക്കുമായിരുന്നു.ക്ഷണത്തില്‍ രചന നടക്കും. ഹൃദ്യമായ നാടകങ്ങള്‍. അവനും അഭിനയിക്കും. പാടും.അന്നേ നല്ല നിരീക്ഷണപാടവമായിരുന്നു. നാട്ടിലെ പല കഥാപാത്രങ്ങളും അവന്റെ നാടകങ്ങളില്‍ കയറിവരും.
അന്ന് പല സംഘങ്ങളായി ഓണക്കാലത്ത് നാടക മല്‍സരം നടക്കും. പലരും ഓരോ സംഘത്തിനും നാടകമൊരുക്കും. ഗിരീഷിന്റെ നാടകത്തിലഭിനയിക്കാനായിരുന്നു സമപ്രായക്കാരായ  കുട്ടികള്‍ക്ക് അവേശം. അത് നന്നാവുമെന്ന് അവര്‍ക്കറിയാം. നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ഞാനതില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്.
ഒരു തവണ മല്‍സരദിവസമടുക്കാറായപ്പോള്‍ ഒരു പറ്റം കുട്ടികള്‍ എന്നെ സമീപിച്ചു. അവര്‍ക്ക് നാടകം ചെയ്യാന്‍ ആരെയും കിട്ടിയില്ല. ഞാന്‍ ചെയ്തുകൊടുക്കണം. അന്ന് മുതിര്‍ന്നവരുടെ നാടകസംഘത്തിലെ എഴുത്തുകാരനായിരുന്നു ഞാന്‍. കുട്ടികളെ പിണക്കാന്‍ കഴിയാത്തതിനാല്‍ ഒരു തട്ടിപ്പു നാടകം ഒരുക്കി. ദുരൂഹതകളുള്ള ഒരു അഭ്യാസം. റിഹേഴ്സല്‍ സമയത്തേ എനിക്ക് ഗിരീഷിന്റെ നാടകമായിരുന്നു ഇഷ്ടം. നല്ല ആസ്വാദ്യതയുള്ള നാടകമായിരുന്നു അത്. ഇത്തിരി ആധുനിക പരിവേഷം നല്‍കാനായി എന്റെ നാടകത്തില്‍ വേദിക്കു മുന്നില്‍ വല വലിച്ചു കെട്ടിയിട്ടു. അഭ്യാസങ്ങള്‍ കണ്ട് അന്ധാളിച്ച അന്നത്തെ വിധികര്‍ത്താക്കള്‍ എന്റെ തട്ടിപ്പിന് ഒന്നാം സമ്മാനം തന്നു.കുട്ടികള്‍ക്ക് സന്തോഷം. ഞാനുള്‍പ്പെടെ ഒന്നാം സമ്മാനം പ്രതീക്ഷിച്ചത് ഗിരീഷിന്റെ നാടകത്തിനായിരുന്നു. സ്വതേ ശുണ്ഠിക്കാരനായ അവനെ അത് അലോസരപ്പെടുത്തിയെന്ന് എനിക്ക് മനസിലായി. എന്റെ കുഞ്ഞനുജന്റെ കഴിവ് മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. സമിതിയിലെ പലര്‍ക്കും അവന്റെ നാടകം തന്നെയായിരുന്നു നല്ലതെന്ന അഭിപ്രായമായിരുന്നു. കലാസമിതിയുടെ അടുത്ത യോഗത്തില്‍ അത് പറയണമെന്ന് ഞങ്ങളെല്ലാം തീരുമാനിച്ചു. അന്നാണ് അവന്റെ മുഖം തെളിഞ്ഞത്.

