Thursday, August 30, 2012

ഓണമെത്ര ഈണമൂട്ടി.............

photo cortesy www.funonthenet.in

മ്മുടെ പാട്ടുകളില്‍ ഓണം ഉല്‍സവനിറങ്ങളത്രയും ചാര്‍ത്തി വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ചലച്ചിത്രഗാനങ്ങളിലും  ലളിതഗാനങ്ങളിലുമെല്ലാം  ഓണക്കാല ത്തിന്‍െറ  പ്രകൃതിയും സമൃദ്ധിയും  ആഹ്ളാദവും ആവേശവും മനോഹരമായി ഇഴചേര്‍ത്തുവെച്ചിട്ടുണ്ട്. ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന ഉള്ളിലെ ഉല്‍സവമേളത്തിനു അകമ്പടിയാകുന്ന, ഗൃഹാതുരതകളെ മനസിലേറ്റുന്ന എത്രയെത്ര  ഓണപ്പാട്ടുകളാണ് നമുക്കു ചുറ്റും പാടിയുണരുന്നത്.

ഓണനാളുകളെ തുയിലുണര്‍ത്തുന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ മലയാളമെന്നും മനസിലേറ്റുന്നു. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതം ചേര്‍ന്നപ്പോള്‍ ഈ ഗാനത്തില്‍ നിന്ന് പൂക്കാലസൗരഭ്യം പരന്നു.

തുയിലുണരൂ തുയിലുണരൂ
തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണ പുലരിവന്നു തൃക്കാക്കര നടതുറന്നു
കുരവയിട്ടു പാറിവരൂ കുരുവികളേ
..........
ഒരു പൂക്കാലമത്രയും പാട്ടിന്‍െറ അനുപല്ലവിയില്‍ വിരിഞ്ഞുനില്‍ക്കുന്നു

മുക്കുറ്റിപ്പൂവിരിഞ്ഞു മൂന്നുകോടി പൂവിരിഞ്ഞു
തെച്ചിപ്പൂങ്കാവുകള്‍ തറ്റുടുത്തു....


കരിം കര്‍ക്കിടകത്തിന്‍െറ വറുതിക്കാലം കഴിഞ്ഞ് തെളിഞ്ഞ മനസുമായത്തെുന്ന ഓണനാളുകളിലെ പ്രകൃതിയെ സുന്ദരമായി വരച്ചുവെച്ച ശ്രീകുമാരന്‍ തമ്പിയുടെ മറ്റൊരു ഗാനമുണ്ട്. ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ തന്നെ അത് മലയാളം കേട്ടു.

ഓണക്കോടിയുടുത്തു വാനം
മേഘക്കസവാലേ വെണ്‍ മേഘക്കസവാലേ
മഴവില്ലിന്‍ മലര്‍ മുടിയില്‍ തിരുകി
മധുഹാസം തൂകി അവള്‍ മധുഹാസം തൂകി
............

കര്‍ക്കിടകത്തിന്‍  കറുത്ത ചേലകള്‍
വലിച്ചെറിഞ്ഞല്ളോ മാനം വലിച്ചെറിഞ്ഞല്ളോ....
.....................................................

കന്നിക്കൊയ്ത്തിന് കാത്തിരിക്കും
പാടമുണര്‍ന്നല്ളോ നെല്ലിന്‍ പാടമുണര്‍ന്നല്ളോ
മണ്ണിന്‍ മനസില്‍ വിടര്‍ന്ന കതിരുകള്‍ ചിരിച്ചു നിന്നല്ളോ
കനകം കൊരുത്തു തന്നല്ളോ.....

ചലച്ചിത്രങ്ങളില്‍ ഓണം പരാമര്‍ശിച്ചുപോയ പാട്ടുകള്‍ ഇനിയുമേറെയുണ്ടെങ്കിലും ഈ രണ്ട് ഗാനങ്ങളിലാണ് ഏറ്റവും സമൃദ്ധമായി ഓണം അനുഭവിക്കാന്‍  കഴിയുന്നത്.
ചലച്ചിത്രഗാനങ്ങളേക്കാള്‍ ഓരോ ഓണക്കാലത്തും പിറവിയെടുത്ത ഓണപ്പാട്ടുകളുടെ പരമ്പരകളാണ് ഈ ഉല്‍സവകാലത്തിന്‍െറ സര്‍വഭാവങ്ങളും ആവാഹിച്ചത്. യേശുദാസിന്‍െറ തന്നെ സംരംഭമായ തരംഗിണിയായിരുന്നു ഓണപ്പാട്ടുകളേറെ മലയാളത്തിനു തന്നത്. ഓണപ്പുടവ, ഓണപ്പതിപ്പ്, എന്നൊക്കെയുള്ള നമ്മുടെ ഇഷ്ടശീലങ്ങളുടെ ശ്രേണിയിലേക്ക് ഓരോ ചിങ്ങക്കാലത്തെയും ഓണപ്പാട്ടുകളും ചേര്‍ത്തുവെക്കപ്പെട്ടു. ഓണത്തെ വരവേല്‍ക്കുന്ന ഗാനങ്ങളേറെയുണ്ടായിരുന്നു ഇത്തരം ഓണക്കാഴ്ചകളില്‍
ഓണത്തിനായി ഒരുങ്ങിനില്‍ക്കുന്ന നാടിന്‍െറ  തുടിപ്പപോലെയാണ് ഈ ഗാനം യേശുദാസിന്‍െറ ശബ്ദത്തില്‍ മനസിലേറുന്നത്..തിറയാടുന്ന പൂക്കളുടെ ചടുലതാളം ഈ ഓണപ്പാട്ടിനു കൈവരുന്നു...

