Wednesday, March 23, 2011

തകര്‍ന്ന കുംഭഗോപുരങ്ങള്‍; മാനവികതയുടെ പാട്ടുകള്‍

കൂടപ്പിറപ്പിന്റെ കാവലാളാകുവാന്‍
കൂടേവരൂ നിങ്ങള്‍ കൂടേ വരൂ
അന്യമതസ്ഥനാം നിന്നയല്‍ക്കാരനും
നിന്റെ കൂടപ്പിറപ്പല്ലേ
ഇന്ത്യയില്‍ വന്നു പിറന്നവരേവരും
സ്വന്തം സഹോദരരല്ലേ
നമ്മുടെ സ്വന്തം സഹോദരരല്ലേ
സ്വന്തം സഹോദരരല്ലേ

ബാബറിമസ്ജിദ് തകര്‍ച്ച നമ്മൂടെ കൊട്ടിഘോഷിക്കപ്പെട്ട മതേതരബോധത്തിനു നേരെ പല്ലിളിച്ചു കാട്ടിയ കാലം. മാനവികതയില്‍ വിശ്വസിക്കുന്നവരുടെയെല്ലാം ശിരസുകള്‍ കുറ്റബോധത്താല്‍ കുനിഞ്ഞു പോയ കാലം. 1992 ഡിസംബര്‍ ആറ് ചിലര്‍ക്ക് ചരിത്രത്തിലെ കുംഭഗോപുരങ്ങള്‍ കീഴ്പ്പെടുത്തിയ ഇടുക്കത്തില്‍ ഉളുപ്പില്ലായ്മയുടെ ആഹ്ലാദം സമ്മാനിച്ചപ്പോള്‍,  സങ്കുചിതത്വത്തിന്റെ ഇരുണ്ട ഇടവഴികളില്‍ പെട്ടുപോകാത്ത പച്ചമനുഷ്യര്‍ക്ക് വേവലാതിയുടെ ആധിയുടെ ദിനങ്ങളായിരുന്നു നല്‍കിയത്. അണഞ്ഞു തുടങ്ങിയെന്നു തോന്നുന്ന മാനവിക ബോധത്തിന്റെ കൈത്തിരി തെളിച്ചു നിര്‍ത്താന്‍ ഇന്ത്യയാകെ സടകുടഞ്ഞെഴൂന്നേറ്റു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആ വര്‍ഷത്തെ യൂണിയന്‍ മതസാഹോദര്യഗീതങ്ങളുടെ കാസറ്റിറക്കിയാണ് ഇതില്‍ കൂട്ടുചേര്‍ന്നത്. അമൃതനിര്‍ഝരി എന്നായിരുന്നു പേര്.
ഒ.എന്‍.വി എഴുതിയ ഈ ഗാനമടക്കമുള്ള സംഘഗാനങ്ങള്‍ അന്ന് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളില്‍ നിന്നുള്ള ഗായികാഗായകര്‍ ചേര്‍ന്ന് പാടി.  അന്ന് പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ സംഗീത അധ്യാപകനായ പ്രൊഫ.കാവുംവട്ടം വാസുദേവനാണ്  ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ ഗാനങ്ങളായിരുന്നു കസറ്റിലുണ്ടായിരുന്നത്. സ്കൂള്‍ കോളജ് കലോല്‍സവ വേദികളില്‍ ഇപ്പോഴും ഈ പാട്ടുകളില്‍ ചിലത് കേള്‍ക്കാറുണ്ട്.  പാട്ടുകളുടെ മുറിക്കഷണങ്ങള്‍ അവിടിവിടെയായി കുട്ടി ചേര്‍ത്ത അവിയലുകളായാണ് മിക്കപ്പോഴൂം ഇവ ചെവിയിലെത്താറ്.
ഇന്ത്യയുടെ സത്തയെക്കുറിച്ച് എക്കാലവും  പ്രസക്തമായ പലതും പങ്കുവെക്കുന്നുണ്ട് ഈ പാട്ടുകള്‍. പിന്നണിഗായകനായ നിഷാദ്, പട്ടുറുമാലിലൂടെ ശ്രദ്ധേയനായ അജയന്‍, അങ്ങനെ പിന്നീട് ശ്രദ്ധേയരായ പലരും  ഗായകസംഘത്തിലുണ്ടായിരുന്നു.

ഉണരുവിന്‍ സോദരാ
ഇനി നാമുറങ്ങുകില്‍
ഇരുളിന്റെ വേതാളമലറിയെത്തും
അരുമയായി നാം കാത്ത
നാടിതിന്‍ നന്‍മകള്‍
അഖിലവും തലയറ്റീ മണ്ണില്‍ വീഴും

എന്ന ഗാനം മന്ത്രി ബിനോയ് വിശ്വത്തിന്റേതായിരുന്നു. ഒരു ഉണര്‍ത്തുപാട്ടിന്റെ സകല ഊര്‍ജവുമുള്ള ഈ പാട്ട് അക്കാലത്ത് സി.പി.എം സമ്മേളന വേദികളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
ഈയങ്കോട് ശ്രീധരന്‍ രചിച്ച ഈ ഗാനം ഇന്ത്യയുടെ മതേതര പൈതൃകത്തെകുറിച്ച് സംവദിക്കുന്നു.

