Wednesday, March 23, 2011

തകര്‍ന്ന കുംഭഗോപുരങ്ങള്‍; മാനവികതയുടെ പാട്ടുകള്‍

കൂടപ്പിറപ്പിന്റെ കാവലാളാകുവാന്‍
കൂടേവരൂ നിങ്ങള്‍ കൂടേ വരൂ
അന്യമതസ്ഥനാം നിന്നയല്‍ക്കാരനും
നിന്റെ കൂടപ്പിറപ്പല്ലേ
ഇന്ത്യയില്‍ വന്നു പിറന്നവരേവരും
സ്വന്തം സഹോദരരല്ലേ
നമ്മുടെ സ്വന്തം സഹോദരരല്ലേ
സ്വന്തം സഹോദരരല്ലേ

ബാബറിമസ്ജിദ് തകര്‍ച്ച നമ്മൂടെ കൊട്ടിഘോഷിക്കപ്പെട്ട മതേതരബോധത്തിനു നേരെ പല്ലിളിച്ചു കാട്ടിയ കാലം. മാനവികതയില്‍ വിശ്വസിക്കുന്നവരുടെയെല്ലാം ശിരസുകള്‍ കുറ്റബോധത്താല്‍ കുനിഞ്ഞു പോയ കാലം. 1992 ഡിസംബര്‍ ആറ് ചിലര്‍ക്ക് ചരിത്രത്തിലെ കുംഭഗോപുരങ്ങള്‍ കീഴ്പ്പെടുത്തിയ ഇടുക്കത്തില്‍ ഉളുപ്പില്ലായ്മയുടെ ആഹ്ലാദം സമ്മാനിച്ചപ്പോള്‍,  സങ്കുചിതത്വത്തിന്റെ ഇരുണ്ട ഇടവഴികളില്‍ പെട്ടുപോകാത്ത പച്ചമനുഷ്യര്‍ക്ക് വേവലാതിയുടെ ആധിയുടെ ദിനങ്ങളായിരുന്നു നല്‍കിയത്. അണഞ്ഞു തുടങ്ങിയെന്നു തോന്നുന്ന മാനവിക ബോധത്തിന്റെ കൈത്തിരി തെളിച്ചു നിര്‍ത്താന്‍ ഇന്ത്യയാകെ സടകുടഞ്ഞെഴൂന്നേറ്റു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആ വര്‍ഷത്തെ യൂണിയന്‍ മതസാഹോദര്യഗീതങ്ങളുടെ കാസറ്റിറക്കിയാണ് ഇതില്‍ കൂട്ടുചേര്‍ന്നത്. അമൃതനിര്‍ഝരി എന്നായിരുന്നു പേര്.
ഒ.എന്‍.വി എഴുതിയ ഈ ഗാനമടക്കമുള്ള സംഘഗാനങ്ങള്‍ അന്ന് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളില്‍ നിന്നുള്ള ഗായികാഗായകര്‍ ചേര്‍ന്ന് പാടി.  അന്ന് പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ സംഗീത അധ്യാപകനായ പ്രൊഫ.കാവുംവട്ടം വാസുദേവനാണ്  ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ ഗാനങ്ങളായിരുന്നു കസറ്റിലുണ്ടായിരുന്നത്. സ്കൂള്‍ കോളജ് കലോല്‍സവ വേദികളില്‍ ഇപ്പോഴും ഈ പാട്ടുകളില്‍ ചിലത് കേള്‍ക്കാറുണ്ട്.  പാട്ടുകളുടെ മുറിക്കഷണങ്ങള്‍ അവിടിവിടെയായി കുട്ടി ചേര്‍ത്ത അവിയലുകളായാണ് മിക്കപ്പോഴൂം ഇവ ചെവിയിലെത്താറ്.
ഇന്ത്യയുടെ സത്തയെക്കുറിച്ച് എക്കാലവും  പ്രസക്തമായ പലതും പങ്കുവെക്കുന്നുണ്ട് ഈ പാട്ടുകള്‍. പിന്നണിഗായകനായ നിഷാദ്, പട്ടുറുമാലിലൂടെ ശ്രദ്ധേയനായ അജയന്‍, അങ്ങനെ പിന്നീട് ശ്രദ്ധേയരായ പലരും  ഗായകസംഘത്തിലുണ്ടായിരുന്നു.