ഉത്രാടപ്പൂവിളിയില്‍ കേരളമുണരുന്നു
പൂത്തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുന്നു.....

യേശുദാസിന്‍െറ സ്വരത്തില്‍ ഈ ഗാനവും ഓണത്തെ നിറമനസോടെ വരവേല്‍ക്കുന്നു

മാമലനാടേ മാവേലി നാടേ
വരവായി വീണ്ടും പൊന്നോണം
വരവായി ചിങ്ങത്തിരുവോണം


ശാന്തമായി ഒഴുകുന്ന പ്രതീക്ഷയുടെ ഈണമാണ് ഈ ഓണപ്പാട്ടിന്

ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാപുടവ ചുറ്റി ......





നിറംമങ്ങി വാടിപ്പോയ ഓണസ്വപ്നങ്ങള്‍ക്ക് തേനുമായി വരാന്‍, കോടിയുമായി വരാന്‍ ഉത്രാടനിലാവിനെ വിളിക്കുന്ന ഈഗാനം ഏറെ ജനപ്രിയമാണ്...

ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെപ്പൂക്കളത്തില്‍ വാടിയ പൂക്കളില്‍
ഇത്തിരി തേന്‍ ചുരത്താന്‍ വാ.....
.............................................
...........................................

തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നൂ തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്‍െറ രാഗം കേട്ടേന്‍
മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണ കോടിയുമായി നീ വാ....
ഉത്രാടപ്പൂനിലാവേ വാ

പുതുകാലത്ത് നിറം കെട്ടുപോവുന്ന പ്രകൃതിയെ ഓര്‍ത്തുള്ള വേദന നിറയുന്നു താരാട്ടിന്നീണമുള്ള ഈ ഓണപ്പാട്ടില്‍. എം. ജയചന്ദ്രനാണ് സംഗീതം ..ചിത്രയുടെ സ്വരം

ഓണം വന്നണയും
കാണം പോയൊഴിയും
കരുമാടി മകനേ ഉണ്ണീ വാവോ

പാടങ്ങള്‍ പലതും വീടായിന്നഴകേ
കുടിലിന്‍ കൂവളമേ ഉണ്ണീ വാവോ......






തിരുവോണമേളത്തിന് മാറ്റുകൂട്ടുന്ന കൂട്ടായ്മയുടെ കേളികളും പാട്ടുകളുടെ വിഷയമാവുന്നു

കുളിച്ച് കുറിയിട്ട് കുപ്പിവളയിട്ട്
കുമ്മിയടിക്കാന്‍ വാ
പുലരിത്തുടുപ്പുള്ള പുടവയുടുത്തിട്ട്
തുമ്പിതുള്ളാന്‍ വാ

ഓണക്കാഴ്ചകളിലേറെ മിഴിവുള്ള വള്ളംകളിയുടെ ആവേശവും ഗാനങ്ങളില്‍ കുടിയേറി. ചടുലമായ തുഴത്താളത്തില്‍ പിറന്ന ഈ ഗാനം രവീന്ദ്രന്‍െറ സംഗീതത്തിലുള്ളതാണ്..വെടിപ്പായി അടുക്കി വച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പദഭംഗിയും ഈ പാട്ടിന് പ്രത്യേക അഴകു സമ്മാനിക്കുന്നു.

ആറന്‍മുള പള്ളിയോടമാര്‍പ്പുവിളി വള്ളംകളി
അക്കരെയുമിക്കരെയുമാള്‍ത്തിരക്കിന്‍ പൂരക്കളി
അമരത്തിരുന്നു ഞാന്‍ തുഴതുഴഞ്ഞേറവേ
അന്നക്കിളീ നിന്നെ കണ്ടു നെഞ്ചില്‍
അല്ലിപ്പൂവമ്പ് കൊണ്ടു

ശ്രീകുമാരന്‍ തമ്പിയുടെ രചനയിലും വള്ളംകളിപ്പെരുമ നിറഞ്ഞു നില്‍ക്കുന്ന ഓണപ്പാട്ടു പിറന്നിട്ടുണട്.