ആയിരം മല കടന്ന്
ആയിരം പുഴ കടന്ന്
ഓരോരോ കോണില്‍ നിന്നു വന്നവര്‍ നമ്മള്‍
ഭാരതീയര്‍ നമ്മള്‍ ഭാരതീയര്‍

ആടുമാടുമായി വന്നൊരായിരികള്‍ നമ്മള്‍
കാടുവെട്ടി തേര്‍ തെളിച്ച യാദവര്‍ നമ്മള്‍
സിന്ധു നദീ തീരത്ത് കുടിപ്പാര്‍ത്തൊരു കാലത്ത്
സൈന്ധവരായി പിന്നെ ഹൈന്ദവരായി
അന്നുമതം പിറന്നില്ല
ദൈവം പോലുമുയര്‍ന്നില്ല
ഒത്തു ചേര്‍ന്നു ജാതിഭേദ ചിന്തയില്ലാതെ

മലമേടുകള്‍ അലയാഴികള്‍
മറികടന്നു വീണ്ടുമെത്തി
യവനന്‍മാര്‍,ഹൂണന്‍മാര്‍,മുഗളന്‍മാരും
പോരടിച്ചു പരസ്പരം
പിന്നെ വീണ്ടുമൊത്തുചേര്‍ന്നു
നൂറു നൂറു ചിന്തകള്‍ തന്‍ സംഗമമായി
ഇന്ത്യ സംഗമ ഭൂമി

ബുദ്ധ ജൈന ചിന്തകള്‍
ക്രിസ്ത്യനിസ്ലാം ദര്‍ശനങ്ങള്‍
ശുദ്ധമായ വേദാന്തവും
പുത്തന്‍ ശാസ്ത്ര ബോധവും
ഒത്തു ചേര്‍ന്നു ഒഴൂകി വന്നു നാടുനീളെ
പൂത്തുലഞ്ഞു സംസ്കൃതിതന്‍പുഷ്പമേള

ഒരേ ശ്രുതിയില്‍ ഒരേ ഈണത്തില്‍ ഒരുപറ്റം ഗായികാഗായകരുടെ ശബ്ദത്തില്‍ ഈ ഗാനം ഒഴൂകി വന്നപ്പോള്‍ ഒരുമയുടെ സൌന്ദര്യമുണ്ടായിരുന്നു.
കാക്കപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
കന്നിപ്പൂവേ പൂത്തിരുളേ പൂത്തിരുളേ
എന്ന പി.കെ ഗോപിയുടെ രചന തുടക്കത്തില്‍ നാടന്‍പാട്ടിന്റെ ചേലു ചാര്‍ത്തുകയും പിന്നീട്് മൃദുപദങ്ങള്‍ കൊരുത്ത് ഗഹനമായ ചോദ്യങ്ങളിലെത്തുകയും ചെയ്യുന്നു
ഗംഗാനദിയുടെ കളകളമല്ലേ
പമ്പാനദിയുടെ സംഗീതം

നിളയും സരയുവുമൊരുപോല്‍ പാടി
ജനകോടികളുടെ സ്വരരാഗം
കാശ്മീരപ്പൂ തൊട്ടുതലോടിയ കാറ്റേ കണ്ടോ നീ
മലയാളപ്പൂ കണികണ്ടുണരും കാറ്റേ കണ്ടോ നീ
രക്തം ചിന്തിയ വഴികളിലെങ്ങാന്‍
സത്യത്തിന്റെ മുഖം
ദൈവത്തിന്റെ മുഖം
മാനവധര്‍മ്മത്തിന്റെ മുഖം

ഈ ഭാഗത്ത് അന്ന് ഓര്‍ക്കസ്ട്രയില്‍ ഓടക്കുഴല്‍ വായിച്ചിരുന്ന ശ്രീരാമിന്റെ(ഇന്നത്തെ സംഗീതസംവിധായകന്‍) മനോഹരമായ ബിറ്റുണ്ട്.
ഹരിത മലയാള തേജസ്വിനീ നിന്റെ
ഹൃദയദേവാലയ നടയില്‍
എന്ന പി.കെ.ഗോപി രചനയും മികച്ചുനില്‍ക്കുന്നു.
രക്തബാഷ്പം കാവ്യ തീര്‍ഥമായി മാറ്റിയ
സംസ്കാരഭൂമിയാണിന്ത്യ
അക്ഷയവേദേദിഹാസങ്ങളില്‍ നിന്ന്
ശക്തിയാര്‍ജിച്ചതാണിന്ത്യ
നാനാമതജ്ഞാന സാരപുഷ്പങ്ങളെ
വാരിപ്പുണര്‍ന്നതാണിന്ത്യ
കണ്ണീര്‍ കിനാക്കളും
ചോരയും തൂവേര്‍പ്പും
ഒന്നിച്ചുയിര്‍ത്തതാണിന്ത്യ
എന്ന ഭാഗം മനോഹരമാണ്.

കുറഞ്ഞ ദിവസങ്ങള്‍ ,നിരവധി പുതുഗായകര്‍, പല ഗാനങ്ങളും ഈണം നല്‍കിക്കൊണ്ടു തന്നെ പഠിപ്പിക്കുകയായിരുന്നു. മുഴുവന്‍ ഗാനങ്ങളും റിഹേഴ്സലിനു ശേഷം ലൈവായി റിക്കോര്‍ഡ് ചെയ്തു. കേസറ്റ് കേരളത്തിലങ്ങോളമുള്ള കലാലയങ്ങളില്‍ സൌജന്യമായി വിതരണം ചെയ്തു.