വര്‍ഷമേഘങ്ങള്‍ എന്നൊരു നാടകം ഞങ്ങള്‍ മുതിര്‍ന്നവര്‍ ഒരുക്കിയിരുന്നു.ഞാനായിരുന്നു രചന. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും വീടും നഷ്ടമായി ഒറ്റപ്പെട്ട കുട്ടിയുടെ കഥയായിരുന്നു.നാടകം ഉള്ളൂര് കളിച്ചപ്പോള്‍ അന്ന് പത്താം തരത്തിലായിരുന്ന ഗിരീഷ് ആയിരുന്നു ചന്തുവെന്ന മഷിനോട്ടക്കാരന്റെ വേഷം ചെയ്തത്. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രം. അവനത് അസലായി ചെയ്യുമായിരുന്നു. നാട്ടിലെ ഒരാളുടെ മാനറിസങ്ങള്‍ നല്‍കി അവന്‍ കഥാപാത്രത്തെ കൊഴുപ്പിച്ചു. അന്ന് കുതിരവട്ടം പപ്പുവിനെപോലെ കോഴിക്കോടിന് അഭിമാനിക്കാവുന്ന ഹാസ്യതാരമാവും അവനെന്നാണ് ഞങ്ങള്‍ കരുതിയത്. അത്രക്ക് നര്‍മബോധമായിരുന്നു ഗിരീഷിന്. നാട്ടിലെവിടെയും കല്ല്യാണപ്പുരയിലായാലും, എവിടെയും അവനു ചുറ്റും ഒരു ആസ്വാദക സദസ് രൂപപ്പെടുമായിരുന്നു. അതിന്റെ നടുവിലങ്ങനെ നര്‍മ്മം വിതറി എന്റെ അനുജന്‍ വാഴും. ഏതു വിഷമസന്ധിയിലും അവന്‍ ഒരു കണ്ണിറുക്കി പ്രത്യേക മുഖഭാവം കാണിക്കും. ഇപ്പം പരിഹരിച്ചു കളയാമെന്ന സന്ദേശമായിരുന്നു അതില്‍.അവനോട് അടുത്തവര്‍ക്കെല്ലാം അതറിയാം.

വര്‍ഷമേഘങ്ങള്‍ കേരളത്തില്‍ പല വേദികളിലും അവതരിപ്പിച്ചു.അതിലൊരു പാട്ടുണ്ടായിരുന്നു. കുട്ടിയുടെ ഒറ്റപ്പെടല്‍ കാണിക്കുന്ന ഗാനം. ഞാനായിരുന്നു എഴുതിയത് ചിറകു തളര്‍ന്ന...എന്നു തുടങ്ങുന്ന വളരെ പ്ലെയ്ന്‍ ആയ വരികള്‍.
വര്‍ഷമേഘങ്ങള്‍ ഞങ്ങള്‍  വയനാട്ടില്‍  ഒരുക്കി.അന്ന് പോവുമ്പോള്‍ ഞാന്‍ ഗിരീഷിനെയും കൂടെക്കൂട്ടി. വയനാട് കാണാനെന്ന ഭാവത്തില്‍ അവന്‍ വന്നു.
റിഹേഴ്സല്‍ സമയത്ത് പാട്ട് മാറ്റി ചെയ്യാമെന്ന് നിര്‍ദേശം വന്നു. ഗിരീഷെന്ന പത്താം തരക്കാരന്‍ എന്റെ അരികില്‍ ഹാര്‍മോണിയത്തിനു മുന്നില്‍ ഇരിക്കുന്നുണ്ട്. പെട്ടെന്ന് ഞാന്‍ അവനു പേനയും കടലാസും നല്‍കി വരി എഴുതാന്‍ പറഞ്ഞു. നാടകം അവന് ഹൃദിസ്ഥമായിരുന്നു. അവന്‍ ആ ഇരുപ്പില്‍ എഴുതി.

നിഴല്‍ വീണ നീല നിലാവിന്റെ മുറ്റത്തെ
നിഴലിലൊരെണ്ണമായീ ഞാന്‍
എവിടെയോ പാടുന്ന കുയിലിന്റെ ചുണ്ടത്ത്
എഴുതാത്ത രാഗത്തിന്‍ ഈണമായി

ഞങ്ങളെയാകെ അവന്‍ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കുട്ടിയുടെ ഏകാന്തത മുറ്റി നില്‍ക്കുന്ന വരികള്‍. നിമിഷങ്ങള്‍കൊണ്ട് ആഴമുള്ള വാങ്മയ ചിത്രമാണ് അവന്‍ വരച്ചത്. എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു അത്.

