Friday, October 28, 2011

വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....



വയലാര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...... 
വയലാറില്‍, വയലും ആറുമുണ്ട്. കാവ്യസൌഗന്ധികങ്ങള്‍ പൂത്ത വയലും ഭാവന നിര്‍ലോഭം ഒഴുകിയ ആറും.  പദപരിചരണത്തിലെ രാജകീയത,കാവ്യ ബിംബങ്ങളിലെ സൌകുമാര്യത. ഇവ ചേര്‍ന്ന് ഒരുപിടി കവിതകള്‍,അതിലേറെ ഗാനങ്ങള്‍ വയലാറിന്റെ ഹൃദയം മലയാളത്തിനു തന്നു. മലയാള സാഹിത്യ മണ്ഡലത്തില്‍ ''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചീടാത്തൊരു തത്ത്വശാസ്ത്രത്തെയും...'' എന്ന് മനസ്സുതുറന്ന് കലഹിച്ച കവിയായി വാഴുമ്പോള്‍ തന്നെ ഗാന രചയിതാവിന്റെ ജനകീയ സിംഹാസനത്തിലും വയലാര്‍ അമര്‍ന്നിരുന്നു.'മരിയ്ക്കുന്നില്ല ഞാന്‍' എന്ന് കവിതയ്ക്കിട്ട തലക്കുറി അന്വര്‍ഥമാക്കി വയലാര്‍ ഇന്നും ഉണര്‍ന്നിരിക്കുന്നു.
ഈണത്തിന്റെ ഔദാര്യം അനുവദിച്ചുതരുന്ന ഇടങ്ങളില്‍ വാക്കുകള്‍ തിരുകിക്കയറ്റി പാട്ടുകള്‍ എന്ന പേരില്‍ പലതും പിറവിയെടുക്കുന്ന പുതുകാലത്ത് ആത്മാവുള്ള ഒരു പാട്ടനുഭവിക്കാന്‍ തലമുറകള്‍ ഭേദമില്ലാതെ നാം വയലാര്‍ - ദേവരാജന്‍ ടീമിലേക്ക് വെച്ചു പിടിക്കുന്നു.
ജീവിതത്തോട് പ്രണയം തീവ്രമാവുമ്പോള്‍ പുത്തന്‍ തലമുറകളും
''ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...''
എന്നു പാടുന്നു;കേള്‍ക്കുന്നു. സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്ത് 'ഓ! ഗ്രേറ്റ്' എന്ന് പുളകം കൊള്ളുന്നു.
ആത്മാവുള്ള, ജീവനുള്ള ഈരടികള്‍ വേനല്‍മഴ പോലെ വന്നുപോവുന്ന ഈ കാലത്ത് വയലാര്‍ എങ്ങനെ വിസ്മൃതനാവും?
''സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കുന്നു
ശില്‍പ കന്യകകള്‍ നിന്റെ വീഥിയില്‍
രത്ന കമ്പളം നീര്‍ത്തും...''
എന്ന് പ്രണയിനിയെക്കുറിച്ച്  വര്‍ണ സ്വപ്നങ്ങള്‍ വാരിവിതറി വയലാര്‍. സ്വപ്നത്തിന്റെ ആകാശ ഗോപുരങ്ങളില്‍ ചെന്ന് പദങ്ങളുമായി ഇന്ദ്രജാലം തീര്‍ത്തു.
പലതും ക്ഷണിക രചനകളായിരുന്നു.
ഏറെ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. നദി എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് എല്ലാ തയ്യാറെടുപ്പുകളും ആയി. സംഗീത സംവിധായകന്‍ റെഡി. ഓര്‍ക്കസ്ട്രയും ഗായകനും എപ്പോഴേ റെഡി. ഇനി പാട്ടു മാത്രം എഴുതിക്കിട്ടിയാല്‍ മതി. അതിനായി വയലാര്‍ രാമവര്‍മയെ ആലുവ പുഴയോരത്തുള്ള ഒരു ഹോട്ടലിലെ മുറിയില്‍ ആക്കിയിരിക്കുകയാണ് നിര്‍മാതാവ്. അയാള്‍ വിറളി പിടിച്ചുനടക്കുന്നു. ഒരു വരി പോലും എഴുതിയിട്ടില്ല വയലാര്‍. ഇടയ്ക്കിടെ നിര്‍മാതാവ് വന്ന് റൂമില്‍ നോക്കുമ്പോള്‍ വയലാര്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. പാട്ടിന്റെ കാര്യത്തില്‍ മാത്രം ഒരടി മുന്നോട്ടു പോയിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മാതാവ് വന്നു നോക്കുമ്പോഴും കാര്യങ്ങള്‍ തഥൈവ. നാലു മണിക്ക് അവസാനമായി ഒരിക്കല്‍കൂടി അയാള്‍ വന്നുനോക്കി. അപ്പോഴും വയലാര്‍ അന്തംവിട്ട് കിടന്നുറങ്ങുന്നു. മേശപ്പുറത്ത് മലയാളികളെ എക്കാലവും കോരിത്തരിപ്പിച്ച ആ പാട്ടിരിക്കുന്നു. ഒപ്പം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളും.
''ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാ പുഴ പിന്നെയുമൊഴുകി.....'
മരണത്തിനിപ്പുറം 36 ആണ്ടുകള്‍ കഴിയുമ്പോഴും മലയാളികളുടെ മനസ്സിലൂടെ ആയിരം പാദസരങ്ങള്‍ കിലുക്കി വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....