Saturday, March 19, 2011

അഴകിയ രാവണന്‍ മുതല്‍ അതിരുകടന്നെത്തിയ ഈണമഴ


തനനന താന താന തനന 'മള'
തനനാനന താനന താനന തനന 'മള'

മലയാളത്തിനു കമല്‍ പരിചയപ്പെടുത്തുന്ന  സംഗീത സംവിധായകന്‍ തമിഴ് വഴക്കത്തില്‍ ഈണം മൂളുകയാണ് കൈതപ്രത്തിനു മുന്നില്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി പടങ്ങള്‍ ചെയ്െതങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല അന്ന് വിദ്യാസാഗര്‍ എന്ന സംഗീതകാരന്. കമലിന്റെ ക്ഷണം അഴകിയ രാവണന്‍ എന്ന ചിത്രത്തിലേക്കായിരുന്നു. മലയാളത്തിന്റെ ഗാനസ്വഭാവവും ശീലങ്ങളുമറിയാന്‍ അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളവും അഷ്ടമുടിക്കായലും അങ്ങനെ ഗാനങ്ങളൊരുപാട് കേട്ട് ഒരുങ്ങിയാണ് വിദ്യാസാഗര്‍ കമ്പോസിങ്ങിനിരിക്കുന്നത്. ചിത്രത്തിലെ മഴപ്പാട്ടിനു വേണ്ടിയാണ് വിദ്യാസാഗര്‍ അറ്റത്ത് 'മള' ചേര്‍ത്ത് കൈതപ്രത്തിന് ഈണമെറിഞ്ഞു കൊടുത്തത്. മഴ നിറയുന്നൊരു പാട്ട് അങ്ങിനെ പിറന്നു
പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണമഴ
തോരാത്ത മോഹമീ മഴ
ഗന്ധര്‍വഗാനമീ മഴ
ആദ്യാനുരാഗ രാമഴ
മഴയില്‍ പിടിച്ചു തന്നെ വരികള്‍ പിറന്നു. മലയാളത്തിനിണങ്ങിയ ഈണങ്ങളുടെ ഒഴുക്കായിരുന്നു പിന്നെ. ഏറെ വേഗത്തില്‍ മലയാളിയുടെ മനസറിഞ്ഞു പാട്ടൊരുക്കാനുള്ള കൈവഴക്കം നേടി ഈ തമിഴ്മകന്‍. 

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയാല്‍ മെല്ലെ
കോരിയെടുക്കാന്‍ വാ

നാട്ടുചേലുകളുടെ മുഴുവന്‍ സത്തയുമുണ്ടായിരുന്നു അഴകിയ രാവണനിലെ ഈ ഗാനത്തിന്. അഴകിയ രാവണന്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെങ്കിലും പാട്ടുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞു, വിദ്യാസാഗര്‍ എന്ന സംഗീതകാരനും.
പിന്നെ നിരവധി ഈണങ്ങള്‍ വിദ്യാസാഗര്‍ നമുക്ക് ഗൃഹാതുരതകളില്‍ ചേര്‍ത്തുവെക്കാനും, പ്രണയത്തിന്റെ വീണമീട്ടാനും, സങ്കടങ്ങളെ തൊട്ടുണര്‍ത്താനുമായി തന്നു കൊണ്ടിരുന്നു.

ആരോ വിരല്‍ മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

വിദ്യാസാഗറിന്റെ മാസ്റ്റര്‍ പീസുകളിലൊന്നാണ് പ്രണയവര്‍ണങ്ങളിലെ ഈ പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള മാജിക് കോമ്പിനേഷനുകളിലൊന്ന്. ചിത്രത്തിലെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ എന്ന ഗാനവും സുഖകരമായ അനുഭൂതിയാണ്. സ്റേറജില്‍ മഞ്ജുവാര്യര്‍ പാടുന്നതായി ചിത്രീകരിക്കേണ്ടിയിരുന്ന ഈ പാട്ട്. ലൈവ് പാട്ടിന്റെ ഫീല്‍ നിലനിര്‍ത്താന്‍ സുജാതയെക്കൊണ്ട് ഒറ്റ ടേക്കില്‍ പാടിക്കുകയായിരുന്നു. പാട്ട് ശ്രദ്ധിച്ചാലറിയാം നെടുവീര്‍പ്പുകള്‍ പോലും ഓര്‍ക്കസ്ട്രേഷനില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നുവെന്ന്.

അസറിന്റെ തട്ടമിട്ട്
വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തീ
കൂന്താലീ പുഴയൊരു വമ്പത്തീ

മലബാറിലെ മാപ്പിളപ്പാട്ടിന്റെ അഴകു തുന്നിച്ചേര്‍ത്ത കോമ്പോസിഷന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഈ ഗാനം വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ഉദയം കൂടിയായിരുന്നു. വേറിട്ട ശബ്ദങ്ങള്‍ കണ്ടെത്തുവാനും കൊണ്ടുവരുവാനും വിദ്യാസാഗര്‍ ശ്രമിക്കുന്നുണ്ട്. ഒരു ചിത്രത്തില്‍ തന്നെ പല ഗായികാഗായകന്‍മാര്‍ക്ക് അവസരം ലഭിക്കുന്ന പ്രവണതയുടെ തുടക്കം മലയാളത്തില്‍ വിദ്യാസാഗറില്‍ നിന്നു തന്നെയാണ്.

കരിമിഴി കുരുവിയെ  കണ്ടീല
ചിരിമണി ചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നോടൊന്നും മിണ്ടീല

പ്രതാപ് എന്ന പുതുശബ്ദത്തിലാണ് മീശമാധവനിലെ ഈ ഗാനം നാം കേട്ടത്. വാളെടുത്താല്‍ അങ്കക്കലി എന്ന പോര്‍വിളിപ്പാട്ടില്‍ വിധുപ്രതാപിനെയും നന്നായി ഉപയോഗിച്ചു. എന്റെ എല്ലാമെല്ലാമല്ലേ എന്ന യേശുദാസ് ഗാനത്തിന് നാട്ടു പ്രേമത്തിന്റെ സുഖമുണ്ടായിരുന്നു.
കമല്‍,ലാല്‍ജോസ്, രഞ്ജിത്, സിബി മലയില്‍ എന്നിവര്‍ക്കൊപ്പം വിദ്യാസാഗര്‍ ചേരുമ്പൊഴൊക്കെ മലയാളത്തിന് എന്നും മൂളിനടക്കാനുള്ള മികച്ച ഗാനങ്ങള്‍ പിറന്നു.