'പായിപ്പാട്ടാറ്റില്‍ വള്ളംകളി
പമ്പാനദി തീരത്ത് ആര്‍പ്പുവിളി.....

കേരളത്തില്‍ ഓണം ഓരോ പൂമുറ്റത്തും നിറമെഴുതുമ്പോള്‍ ഓര്‍മകളുമായി കടലിനക്കരെ കഴിയേണ്ടി വരുന്ന പ്രവാസിയുടെ സങ്കടക്കാലവും ഓണപ്പാട്ടിലേറി... യൂസഫലി കേച്ചേരി രചിച്ച ഈ ഗാനം അത്തരത്തില്‍ ഓണത്തിന്‍െറ നൊമ്പരപ്പാട്ടാണ്

ദൂരെയാണു കേരളം പോയ് വരാമോ
പ്രേമദൂതുമായി തെന്നലേ പോയ്വരാമോ
അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം
എന്‍െറ അങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കണം കാണാം.....

പറനിറയുന്ന സമൃദ്ധിയുടെ സന്തോഷമാണ് ഓണത്തിന് പൊലിമയേകുന്നത്. കൊയ്തു കുട്ടിയ നന്‍മക്കതിരുകളുമായി നാളെയെ പ്രതീക്ഷയോടെ കാക്കുന്നവരുടെ ഹൃദയതാളവുമായി ഓണപ്പാട്ടുകള്‍ പിറന്നു. അത്തരത്തിലൊന്നാണ് ഒ.എന്‍വിയും ആലപ്പിരംഗനാഥുമൊരുക്കി ചിത്ര പാടിയ ഈ ഗാനം

നിറയോ നിറ നിറയോ
പൊന്നാവണി നിറപറവെച്ചൂ
പുന്നെല്ലിന്നവലും മലരും
പൊന്നമ്പല നടയില്‍ വച്ചു

Add caption

നഷ്ട സ്വപ്നങ്ങളുടെ കളമെഴുതുവാനും ഓണക്കാലം നമ്മിലേക്കത്തൊറുണ്ട്. ഗാനങ്ങളിലും പഴയ പൊന്നോണത്തിന്‍െറ സ്മൃതികള്‍ നഷ്ടബോധത്തിന്‍െറ നിഴലുമായി പ്രത്യക്ഷപ്പെടുന്നു. ഗിരീഷ്പുത്തഞ്ചേരി വിദ്യാസാഗര്‍ ടീം സമ്മാനിച്ച ഈ ഗാനം ഓര്‍മകളുടെ മിഴിനീരുണര്‍ത്തുന്നുണ്ട്

ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍
പഴകിയോരോര്‍മതന്‍ മിഴിനീരുവാര്‍ക്കും
പാഴിരുള്‍ത്തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തത്തെുന്നു
ഓണനിലാവും ഞാനും .....

പാതിരാമയക്കത്തില്‍ പാട്ടൊന്ന കേട്ടേന്‍
പല്ലവി പരിചിതമല്ളേ... എന്ന ഗാനത്തിന്‍െറ അനുപല്ലവിയിലും ചരണത്തിലും ഓണം നഷ്ടനിറമായി കടന്നുവരുന്നു

പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു
പാതി തുറക്കുമെന്‍ സ്മൃതിയില്‍
....................................................
പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
പല്ലവി പരിചിതമല്ളേ
..............................
പഴയൊരുത്രാടത്തിന്‍ പൂവെട്ടം കിനിയുന്നു
പാട്ടുമണക്കുമെന്‍ മനസില്‍

പ്രണയവും ഓണത്തിന്‍െറ തറ്റുടുത്ത് കടന്നുവരുന്നുണ്ട് ചില ഓണപ്പാട്ടുകളില്‍...ഓണമുറ്റത്തെ സുന്ദര പ്രണയ ചിത്രം വരക്കുന്നു ഗിരീഷ് പുത്തഞ്ചേരി- വിദ്യാസാഗര്‍ ടീമിന്‍െറ ഈഗാനം

ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍
മണിച്ചെമ്പക പൂക്കളമെഴുതുമ്പോള്‍
പുറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെന്‍െറ
മഷിയെഴുതാത്തൊരാ മിഴികള്‍ പൊത്തി

പ്രകൃതിയും പ്രണയവും ചേരുന്ന ഓണപ്പാട്ടാവുന്നു ഇതേ ടീമിന്‍െറ ഈഗാനം


പറനിറയെ പൊന്നളക്കും പൗര്‍ണമി രാവായി
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍ പാല്‍ക്കടലായി
നുരയിടുമലയില്‍ നമുക്കു തുഴയാന്‍ അമ്പിളിത്തോണി
തുഴഞ്ഞു ചെന്നാല്‍ കുളിച്ചു തൊഴുവാന്‍ തുമ്പപ്പൂക്കാവ്