ഉണരുവിന്‍ സോദരാ
ഇനി നാമുറങ്ങുകില്‍
ഇരുളിന്റെ വേതാളമലറിയെത്തും
അരുമയായി നാം കാത്ത
നാടിതിന്‍ നന്‍മകള്‍
അഖിലവും തലയറ്റീ മണ്ണില്‍ വീഴും

എന്ന ഗാനം മന്ത്രി ബിനോയ് വിശ്വത്തിന്റേതായിരുന്നു. ഒരു ഉണര്‍ത്തുപാട്ടിന്റെ സകല ഊര്‍ജവുമുള്ള ഈ പാട്ട് അക്കാലത്ത് സി.പി.എം സമ്മേളന വേദികളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
ഈയങ്കോട് ശ്രീധരന്‍ രചിച്ച ഈ ഗാനം ഇന്ത്യയുടെ മതേതര പൈതൃകത്തെകുറിച്ച് സംവദിക്കുന്നു.

ആയിരം മല കടന്ന്
ആയിരം പുഴ കടന്ന്
ഓരോരോ കോണില്‍ നിന്നു വന്നവര്‍ നമ്മള്‍
ഭാരതീയര്‍ നമ്മള്‍ ഭാരതീയര്‍

ആടുമാടുമായി വന്നൊരായിരികള്‍ നമ്മള്‍
കാടുവെട്ടി തേര്‍ തെളിച്ച യാദവര്‍ നമ്മള്‍
സിന്ധു നദീ തീരത്ത് കുടിപ്പാര്‍ത്തൊരു കാലത്ത്
സൈന്ധവരായി പിന്നെ ഹൈന്ദവരായി
അന്നുമതം പിറന്നില്ല
ദൈവം പോലുമുയര്‍ന്നില്ല
ഒത്തു ചേര്‍ന്നു ജാതിഭേദ ചിന്തയില്ലാതെ

മലമേടുകള്‍ അലയാഴികള്‍
മറികടന്നു വീണ്ടുമെത്തി
യവനന്‍മാര്‍,ഹൂണന്‍മാര്‍,മുഗളന്‍മാരും
പോരടിച്ചു പരസ്പരം
പിന്നെ വീണ്ടുമൊത്തുചേര്‍ന്നു
നൂറു നൂറു ചിന്തകള്‍ തന്‍ സംഗമമായി
ഇന്ത്യ സംഗമ ഭൂമി

ബുദ്ധ ജൈന ചിന്തകള്‍
ക്രിസ്ത്യനിസ്ലാം ദര്‍ശനങ്ങള്‍
ശുദ്ധമായ വേദാന്തവും
പുത്തന്‍ ശാസ്ത്ര ബോധവും
ഒത്തു ചേര്‍ന്നു ഒഴൂകി വന്നു നാടുനീളെ
പൂത്തുലഞ്ഞു സംസ്കൃതിതന്‍പുഷ്പമേള

ഒരേ ശ്രുതിയില്‍ ഒരേ ഈണത്തില്‍ ഒരുപറ്റം ഗായികാഗായകരുടെ ശബ്ദത്തില്‍ ഈ ഗാനം ഒഴൂകി വന്നപ്പോള്‍ ഒരുമയുടെ സൌന്ദര്യമുണ്ടായിരുന്നു.
കാക്കപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
കന്നിപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
എന്ന പി.കെ ഗോപിയുടെ രചന തുടക്കത്തില്‍ നാടന്‍പാട്ടിന്റെ ചേലു ചാര്‍ത്തുകയും പിന്നീട്് മൃദുപദങ്ങള്‍ കൊരുത്ത് ഗഹനമായ ചോദ്യങ്ങളിലെത്തുകയും ചെയ്യുന്നു
ഗംഗാനദിയുടെ കളകളമല്ലേ
പമ്പാനദിയുടെ സംഗീതം