എന്തേ നീയും വന്നീല
എന്നോടൊന്നും ചൊല്ലീല
അനുരാഗം മീട്ടും ഗന്ധര്‍വന്‍
നീ സ്വപ്നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍

കമലിന്റെ ഗ്രാമഫോണില്‍ ജയചന്ദ്രന്‍ പാടിയ  ഈ ഖവാലി എത്ര തവണകേട്ടാലും മതിവരില്ല.
നിറത്തിലെ യാത്രയായി സൂര്യാങ്കുരം, മിഴിയറിയാതെ വന്നു നീ എന്നിവയും സുഖമുള്ള ഈണങ്ങള്‍.

പിന്നെയും പിന്നെയും
ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം

ഈണവും കടന്ന് ഗിരീഷിന്റെ ഭാവന ഒഴൂകിയപ്പോള്‍ വരികള്‍ക്കൊത്ത് ഈണം ചേര്‍ക്കുകയെന്ന പഴയരീതിയിലേക്ക് വിദ്യസാഗറിനെ തിരിച്ചുവിളിച്ച ഗാനം. പ്രണയം പദങ്ങളിലും ഈണത്തിലും കുറുകിനില്‍ക്കുന്ന ഗാനം. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ ഗാനങ്ങളോരൊന്നിലും വിദ്യാസാഗറിന്റെ പ്രതിഭാ സ്പര്‍ശത്തിന്റെ തിളക്കമുണ്ടായിരുന്നു.
കാത്തിരിപ്പൂ കണ്‍മണീ,മഞ്ഞുമാസപ്പക്ഷീ, പ്രണയകാലങ്ങളുടെ സുഖം ഇവയിലെല്ലാം തുളുമ്പുന്നുണ്ട്.
സിബിമലയിലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേമിലെ വിദ്യാസാഗര്‍ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയെ പറന്നെന്‍ അരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പിന്നണിയിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സുഖ ലയവിന്യാസം ഈ ഗാനത്തിന്റെ അഴകുകൂട്ടുന്നു. ഇതേ ഈണം തമിഴില്‍ പിന്നീട് വിദ്യാസാഗര്‍ ഉപയോഗിച്ചു. രഞ്ജിതിന്റെ ചന്ദ്രോല്‍സവത്തിലെ മുറ്റത്തെത്തും തെന്നലേ, ആരാരുംകാണാതെന്‍ ആരോമല്‍ തൈമുല്ല എന്നീ ഗാനങ്ങള്‍ പടത്തിന്റെ നൊസ്റ്റാള്‍ജിക് മൂഡിനു ചേര്‍ന്നവയായിരുന്നു.
ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലും വിദ്യാസാഗര്‍ ഈണംകൊണ്ട് സമൃദ്ധമായിരുന്നു.

അമ്പാടിപ്പയ്യുകള്‍ മേയും കാണാതീരത്ത്
അനുരാഗം മൂളും തത്തമ്മേ

ലാളിത്യമുള്ള ഈണമായിരുന്നു. ബമ്പാട്ട് ഹുഡുഗീ എന്ന തട്ടു പൊളിപ്പന്‍ ഗാനത്തിനും മെലഡിയുടെ അകമ്പടിയുണ്ടായിരുന്നു. മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന എന്ന രണ്ടാംഭാവത്തിലെ ഗാനം വരികള്‍ പോലെ മറന്ന മൌനാനുരാഗത്തെ തിരികെ വിളിക്കുന്നുണ്ട്. ലാല്‍ജോസുമൊത്ത് ഒടുവില്‍ ചേര്‍ന്ന നീലത്താമരയിലും അനുരാഗവിലോചനനായി എന്ന പുതുമയുള്ള ഗാനാനുഭവം നല്‍കാന്‍  കഴിഞ്ഞു. എളുപ്പം നമ്മുടെ മനസിന്റെ മുറ്റം കടന്ന് പിരിയാതെ കുടിയിരിക്കുന്ന ഗാനങ്ങളാണ് വിദ്യ ചെയ്തതിലേറെയും. മലയാളശീലങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും എന്നാല്‍ പുതിയ കാലത്തിന്റെ തേരിലേറുകയും ചെയ്യുന്ന ഗാനങ്ങള്‍. ഇനിയുമേറെ മലയാളത്തിനോകാന്‍ വിദ്യയുടെ മനസില്‍ ഈണങ്ങള്‍ ബാക്കിയുണ്ട്. മലയാളം വല്ലപ്പോഴും മാത്രമേ ഇപ്പോള്‍ ഈ ഗാനസൃഷ്ടാവിന്റെ സാനിധ്യമറിയിയുന്നുള്ളൂ. 
നിധീഷ് നടേരി

Sunday, March 13, 2011

പൂങ്കാറ്റിലെ ഗമപാ ഗമപാ എന്റെ ഖല്‍ബിലെ ഹല്‍വ



റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഈണങ്ങള്‍ ഷിബു ചക്രവര്‍ത്തി ഏറ്റുവാങ്ങിയത്. 
ശ്യാമ എന്ന ചിത്രത്തിലെ ഗാനങ്ങളായ് മാറിയ രഘുകുമാറിന്റെ ഈണങ്ങള്‍. 
കാസറ്റും വാക്ക്മാനും ആരോ റെയില്‍ വേസ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 
റെക്കോര്‍ഡിങ് ചെന്നെയില്‍.