എം.എസ് വിശ്വനാഥന്‍, രവീന്ദ്രന്‍, ജെറി അമല്‍ദേവ്, വിദ്യാസാഗര്‍, എന്‍. പി.പ്രഭാകരന്‍ തുടങ്ങി നിരവധി സംഗീതകാരന്‍മാരും ഒ.എന്‍.വി, ബിച്ചുതിരുമല, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി, രമേശന്‍നായര്‍ തുടങ്ങി നിരവധി എഴുത്തുകാരും ചേര്‍ന്ന് തരംഗിണിക്കുവേണ്ടി മികച്ച ലളിതഗാനങ്ങള്‍ മലയാളത്തിനു തന്നു.  90കളുടെ അവസാനത്തോടെ  തരംഗിണി സജീവമല്ലാതായി. ഈ ഓണസമ്മാനവും  നിലച്ചു. മാഗ്ന സൗണ്ട് അടക്കമുള്ള അക്കാലത്തെ  മറ്റു പല ബാനറുകളും  ഇതേ പോലെ ഓണപ്പാട്ടുകളുമായി എത്തിയിരുന്നു. ഓണ ആല്‍ബങ്ങള്‍ കുറഞ്ഞെങ്കിലും മനസില്‍ പാട്ടുകള്‍ കളമിടാത്ത ഒരോണവും മലയാളിയെ കടന്ന് പോവാറില്ല.