മോഹനേട്ടന്‍ പഴയകാലത്തുനിന്ന് വരികള്‍ ഈണത്തില്‍ പാടി. മുഴുമിക്കാനാവാതെ ക്ഷമാപണത്തോടെ നിറമിഴികളുമായി എഴുന്നേറ്റ് പോയി.
പുറത്ത് മഴ തുടങ്ങി.പ്രതീക്ഷകള്‍ തെറ്റിച്ചെത്തിയ മഴപ്പെയ്ത്ത്.തൊടിനിറഞ്ഞ് മഴ.
മൂത്തവനാണെങ്കിലും ദുര്‍ബലനായിരുന്നു പലപ്പോഴും ഞാന്‍ .പല സന്ദര്‍ഭങ്ങളിലും. അവനായിരുന്നു ധൈര്യം.എവിടെയാണെങ്കിലും അവനുണ്ടെന്ന ധൈര്യമായിരുന്നു ഞങ്ങള്‍ക്ക്. നല്ല ഓര്‍മശക്തിയായിരുന്നു അവന്. കവിതകളെല്ലാം ഹൃദയത്തില്‍ പതിഞ്ഞു കിടക്കും. പലരും ആവശ്യങ്ങള്‍ക്ക് വരികള്‍ ഓര്‍ത്തെടുക്കാനാവാതെ കുഴങ്ങുമ്പോള്‍ അവനെയായിരുന്നു വിളിക്കാറ്. ആ കവിത എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു തീരേണ്ട താമസം അവന്‍ ചൊല്ലി തുടങ്ങും.
പ്രീഡിഗ്രിക്കാലത്ത് സുകുമാരന്‍ ഭാഗവതര്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ കുറേ ഭജന്‍സ് എഴുതി നല്‍കി. അവയെല്ലാം മികച്ചതായിരുന്നു.പിന്നീട് ആകാശവാണിയിലെ ലളിതഗാന പരിപാടിയിലേക്ക് വരികള്‍ അയക്കാന്‍ അദ്ദേഹമാണ് നിര്‍ദേശിക്കുന്നത്. പിന്നെ ആകാശവാണിയുടെ പാട്ടെഴുത്തുകാരനായി. അതിനിടെ നാടകട്രൂപ്പുകള്‍ക്കും മറ്റും എഴുതിയിരുന്നു. കോഴിക്കോട് സതീഷ്ബാബു പാടിയ ഭക്തിഗാനങ്ങളാണ് ആദ്യം പുറത്തുവന്ന കാസറ്റ് എന്നാണെന്റെ ഓര്‍മ. പിന്നീട് നിരവധി കേസറ്റുകള്‍ക്ക് എഴുതിയെങ്കിലും പ്രശസ്തി സമ്പത്ത് ഒന്നും വേണ്ടത്ര വന്നിരുന്നില്ല.
 അവന്റെ കല്ല്യാണവും ചെറിയതോതിലായിരുന്നു നടത്തിയത്. അമ്മാവന്റെ മകളായിരുന്നു ബീന. അവളുടെ അമ്മ നേരത്തെ മരിച്ചിരുന്നു. അമ്മാവന്റെ മരണത്തോടെ അവള്‍ ഒറ്റപ്പെട്ടു.ആ സാഹചര്യത്തില്‍ അവരുടെ കല്ല്യാണം അനിവാര്യതയായിരുന്നു. അവന് അവളെ ഇഷ്ടവുമായിരുന്നു.
അതിനിടയില്‍ ഞാന്‍ കുടുംബത്തോടെ കോഴിക്കോട്ടേക്ക് താമസം മാറി. അതിനിടെ തറവാട് പൊളിച്ച് അന്നത്തെ സാമ്പത്തിക സ്ഥിതി വെച്ച് പണികഴിപ്പിച്ചതാണ് ഈ വീട്. ഇവിടെ ഏറ്റവും ഇളയയാളും അവനും അമ്മയും ബീനയും മക്കളുമായി.
അവന്‍ ചില സിനിമകളില്‍ പാട്ടെഴുതിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് അവന് ആര്‍.ടി.ഒ ഓഫിസില്‍ ചെറിയ ജോലിയുണ്ട്. ജീവിതപ്രയാസങ്ങള്‍ ഏറിയ ഘട്ടം. മൂത്ത കുഞ്ഞും പിറന്നു.


  ഇരുട്ടുള്ള ഇടവഴി കടന്ന് ഒരു സന്ധ്യ നേരത്താണ് അവരെത്തിയത്.രഞ്ജിത്തും ജയരാജും.ആരൊടൊക്കെയോ വഴിചോദിച്ച് ബുദ്ധിമുട്ടിയെത്തിയതാണ്. ഞങ്ങളുടെ അടുത്തനാട്ടുകാരനായ(കരിമല) രഞ്ജിത്തിനെ ഗിരീഷിന് മുന്‍പേ പരിചയമുണ്ട്. അവന്റെ കഴിവുകള്‍ രഞ്ജിത്തിന് നന്നായറിയാം. മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്ന ഗിരീഷ് ഇവരെ കണ്ട് ശരിക്കും ഞെട്ടി. അപ്രതീക്ഷിതമായിരുന്നു ആ വരവ്. അവര്‍ ഗിരീഷിനെ മദ്രാസിലേക്ക് വിളിക്കാന്‍ വന്നതാണ്. ജയരാജിന്റെ പുതിയ പടത്തിന് പാട്ടെഴുതിക്കാന്‍. അന്ന് സന്ധ്യനേരത്ത് അവര്‍ക്കൊപ്പമുള്ള ഗിരീഷിന്റെ ഇറക്കം ഞാന്‍ മറക്കില്ല. ചലച്ചിത്രാഗാന രചനാലോകത്ത് പേരെടുക്കാനുള്ള ചരിത്രയാത്രയായിരുന്നു അത്.ജോണിവാക്കറിലെ ശാന്തമീ രാത്രി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഗിരീഷ് തിരക്കുകളിലേക്ക് പോയി. എന്നേക്കാള്‍ നിങ്ങള്‍ക്കൊക്കെ അറിയുന്ന പിന്നീടുള്ള ഗിരീഷ് പുത്തഞ്ചേരിയായി.