പിറ്റേന്നു രാവിലെ ചെന്നെയില്‍ ട്രെയിനിറങ്ങുമ്പോഴേക്ക് ശ്യാമയിലെ ഈണങ്ങള്‍ക്കു മുഴൂവന്‍ വരികള്‍ പിറന്നിരിക്കണം എന്നാണ് കണ്ടീഷന്‍. യാത്ര തുടങ്ങി വാക്ക്മാനില്‍ കേട്ട ഈണങ്ങളുടെ ചട്ടക്കൂട്ടിലേക്ക് ഷിബു ചക്രവര്‍ത്തിയുടെ ഭാവന ചേര്‍ന്നു തുടങ്ങി. ശ്യാമയില്‍ നമ്മള്‍ കേട്ട ചെമ്പരത്തി പൂവേചൊല്ലൂവും മറ്റു ഗാനങ്ങളും പതിയെ ജന്‍മം കൊണ്ടു. ഒരു പാട്ടിന്റെ  ഈണത്തുമ്പത്തെവിടെയോ പറ്റിയ വാക്കുകള്‍ കിട്ടാതെ ഷിബു ചക്രവര്‍ത്തി കുഴങ്ങി. പൂങ്കാറ്റേ പോയി ചൊല്ലാമോ എന്നു തുടങ്ങുന്ന പല്ലവി ക്ലീന്‍. പക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും (ഗാനത്തിന്റെഅടുത്ത രണ്ട് സ്റ്റാന്‍സകള്‍) ഒടുക്കത്തിലെ ബിറ്റിനാണ്  തുന്നി ചേര്‍ക്കാന്‍ അതുവരെ എഴൂതിയതിനു പൊരുത്തമുള്ളൊരു വാക്കു കിട്ടാത്തത്. ആലോചിക്കാന്‍ കൂടുതല്‍ സമയമില്ല. ട്രെയിന്‍ ചെന്നൈയിലെത്തി രാവിലെത്തന്നെയാണ് റെക്കോര്‍ഡിങ്. എല്ലാവരും വരി കാത്ത് നില്‍ക്കയാണ്. ഒന്നും തലയിലുദിക്കാതായപ്പോള്‍ ആ ഈണത്തിന്റെ സ്വരങ്ങള്‍ തന്നെ തല്‍ക്കാലം എഴൂതി ചേര്‍ത്തു. എപ്പോഴെങ്കിലും വല്ലതും തടഞ്ഞാല്‍ ചേര്‍ക്കാമെന്ന ധാരണയില്‍.
\'ഗമപ ഗമപ\'
പിന്നീടൊന്നുമുണ്ടായില്ല. പാട്ട് ഉണ്ണിമേനോന്റെ സ്വരത്തില്‍ ടേപ്പില്‍ ചരിത്രത്തിലേക്കു കയറി. ഗമപ ഗമപ എന്ന എന്‍ഡിങ്ങ് ഗാനത്തിന് കൂടുതല്‍ ഭംഗികുട്ടുകയും ചെയ്തു. അങ്ങനെ പിറക്കാതെ പോയവാക്കുകളുമായി ആ ഗമപാ ഗമപാ ഇന്നും നമ്മള്‍ ആസ്വദിക്കുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷിബു രസകരമായ ഈ ഓര്‍മ പങ്കു വെച്ചത്. ഓരോഗാനത്തിന്റെയും വരികള്‍ക്കിടയിലൂം ഈണവഴികളിലും ഇങ്ങനെ എത്ര രസകരമായ കഥകള്‍ പതിയിരിക്കുന്നുണ്ട്.

എന്റെ ഖല്‍ബിലെ ഹല്‍വയാണ് നീ നല്ല പാട്ടുകാരി എന്ന് ഇപ്പോള്‍ കേള്‍ക്കും അല്‍പ്പം അരോചകമായി തോന്നും. പക്ഷേ ശരത് വയലാര്‍ ആദ്യം എഴൂതിയ ഈ വരിയില്‍ അഴിച്ചു പണി നടത്തിയിരുന്നില്ലെങ്കില്‍ ക്ലാസ്മേറ്റിലെ ഈ ജനപ്രിയ ഗാനത്തില്‍ ഹല്‍വയും കയറിപ്പറ്റുമായിരുന്നു.
കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല
എന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ നേരം. കൈതപ്രത്തിന്റെ വരികള്‍,എം ജയചന്ദ്രന്റെ ഈണം. പാട്ടു പാടിയ ചിത്ര നാട്ടിലേക്ക് തിരിച്ചുപോയിരിക്കുന്നു. പാട്ടു കേട്ട സംവിധായകന്‍ കമലിന് ഗാനത്തിന്റെ ഒരു ഭാഗത്ത് അല്‍പ്പം മാറ്റം വേണമെന്ന് തോന്നി.
വരിയിങ്ങനെ
പട്ടുറുമാലു വേണ്ട
അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം
മതിയെനിക്ക്
നായിക ഏറെ സ്്നേഹ വിലോലയായി പാടുകയാണ്. അപ്പോള്‍ മതിയെനിക്ക് എന്ന പ്രയോഗത്തെക്കാള്‍ മതിയിവള്‍ക്ക് എന്നാണ് നല്ലതെന്നാണ് ചിന്ത. അതാവുമ്പോള്‍ വിനയത്തിന്റെ സുഖമുള്ളൊരു ധ്വനിയുമുണ്ടാവും.
ചിത്ര ദൂരങ്ങള്‍ താണ്ടി തിരികെയെത്തുന്നു. കോഴിക്കോട്ടെ സ്റ്റുഡിയോയില്‍ വന്ന് പാടി പോവുന്നു. പാടി എന്നു പറയാനാവില്ല. ചിത്ര പാടിയത് ഇത്ര മാത്രം....\'മതിയിവള്‍ക്ക്\'
മതിയെനിക്കിനു മേലേ മതിയിവള്‍ക്ക് ഓവര്‍ലാപ് ചെയ്തതോടെ സംഗതി ക്ലീന്‍. പണ്ടായിരുന്നെങ്കിലോ മുഴൂവന്‍ ഓര്‍ക്കസ്ട്രയുമൊത്ത് ചിത്ര ആദ്യമധ്യാന്തം ഇരുന്ന് പാടേണ്ടി വന്നേനെ. അല്ലെങ്കില്‍ അത്തരമൊരു വരിമിനുക്കല്‍ വേണ്ടെന്നു വച്ചേനെ.
മലയാളമറിയാത്ത ഏതോ തമിഴ് സൌണ്ട് എന്‍ജിനീയര്‍ക്ക് പാട്ട് മിക്സ് ചെയ്തപ്പോള്‍ പറ്റിയ അബദ്ധം ഇന്നും ബാബുരാജിന്റെമനോഹരമായ ഈണത്തില്‍ ഗന്ധര്‍വ്വ ശബ്ദത്തില്‍ നാം കേള്‍ക്കാറില്ലേ.
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
ഒരുഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
അന്ന് സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിരുന്നെങ്കില്‍ മനോഹരമായ ഈ ഗാനത്തിലെ ഈ അരോചകത്വം ഒഴിവാകുമായിരുന്നു. 
നിധീഷ് നടേരി