                                                                                                                                            
                                                                                                                                             നിധീഷ് നടേരി












Saturday, March 10, 2012

നല്ല പാട്ടുകള്‍ തന്ന ബോംബെക്കാരന്‍

സലില്‍ ചൌധരിക്കു ശേഷം മലയാളിതമുള്ള  ഗാനങ്ങള്‍ നമുക്കു തന്ന ഉത്തതരെന്ത്യക്കാരന്‍ ബോംബേ രവി ആയിരുന്നു.   (നൌഷാദ്, ഉഷ ഖന്ന, ഉ്ധം സിങ്ങ് ഒക്കെ വന്നുപോയെങ്കിലും മലയാലതതനിമയുള്ള ഗാനങ്ങളുമായി സിംഹാസനമുറപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും ഇവരെപ്പോലെ കഴിഞ്ഞില്ല ).  നമ്മുടെ പാട്ടുമനസ് തൊട്ടറിഞ്ഞുതന്നെ രവിയുടെ ഈണങ്ങള്‍ പിറന്നു.  ഉത്ത രേന്ത്യന്‍ സംഗീതജീവിത്തി ലെ ഇടവേള കഴിഞ്ഞ് നഖക്ഷതങ്ങളിലെ മലയാളപ്രവേശം രവിയുടെ സിനിമാസംഗീത ജീവിത ത്തി ലെ തിരിച്ചുവരവുതന്നെയായിരുന്നു. ഒ.എന്‍വിയുടെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് സുഖമുള്ള അന്തസുള്ള ആസ്വാദന അനുഭൂതി തന്നു രവിയുടെ ഗാനങ്ങള്‍. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ മഞ്ഞക്കുറീ മുണ്ടു ചുറ്റി എന്ന ഗാനമാണ് ആദ്യം മലയാള ത്തി ന് ചിട്ടപ്പെടുത്തി യത്. ഒ.എന്‍.വി കുറുപ്പ് വരികളുടെ അര്‍ഥം വിവരിച്ചു കൊടുത്ത ശേഷം ആറുരീതിയില്‍ അദ്ദേഹം ഈണമിട്ടു. മലയാളത്തിന്റെ  പ്രിയ കവിയുടെ വരികളോട് നീതി പുലര്തുന്ന  ഈണം തന്നെയാവണമെന്ന ചിന്തയില്‍ വിഷണ്ണനായാണ് മഞ്ഞള്‍ പ്രസാദം പലവഴിയില്‍ അദ്ദേഹം ചിട്ടപ്പെടുത്തി യത്  .  ആറ് ഈണങ്ങളില്‍ ഏറ്റവും മികച്ചത് ഹരിഹരന്‍ തിരഞ്ഞെടുക്കുകയായിരുന്നു.  നഖക്ഷതങ്ങളിലെ ഗാനങ്ങളോരോന്നും പത്തര മാറ്റുള്ളവയായിരുന്നു. മഞ്ഞള്‍ പ്രസാദം ചിത്രക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകി വന്നു പൂന്തിങ്കളേ...ഗന്ധര്‍വ സ്വരത്തില്‍ നിളയില്‍ നിന്ന് മാറ്റൊലിക്കൊള്ളുന്ന പോലെ ഒഴുകുന്ന ഈ ഗാനതി ന് കാലങ്ങള്‍ക്കിപ്പുറവും പുതുമ മാറിയിട്ടില്ല. ജയചന്ദ്രന്‍ പാടിയ ആരെയും ഭാവ ഗായകനാക്കും ആത്മസൌന്ദര്യമാണുനീ...നമ്രശീര്‍ഷരായി നില്‍പൂ നിന്‍ മുന്നില്‍ കമ്ര നക്ഷത്ര കന്യകള്‍ ...സൌന്ദര്യ വര്‍ണനയുടെ അഴകു തുടുത്ത  പദാവലികളെ എത്ര ശ്രദ്ധയോടെ ലാളിത്യത്തോടെ ടെയാണ് ബോംബേ രവിയുടെ ഈണം പരിചരിച്ചത്. 
ഹരിഹരന്റെ വിളി വീണ്ടും രവിശങ്കര്‍ വര്‍മയെന്ന ബോംബേ രവിയെ തേടിഎത്തി . പഞ്ചാഗ്നിയിലും മലയാള ത്തിനു മികച്ച പാട്ടുകള്‍ തന്നെ അദ്ദേഹം തന്നു. സാഗരങ്ങളേ പാടി പാടീ ഉണര്‍ ത്തിയ സാമഗീതമേ സാമ സംഗീതമേ....കന്നിമണ്ണിന്റെ ഗന്ധമു ണ ര്‍ത്തുന്ന  ഗൃഹാതുരത വന്നു പൊതിയുന്നുണ്ട് ഈ ഗാനതോടോ ടൊപ്പം...ആ രാത്രി മാഞ്ഞു പോയീ....ആയിരം കിനാക്കള്‍ പോയ് മറഞ്ഞ നിരാശയുടെ മുഴുവന്‍ വല്ലായ്മകളും പകരുന്നു...വൈശാലിയുടെ ആത്മാവു തന്നെയായിരുന്നു അതിലൈ ഗാനങ്ങളോരോന്നും. അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോ എന്ന് പ്രണയപ്പൊരുളറിയാതത   ഋഷ്യശ്രംഗനോട് കാമിനി ഉണര്‍ത്തുന്ന  നേരത്ത്  കഥയുടെ പൊരുളറിയുന്ന സംഗീത സംവിധായകന്റെ കൈവഴക്കം നാമറിയുന്നുണ്ട്. ഓ എന്‍വിയുടെ ഈരടിയില്‍ ചിത്രയുടെ ശബ്ദത്തില്‍  മനസുകവര്‍ന്നു ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍ ഇന്നലെ നിന്‍മുഖം നീ നോക്കി നിന്നു...എന്ന ഗാനം.. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...ചന്ദനപ്പൂം പുടവ ചാര്‍ത്തിയ രാത്രി...കാവ്യഭംഗിയും സംഗീതശുദ്ധിയുമുള്ള മികച്ച ഗാനമാണ്. വടക്കന്‍പാട്ടിന്റെ കൈവഴികള്‍ക്ക് സമാന്തരമായി ബോംബേ രവി സ്വരപഥം തെളിച്ചപ്പോള്‍ വടക്കന്‍ വീരഗാഥയിലെ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം ഉണര്‍ന്നു.  ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായി എന്ന ജയകുമാറിന്റെ വരികളും രവിയുടെ സംഗീത സ്പര്‍ശത്തില്‍  തിളങ്ങി. സംഗീതസാന്ദ്രമായിരുന്നു സര്‍ഗം എന്ന ചിത്രം. ബോംബേ രവിയുടെ ഗാനങ്ങളോരൊന്നും പ്രൌഢ രാഗങ്ങളുടെ മേലാപ്പണിഞ്ഞപ്പോള്‍ മലയാളത്തിനു  പ്രിയഗീതങ്ങളേറെ ലഭിച്ചു. പ്രവാഹമേ ഗംഗാ പ്രവാഹമേ....ഗന്ധര്‍വ സ്വര  പ്രവാഹമായി ഈ ഗാനം. നിന്നെയുമെന്നെയും ഒന്നിച്ചിണക്കുന്നു നിരുപമ നാദത്തിന്‍  ലോല തന്തു എന്നു ഗൂസഫലി കേച്ചേരി എഴുതിയ പോലെ പ്രൌഢമായ വരികളെയും ഈണത്തെയും ബോംബേ രവി നന്നായി വിളക്കിചേര്‍ത്ത് .  കൃഷ്ണ കൃപാസാഗരം. കണ്ണാടി ആദ്യമായെന്‍ ബാഹ്യരൂപം സ്വന്താക്കി ഗായകാ നിന്‍ സ്വരമെന്‍ ചേതനയും സ്വന്തമാക്കി....ആന്ദോളനം ദോലനം...രാഗസൂധായസാ പാനമൂജേസീ തുടങ്ങിയ സര്‍ഗത്തി ലെ ഗാനങ്ങളോരോന്നും പ്രൌഢം...സുകൃത ത്തി ലെ എന്നോടൊത്തുണരുന്ന  പുലരികളേ   എന്നോടൊത്തു  കിനാവുകണ്ടു ചിരിക്കുമിരവുകളേ....പരിണയത്തി ലെ സാമജ സഞ്ചാരിണീ സരസീരുഹ മധുവാഹിനീ...അങ്ങനെ അങ്ങനെ എളുപ്പം എണ്ണീതീര്‍ക്കാവുന്ന ഗാനങ്ങളേ ബോബേ രവി നമുക്കു തന്നിട്ടുള്ളൂ..പക്ഷേ മലയാളമനസില്‍ നിന്ന് ഇറങ്ങിപ്പോകാവുന്ന ഒറ്റ പാട്ടും രവിയുടെ ആത്മാവില്‍ നിന്ന് ഉയി ര്‍ത്തിട്ടുമില്ല... '
മിക്കവരും എന്തെങ്കിലും ശബ്ദങ്ങള്‍ സിന്തസൈസറില്‍ മിക്സ് ചെയ്ത് അതിനെ സംഗീതം എന്ന് വിശേഷിപ്പിക്കുകയാണ്. മെലഡിയോടുള്ള ബഹുമാനം മലയാള ത്തി നു മാത്രമേ ഉള്ളൂ...ജി. ദേവരാജന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ 2008ല്‍ കേര ള ത്തി ലെത്തിയ യ പ്പോള്‍ അദ്ദേഹം പറഞ്ഞു. ശുദ്ധസംഗീത ത്തോട്ള്ള മലയാ ള ത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ ഹൃദയമുണ്ടായിരുന്നു ബോംബേ രവിക്ക്. ആ സ്നേഹം അത്രമേല്‍  നിറയുന്നുണ്ട് അദ്ദേഹം തന്ന ഈണങ്ങളിലെല്ലാം.