അവന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതില്‍ രഞ്ജിത്തിന് നല്ല പങ്കുണ്ട്. ഏകദേശം സമപ്രായക്കാരായിരുന്നെങ്കിലും ഏട്ടന്റെ കണ്ണോടെ രഞ്ജിത് അവനെ പരിപാലിച്ചു. വഴക്കിട്ടും ഉപദേശിച്ചും വഴിതെളിച്ചും രഞ്ജിത് അവന്റെ കൂടെയുണ്ടായിരുന്നു.അതില്‍ രഞ്ജിതിനോട് എനിക്ക് കടപ്പാടുണ്ട്. അവന്റെ പട്ടട കത്തിതീരും വരെ രഞ്ജിത് ഒപ്പമുണ്ടായിരുന്നു. അന്ന് ഗിരീഷ് ഞങ്ങള്‍ക്കു മുന്‍പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒച്ചവെച്ച് സംസാരിച്ചതിന് ആരോടോ ക്ഷുഭിതനാവുന്ന രഞ്ജിതിനെ ഞാന്‍ കണ്ടു. അവനുശേഷവും കുടുംബത്തിന് വേണ്ടി രഞ്ജിത് മുന്നിട്ടിറങ്ങി.
പ്രതീക്ഷിച്ചതല്ല പെട്ടെന്നുള്ള അവന്റെ പോക്ക്.ആരും മുക്തരല്ല അവനില്ലാത്ത ഷോക്കില്‍ നിന്ന്.
മോഹനേട്ടന്റെ ശബ്ദമിടറുന്നു.  പ്രാവുകള്‍ കുറുകുന്നത് കിണറ്റിലെ കല്‍പൊത്തില്‍ നിന്നാണ്.
പണ്ട് അതില്‍ നിറയെ പ്രാവുകള്‍ കൂടുകൂട്ടിയിരുന്നു. അവ പറമ്പിലും മുറ്റത്തും പാറിനടന്നു. അവ തന്നെയാണ് ഗിരീഷിന്റെ വരികളില്‍ കുറുകുന്നതും. പുത്തഞ്ചേരിയിലെ സന്ധ്യകളും നിലാവും നാട്ടുനന്‍മയും പുഴയുമെല്ലാം ഈണങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകും. സ്മൃതിയുടെ ഈണമായി ഗിരീഷ് പുത്തഞ്ചേരിയും.
കവലയിലേക്ക് കയറിയപ്പോള്‍ പീടിക തുറന്ന് ഗോപാലേട്ടന്‍. നാട്ടിലേക്കുള്ള വരവുകളില്‍ കാര്‍ നിര്‍ത്തി ഗിരീഷ് ഇറങ്ങുന്നത് ഗോപാലേട്ടന്റെ കടവരാന്തയിലേക്കാണ്. ബീനയെയും മക്കളെയും തറവാട്ടിലേക്ക് വിട്ട് വിസ്തരിച്ച് മുറുക്കി നാട്ടു വിശേഷങ്ങള്‍ ആരായും. വീട്ടിലേക്കുള്ള സാധനങ്ങള്‍ കടക്കുള്ളില്‍ കയറി സ്വയം തൂക്കിയെടുത്ത് പൊതിയും. സുഹൃത്തുക്കളെ കാത്തിരിക്കും.
ഗോപാലേട്ടന്‍ പറയുന്നു^ മരിക്കുന്നേന് ഒരാഴ്ച മുമ്പാ അവസാനം വന്നത്.അന്നും ഇവിടെറങ്ങി. ന്നെ നാട്ടില് സ്ഥലം നോക്കി വെക്കാനേല്‍പ്പിച്ചു. നാട്ടിലേക്ക് തിരിച്ച് വരണംന്നായിര്ന്നു...

നിധീഷ് നടേരി




No comments:

Post a Comment