Monday, March 7, 2011

കളിവീടുറങ്ങിയല്ലോ...

കളിവീടുറങ്ങിയല്ലോ...


ഓര്‍മയുടെ അങ്ങേ അറ്റത്ത് ഇപ്പൊഴും ആ പാട്ടുണ്ട്.

സ്നേഹവും ത്യാഗവും ഒന്നിച്ചു ചേരുന്ന കാരുണ്യപാല്‍ക്കടലാണമ്മ
 പാരിതിലെങ്ങും പ്രകാശം പരത്തുന്ന
വാല്‍സല്യ പ്പൊന്‍വിളക്കമ്മ
കാലിട്ടടിച്ചു കരഞ്ഞനാള്‍ തൊട്ടു നാം
കാണുന്ന ദൈവമിതമ്മ
ഈ ലോകമെന്തെന്നറിയാത്ത കാലത്തെ
താങ്ങും തണലുമാണമ്മ

എഴുതിയതാരെന്ന്  അറിയില്ല. കോഴിക്കോട് ആകാശവാണിയിലുണ്ടായിരുന്ന കുഞ്ഞിരാമന്‍ ഭാഗവതരാണ് സംഗീതമെന്ന് പിന്നീട് പറഞ്ഞു കേട്ടു. ആഭേരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അച്ഛന്റെ സ്വരത്തില്‍ ഓര്‍മയിലത് ഇടക്കിടെ വന്നു പോവും. ആദ്യകേള്‍വി വീടിന്റെ പൂമുഖത്ത് നിലത്തിരുന്നാണ് . ഇരുപതു വര്‍ഷം മുന്‍പ്. അച്ഛമ്മയും അമ്മയും അനിയനും തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാന്‍ കിട്ടുന്ന അച്ഛനും ഇരിക്കയാണ്. കേമലിന്റെ പുതിയ കളര്‍ബോക്സ് കിട്ടിയ ദിവസം.എന്തിനോ കുറുമ്പുകൂടി അമ്മയെ കുറ്റം പറഞ്ഞ ഏഴുവയസുകാരനുള്ള അച്ഛന്റെ മറുപടിയായിരുന്നു ആ പാട്ട്. പൂര്‍ത്തിയാവും മുന്‍പ് അവന്‍ കരഞ്ഞു. ആ കരച്ചില്‍ ഇന്നും തുളുമ്പും ആ പാട്ട് ഓര്‍ത്തെടുക്കുമ്പോള്‍.

തെറ്റെത്ര ചെയ്താലും കുറ്റം പറഞ്ഞാലും
ഒക്കെ പൊറുക്കുന്നിതമ്മ
മക്കള്‍ക്കൊരിത്തിരി കണ്ണു നനഞ്ഞാലോ
പൊട്ടിക്കരയുന്നിതമ്മ

 അച്ഛനെയും കൂടപ്പിറപ്പുകളെയും പാട്ടുപഠിപ്പിക്കാന്‍ വന്നിരുന്ന ഭാഗവതര്‍ പഠിപ്പിച്ചത്. അച്ഛനും അച്ഛമ്മയും ഓര്‍മയായി. ഈയിടെ ഈ വരികള്‍ മൂളിക്കേള്‍ക്കണമെന്ന കൊതിയില്‍ മേമയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തുടക്കത്തിലേ കരച്ചിലില്‍ ഇടറി നിന്നു. സംഗീതവും സാഹിത്യവും ചേര്‍ന്ന് ഓര്‍മകളെ ഇത്രമേല്‍ മഥിക്കുമെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്നു. പാട്ടിന്റെ കൈവഴികളിലെല്ലാം സ്നേഹത്തിന്റെ അമ്മമുഖങ്ങളാണ്.