നിളയും സരയുവുമൊരുപോല്‍ പാടി
ജനകോടികളുടെ സ്വരരാഗം
കാശ്മീരപ്പൂ തൊട്ടുതലോടിയ കാറ്റേ കണ്ടോ നീ
മലയാളപ്പൂ കണികണ്ടുണരും കാറ്റേ കണ്ടോ നീ
രക്തം ചിന്തിയ വഴികളിലെങ്ങാന്‍
സത്യത്തിന്റെ മുഖം
ദൈവത്തിന്റെ മുഖം
മാനവധര്‍മ്മത്തിന്റെ മുഖം

ഈ ഭാഗത്ത് അന്ന് ഓര്‍ക്കസ്ട്രയില്‍ ഓടക്കുഴല്‍ വായിച്ചിരുന്ന ശ്രീരാമിന്റെ(ഇന്നത്തെ സംഗീതസംവിധായകന്‍) മനോഹരമായ ബിറ്റുണ്ട്.
ഹരിത മലയാള തേജസ്വിനീ നിന്റെ
ഹൃദയദേവാലയ നടയില്‍
എന്ന പി.കെ.ഗോപി രചനയും മികച്ചുനില്‍ക്കുന്നു.
രക്തബാഷ്പം കാവ്യ തീര്‍ഥമായി മാറ്റിയ
സംസ്കാരഭൂമിയാണിന്ത്യ
അക്ഷയവേദേദിഹാസങ്ങളില്‍ നിന്ന്
ശക്തിയാര്‍ജിച്ചതാണിന്ത്യ
നാനാമതജ്ഞാന സാരപുഷ്പങ്ങളെ
വാരിപ്പുണര്‍ന്നതാണിന്ത്യ
കണ്ണീര്‍ കിനാക്കളും
ചോരയും തൂവേര്‍പ്പും
ഒന്നിച്ചുയിര്‍ത്തതാണിന്ത്യ
എന്ന ഭാഗം മനോഹരമാണ്.

കുറഞ്ഞ ദിവസങ്ങള്‍ ,നിരവധി പുതുഗായകര്‍, പല ഗാനങ്ങളും ഈണം നല്‍കിക്കൊണ്ടു തന്നെ പഠിപ്പിക്കുകയായിരുന്നു. മുഴുവന്‍ ഗാനങ്ങളും റിഹേഴ്സലിനു ശേഷം ലൈവായി റിക്കോര്‍ഡ് ചെയ്തു. കേസറ്റ് കേരളത്തിലങ്ങോളമുള്ള കലാലയങ്ങളില്‍ സൌജന്യമായി വിതരണം ചെയ്തു.

2 comments:

  1. നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
    മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
    http://bloggersworld.forumotion.in/

    ReplyDelete
  2. ഇതില്‍ പറഞ്ഞിരിക്കുന്ന "കൂടപ്പിറപ്പിന്റെ കാവലാളാകുവാന്‍", അതുപോലെ തന്നെ, " ഇന്ത്യ പെറ്റ മക്കളെല്ലാം ഒന്നാണ്" , "നമ്മളീ മണ്ണു പെറ്റ മക്കളുടെ ഹൃദയത്തില്‍ " , ക്യൂബ പ്രിയപ്പെട്ട ക്യൂബ" തുടങ്ങിയ പാട്ടുകള്‍ ഞാന്‍ ഒരുപാടു അന്വേഷിച്ചു. നെറ്റില്‍ ഇതില്‍ ആകെ കാണാന്‍ പറ്റിയത് ഈ ഒരു പോസ്റ്റ്‌ ആണ്. ഈ പാട്ടുകള്‍ കയ്യിലുള്ള , അല്ലെങ്കില്‍ വരികളെങ്കിലും അറിയാവുന്ന ആരെങ്കിലും ഉണ്ടോ?

    ReplyDelete