Friday, October 28, 2011

വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....



വയലാര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...... 
വയലാറില്‍, വയലും ആറുമുണ്ട്. കാവ്യസൌഗന്ധികങ്ങള്‍ പൂത്ത വയലും ഭാവന നിര്‍ലോഭം ഒഴുകിയ ആറും.  പദപരിചരണത്തിലെ രാജകീയത,കാവ്യ ബിംബങ്ങളിലെ സൌകുമാര്യത. ഇവ ചേര്‍ന്ന് ഒരുപിടി കവിതകള്‍,അതിലേറെ ഗാനങ്ങള്‍ വയലാറിന്റെ ഹൃദയം മലയാളത്തിനു തന്നു. മലയാള സാഹിത്യ മണ്ഡലത്തില്‍ ''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചീടാത്തൊരു തത്ത്വശാസ്ത്രത്തെയും...'' എന്ന് മനസ്സുതുറന്ന് കലഹിച്ച കവിയായി വാഴുമ്പോള്‍ തന്നെ ഗാന രചയിതാവിന്റെ ജനകീയ സിംഹാസനത്തിലും വയലാര്‍ അമര്‍ന്നിരുന്നു.'മരിയ്ക്കുന്നില്ല ഞാന്‍' എന്ന് കവിതയ്ക്കിട്ട തലക്കുറി അന്വര്‍ഥമാക്കി വയലാര്‍ ഇന്നും ഉണര്‍ന്നിരിക്കുന്നു.
ഈണത്തിന്റെ ഔദാര്യം അനുവദിച്ചുതരുന്ന ഇടങ്ങളില്‍ വാക്കുകള്‍ തിരുകിക്കയറ്റി പാട്ടുകള്‍ എന്ന പേരില്‍ പലതും പിറവിയെടുക്കുന്ന പുതുകാലത്ത് ആത്മാവുള്ള ഒരു പാട്ടനുഭവിക്കാന്‍ തലമുറകള്‍ ഭേദമില്ലാതെ നാം വയലാര്‍ - ദേവരാജന്‍ ടീമിലേക്ക് വെച്ചു പിടിക്കുന്നു.
ജീവിതത്തോട് പ്രണയം തീവ്രമാവുമ്പോള്‍ പുത്തന്‍ തലമുറകളും
''ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി...''
എന്നു പാടുന്നു;കേള്‍ക്കുന്നു. സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്ത് 'ഓ! ഗ്രേറ്റ്' എന്ന് പുളകം കൊള്ളുന്നു.
ആത്മാവുള്ള, ജീവനുള്ള ഈരടികള്‍ വേനല്‍മഴ പോലെ വന്നുപോവുന്ന ഈ കാലത്ത് വയലാര്‍ എങ്ങനെ വിസ്മൃതനാവും?
''സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കുന്നു
ശില്‍പ കന്യകകള്‍ നിന്റെ വീഥിയില്‍
രത്ന കമ്പളം നീര്‍ത്തും...''
എന്ന് പ്രണയിനിയെക്കുറിച്ച്  വര്‍ണ സ്വപ്നങ്ങള്‍ വാരിവിതറി വയലാര്‍. സ്വപ്നത്തിന്റെ ആകാശ ഗോപുരങ്ങളില്‍ ചെന്ന് പദങ്ങളുമായി ഇന്ദ്രജാലം തീര്‍ത്തു.
പലതും ക്ഷണിക രചനകളായിരുന്നു.
ഏറെ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. നദി എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് എല്ലാ തയ്യാറെടുപ്പുകളും ആയി. സംഗീത സംവിധായകന്‍ റെഡി. ഓര്‍ക്കസ്ട്രയും ഗായകനും എപ്പോഴേ റെഡി. ഇനി പാട്ടു മാത്രം എഴുതിക്കിട്ടിയാല്‍ മതി. അതിനായി വയലാര്‍ രാമവര്‍മയെ ആലുവ പുഴയോരത്തുള്ള ഒരു ഹോട്ടലിലെ മുറിയില്‍ ആക്കിയിരിക്കുകയാണ് നിര്‍മാതാവ്. അയാള്‍ വിറളി പിടിച്ചുനടക്കുന്നു. ഒരു വരി പോലും എഴുതിയിട്ടില്ല വയലാര്‍. ഇടയ്ക്കിടെ നിര്‍മാതാവ് വന്ന് റൂമില്‍ നോക്കുമ്പോള്‍ വയലാര്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. പാട്ടിന്റെ കാര്യത്തില്‍ മാത്രം ഒരടി മുന്നോട്ടു പോയിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിക്ക് നിര്‍മാതാവ് വന്നു നോക്കുമ്പോഴും കാര്യങ്ങള്‍ തഥൈവ. നാലു മണിക്ക് അവസാനമായി ഒരിക്കല്‍കൂടി അയാള്‍ വന്നുനോക്കി. അപ്പോഴും വയലാര്‍ അന്തംവിട്ട് കിടന്നുറങ്ങുന്നു. മേശപ്പുറത്ത് മലയാളികളെ എക്കാലവും കോരിത്തരിപ്പിച്ച ആ പാട്ടിരിക്കുന്നു. ഒപ്പം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളും.
''ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാ പുഴ പിന്നെയുമൊഴുകി.....'
മരണത്തിനിപ്പുറം 36 ആണ്ടുകള്‍ കഴിയുമ്പോഴും മലയാളികളുടെ മനസ്സിലൂടെ ആയിരം പാദസരങ്ങള്‍ കിലുക്കി വയലാര്‍ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു....