അമ്മായെന്‍ട്രഴക്കാത് ഉയിരില്ലയേ
അമ്മാവെ വണങ്കാത് ഉയര്‍വില്ലയേ
നേരില്‍ നിന്‍ട്ര് പേസും ദൈവം
പെട്ര തായെന്‍ട്രി വേറൊന്‍ട്ര് യേത്

തമിഴ് പാട്ടുകള്‍ അത്രയൊന്നും കേള്‍ക്കാതിരുന്ന എന്റെ ചെവിയില്‍ ഈ പാട്ടെത്തുന്നത്  ചേച്ചിമാരിലൊരാളുടെ ചുണ്ടില്‍ നിന്നാണ്. പാലക്കാട്ടു നിന്ന് വേനലവധികളില്‍ അവരെത്തുമ്പോഴാണ് തമിഴ് പാട്ടുകള്‍ മൂളിക്കേള്‍ക്കാറ്.
രജനീകാന്ത് തളര്‍വാതം വന്ന അമ്മയെ പരിചരിക്കുന്ന രംഗങ്ങളുമായ് പിന്നെ എപ്പോഴോ മന്നന്‍ എന്ന ചിത്രത്തിലെ പാട്ടു കണ്ടു. പിന്നെ പലവുരു കേട്ടു. അമ്മ എന്ന പദത്തിന് മിഴിവും മഹത്വവും ഏറ്റുന്ന വരികള്‍. യേശുദാസിന്റെ സ്വരത്തിന്റെ അഭൌമ ചൈതന്യം. അസംഖ്യം തവണ മനസ് ജപം പോലെ ഈ പാട്ടു മൂളിക്കഴിഞ്ഞിരിക്കുന്നു..
പസുംതങ്കം പുതുവെള്ളി മാണിക്യം മണിവൈരം
അവൈയാവും ഒരു തായ്ക്ക് ഈടാകുമാ
വിലൈമീത് വിലൈ വൈത്ത് കേട്ടാലും കൊടുത്താലും
കടൈതന്നില്‍ തായന്‍പ് കിടക്കാതമ്മാ
ഈരൈന്തു മാതങ്ങള്‍ കരുവോട് എനൈ താങ്കി
നീപട്ട പെരും പാട് അറിവേനമ്മാ
ഈരേഴു ജന്‍മങ്കള്‍ എടുത്താലും ഉഴൈത്താലും
ഉനൈക്കിങ്ക് നാന്‍ പട്ട കടം തീരുമാ
ഉന്നാലേ പിറന്തേനേ....
അമ്മയോട് അനന്തകാലങ്ങള്‍ക്കപ്പുറവും വീട്ടാതെ കിടക്കുന്ന ഉയിരിന്റെ കടപ്പാട്.പാടിതീര്‍ക്കാനാവാത്ത പാട്ടുപോലെ അത് ഇളയരാജയുടെ ഈണവും കണ്ണദാസന്റെ വരികളും യേശുദാസിന്റെ ശബ്ദവും കടന്ന് ഒഴുകുന്ന പോലെ. എത്ര വിലകൊടുത്താലും വാങ്ങാന്‍ കിട്ടാത്ത തായന്‍പ്, എത്ര അമൂല്യ രത്നങ്ങള്‍ക്കും പകരം വെക്കാനാവാത്ത മാതൃത്വത്തിന്റെ മതിപ്പ്, ചമല്‍ക്കാരങ്ങളേറെയില്ലാതെ നിഷ്കളങ്ക മനസില്‍ നിന്നുള്ള തെളിഞ്ഞ ബിംബങ്ങളുമായി കണ്ണദാസന്‍ വരച്ചിട്ടിരിക്കുന്നു.

ഓടിയാടുന്ന പെണ്‍കിടാവേ
ഇവളെന്തോര്‍ത്തു തലകുനിപ്പൂ
പാടിക്കളിക്കേണ്ട പ്രായങ്ങളില്‍
പല ഭാരങ്ങളും ചുമപ്പൂ
ദൂരദര്‍ശന്റെ റെക്കോര്‍ഡ് റൂമിലെവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാവണം ഈ പാട്ട്. ആരുടെ രചനയെന്നോ സംഗീതമെന്നോ അറിയില്ല. 90 കളില്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ സ്ഥിരമായ് വന്നുകൊണ്ടിരുന്ന ഗാനമായിരുന്നു.യേശുദാസിന്റെ ശബ്ദം. എന്‍. എല്‍ ബാലകൃഷ്ണന്‍ ബലൂണ്‍വില്‍പ്പനക്കാരനായ് വരുന്ന പാട്ട്.  അടുക്കളപ്പുറത്തിരുന്ന് പാത്രം കഴുകുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ നോക്കി അയാള്‍ പാടുകയാണ്.
അമ്മക്ക് അടുക്കളയില്‍ തീയൂട്ടാനിവള്‍ വേണം
അന്തിക്ക് അരിയാട്ടി മാവാക്കാന്‍ ഇവള്‍ വേണം
മുറ്റമടിക്കാന്‍ വെള്ളം കോരാന്‍ തുണിയലക്കാന്‍....പാത്രങ്ങള്‍ മോറാന്‍ പടച്ചുവിട്ടത് പെണ്ണിനെയോ
ഇവള്‍ പെണ്ണായ് പോയതിനാലേ
ചുമടൊന്നിന്നൊന്നിനു മേലെ
അതു ചുമന്നു ചുമന്നു തളര്‍ന്നു തളര്‍ന്നു തേങ്ങും ഹൃദയമോടെ
വര്‍ഷങ്ങള്‍ക്കപ്പുറത്ത് കണ്ട പാട്ട് അത്രക്കു മനസില്‍ പതിഞ്ഞിരുന്നു. ദൃശ്യവും ഗാനവും ചേര്‍ന്ന് കൂടുകൂട്ടിയതാണ് മനസില്‍. സ്ത്രീ വിവേചനം, മെയ്ല്‍ ഷോവനിസം എന്നൊന്നും കേട്ടറിവില്ലാത്ത കുട്ടിക്കാലത്തിന് ആ പെണ്‍കുട്ടിയുടെ അവസ്ഥയോട് അനുതാപമുണ്ടായിരുന്നു. അറിയാവുന്ന പല പെണ്‍കുട്ടികളും കളിപ്രായത്തിലേ അടുക്കളയിലേക്കെന്ന് അടയാളപ്പെടുത്തപ്പെടുന്നത് കണ്ടപ്പൊഴോക്കെ അതിലെ അനീതിയില്‍ വേദനിക്കുവാനെങ്കിലും  ആ പാട്ട്  പ്രേരിപ്പിച്ചിരുന്നു. പിന്നെ ദൂരദര്‍ശന്‍ ആ പാട്ടു പതിയെ പിന്‍വലിച്ചു. കാലമേറെക്കഴിഞ്ഞ് കോഴിക്കോട്ട് മലബാര്‍ പാലസില്‍ നടന്ന വനിതാ സെമിനാറിന് കാഴ്ചക്കാരനായിരിക്കെയാണ് പെട്ടെന്ന് ഈ വരികള്‍ ഇടമുറിയാതെ ദൃശ്യത്തെളിമയോടെ വീണ്ടും ഓര്‍മയിലെത്തിയത്. വനിതാ കമ്മീഷന്‍ നിര്‍മിച്ച വിരസമായ ഒരു ഹ്രസ്വചിത്രം കാണുമ്പൊഴായിരുന്നു അത്.  സ്ത്രീവിമോചനത്തെക്കുറിച്ചെന്ന് ഊറ്റം കൊള്ളാന്‍ പടച്ചെടുത്ത കുറേ കൃത്രിമ രംഗങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ എത്ര കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു ആ പാട്ട് എന്ന് ഒന്നു കൂടെ ബോധ്യമായി. ഒരിക്കല്‍ കൂടി ആ പാട്ട് കേട്ടിരുന്നെങ്കിലെന്നും..ഇങ്ങനെ ചില പാട്ടുകള്‍ അപ്രതീക്ഷിതമായി മൂടിക്കിടന്ന മറവിയുടെ പുതപ്പുമാറ്റി ഇടക്ക്  ഓര്‍മയിലേക്ക് ഉണരുന്നുണ്ട്.