Saturday, August 20, 2011

മനസില്‍ നിന്നിറങ്ങാത്ത ഈണങ്ങള്‍...


ജോണ്‍സണ്‍ എന്ന രാഗമാന്ത്രികന്‍ ഉയിരുകൊടുത്ത 
പാട്ടുകളില്‍ പ്രിയപ്പെട്ട ചിലത്...
        


  1. ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം      
  2. ദേവീ ആത്മരാഗമേകാന്‍
  3. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി
  4. കുന്നിമണി ചെപ്പുതുറന്നെണ്ണി നോക്കുംനേരം
  5. എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ                              
  6. മൈനാക പൊന്‍മുടിയില്‍
  7. ആടിവാ കാറ്റേ പാടിവാ കാറ്റേ
  8. മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ                               
  9. ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി ഉലഞ്ഞൂ
  10. അനുരാഗിണീ ഇതാ എന്‍
  11. എന്തേ കണ്ണനു കറുപ്പു നിറം
  12. ഇനിയൊന്നു പാടൂ ഹൃദയമേ നിന്‍ പനിമതി മുന്നിലുദിച്ചുവല്ലേ
  13. പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
  14. മായാമയൂരം പീലി നീര്‍ത്തിയോ
  15. തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
  16. മൂവന്തിയായ് പകലില്‍ രാവിന്‍ വിരല്‍സ്പര്‍ശനം
  17. മൌനത്തിന്‍ ഇടനാഴിയില്‍
  18. ഖല്‍ബിലൊരൊപ്പന പാട്ടുണ്ടോ കയ്യില് മുന്തിരിച്ചാറുണ്ടോ
  19. ആദ്യമായ് കണ്ട നാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
  20. നീലരാവിലിന്നു നിന്റെ താരഹാരമിളകി
  21. ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  22. സിന്ദൂരം പെയ്തിറങ്ങി പവിഴമലയില്‍
  23. പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ
  24. പാതിരാ പുള്ളുണര്‍ന്നു പരല്‍മുല്ലകാടുണര്‍ന്നു
  25. അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
  26. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം
  27. പവിഴം പോല്‍ പവിഴാധരം പോല്‍
  28. പൂവേണം പൂപ്പട വേണം പൂവിളി വേണം
  29. പൂത്താലം വലം കൈയിലേന്തി വാസന്തം
  30. തങ്കത്തോണി തെന്‍മലയോരം കണ്ടേ
  31. രാജഹംസമേ മഴവില്‍കൊടിയില്‍ സ്നേഹദൂതുമായി വരുമോ
  32. സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ
  33. ശ്രീരാമ നാമം ജപചാരസാഗരം
  34. ദൂരെ ദൂരെ സാഗരം തേടി പൊക്കുവെയില്‍ പൊന്‍നാളം
  35. ദേവകന്യക സൂര്യതംബുരു മീട്ടുന്നു
  36. സ്വര്‍ണ മുകിലേ സ്വര്‍ണമുകിലേ
  37. ശ്യാമാംബരം നീളെ മണിമുകിലിന്‍ ഉള്ളം
  38. താനേ പൂവിട്ട മോഹം മൂകം വിതുമ്പുംനേരം
  39. ബ്രഹ്മ കമലം ശ്രീലകമാകിയ നാദബ്രഹ്മസുധാമയീ
  40. തുമ്പപ്പുവില്‍ ഉണര്‍ന്നു വാസരം
  41. എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം
  42. ചന്ദനചോലയില്‍ മുങ്ങി നീരാടിയെന്‍
  43. വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
  44. വെള്ളാര പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി
  45. മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു 