ഓരോ കേള്‍വിയിലും മനസു പറിച്ചെടുക്കുന്ന മറ്റൊരു പാട്ടുണ്ട്.
കളിവീടുറങ്ങിയല്ലോ
കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെന്‍
ആത്മാവു തേങ്ങുന്നല്ലോ
അച്ഛനെ അര്‍ബുദം തളര്‍ത്തിയ കാലം. പക്ഷേ പാട്ടു കേട്ടും വായിച്ചും ശയ്യാവലംബിയായ ആ ദിനങ്ങള്‍ അച്ഛന്‍ ചെലവഴിച്ചു. അന്ന് സിനിമാപാട്ട് ലോകം തന്നെയായിരുന്ന പത്താം ക്ലാസുകാരന്‍ കടം കൊണ്ട കേസറ്റായിരുന്നു ദേശാടനത്തിന്റെത്. കുറച്ചുദിവസങ്ങള്‍ പലവുരു ആ പാട്ട് വീട്ടില്‍ മുഴങ്ങി. അച്ഛനെ കൂടി പുതുതായിറങ്ങിയ നല്ല പാട്ടു കേള്‍പ്പിക്കുക. അച്ഛന്‍ അതിനെപ്പറ്റി നല്ലതു പറയുന്നത് കേള്‍ക്കുക. പതിവു പോലെ അതായിരുന്നു മനസു നിറയെ. വേദന തിന്നുമ്പൊഴും അച്ഛനതു കേട്ടു. നല്ലതു പറഞ്ഞു. കൈതപ്രത്തെക്കുറിച്ചു പറഞ്ഞു. പണ്ട് കോഴിക്കോട് പ്രസ് ക്ലബിന്റെ കുടുംബമേളയില്‍ ലളിതഗാനത്തിന് അച്ഛനെ രണ്ടാമതാക്കിയ മാതൃഭൂമിയിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെന്ന പ്രതിഭയെക്കുറിച്ചു പറഞ്ഞു. പതിയെ അച്ഛന്റെ മാത്രയോരോന്നും വേദനയുടേത് മാത്രമായി. അവസാനം വരെ

ഇനിയെന്നു കാണുമെന്നാല്‍ പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിലോര്‍മകള്‍ തുളുമ്പിപ്പോയി
എത്രയായാലുമെന്‍ ഉണ്ണിയല്ലേ
അവന്‍
വിലപിടിയാത്തൊരെന്‍ നിധിയല്ലേ
എന്റെ പുണ്യമല്ലേ
 ഈ വരികളില്‍ ഹൃദയം കനത്ത് പൊട്ടുമെന്ന് തോന്നും ഓരോ കേള്‍വിയിലും.
പാട്ടുകള്‍ ഓര്‍മയുടെ മേഘങ്ങളാണ്. ഇടക്ക് അവ ഓര്‍മപെയ്ത്തില്‍ നിര്‍ത്തി കുളിര്‍പ്പിക്കുന്നു. ഇടക്ക്  അതിവര്‍ഷത്തിന്റെ പെരുന്തുള്ളികളായി മനസില്‍ വീണ് നോവിക്കുന്നു. രണ്ടിനും അനിര്‍വചനീയമായ അനുഭൂതിയുടെ സുഖമുണ്ട്. അവ  ഗൃഹാതുരതയുടെ, സങ്കടങ്ങളുടെ, സ്നേഹവായ്പുകളുടെ ലഹരികൂടിയാണ്.


നിധീഷ് നടേരി