Friday, June 17, 2011

സച്ചിന്‍...നിങ്ങളില്ലെങ്കിലും കേള്‍ക്കുന്നുണ്ട് പുല്ലാങ്കുഴല്‍ നാദം

  
ചെല്ലുന്നിടത്തു നിന്നെല്ലാം ആ ഓടക്കുഴല്‍ നാദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതി മനോഹരമായ കോംപോസിഷന്‍...ചിലപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ ഏതെങ്കിലും സഹയാത്രികന്റെ മൊബൈലില്‍നിന്ന് അതിങ്ങനെ ഒഴൂകിതുടങ്ങുമ്പോള്‍ അയാള്‍ ഫോണെടുക്കാന്‍ വൈകണേ എന്ന് മനസുകൊണ്ട് കൊതിച്ചു. അനേകമനേകം ആളുകളുടെ
മൊബൈല്‍ഫോണുകളില്‍ നിന്ന് ഏതൊക്കെയോ കോണുകളില്‍ അത് ഉണരുകയായിരുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് അതേ ഓടക്കുഴല്‍ സംഗീതം കേട്ടത് ഗായകന്‍ കല്ലറഗോപന്റെ മൊബൈലില്‍ നിന്നായിരുന്നു. അന്ന് അദ്ദേഹം സംസാരിച്ചിരുന്നു അത് വായിച്ച സച്ചിന്‍ കൈതാരം എന്ന സംഗീതകാരനെ കുറിച്ച്. സച്ചിന്‍ കൈതാരത്തിന്റെ തന്നെ കോംപസിഷനായിരുന്നു അത്.  മരണത്തിന്റെ ഒട്ടും മയമില്ലാത്ത ചില തിരിച്ചെടുക്കലുകളെ അന്ന് ഞാന്‍ ഏറെ വെറുത്തു. നാം മനസിലേറ്റിയ എത്രയോ പാട്ടുകളില്‍ സച്ചിന്റെ ഓടക്കുഴല്‍ ഇപ്പോഴും മൂളുന്നുണ്ട്. എണ്ണമില്ലാത്ത സിനിമാ ഗാനങ്ങളില്‍ പിന്നണിയില്‍ സച്ചിന്‍ പുല്ലാങ്കുഴലൂതി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകേട്ട വേണുഗാനം ഇന്ന് പലയിടങ്ങളില്‍ പലവുരു കേള്‍ക്കുമ്പോഴാണ് ഞാന്‍ സച്ചിന്‍ കൈതാരത്തെ വീണ്ടുമോര്‍ക്കുന്നത്.
എന്തെങ്കിലും ഇവിടെ എഴുതണമെന്നുതോന്നി. എനിക്ക് ഒരു മരണവാര്‍ത്തയിലൂടെ മാത്രം പരിചിതനായിരുന്ന ആള്‍...പിന്നീട് ഒരു ഈണത്തിനൊപ്പം ഓര്‍മയില്‍ ചേക്കേറിയ ആള്‍... പതിയെ ആണ് സച്ചിന്‍ കൈതാരം എന്ന സംഗീതകാരന്‍ എനിക്കു മുന്നില്‍ തെളിഞ്ഞുകത്താന്‍ തുടങ്ങുന്നത്. സച്ചിനെ കുറിച്ചറിയാന്‍ നടത്തിയ ചെറിയ അന്വേഷണത്തില്‍ നിന്ന് വല്ലാത്ത ഒരു യാദൃശ്ചികത ഞാനറിഞ്ഞു. എഴുതാന്‍ ആലോചിക്കുന്ന ഈ ജൂണ്‍ദിനങ്ങളിലൊന്നാണ് സച്ചിനെ അപഹരിച്ചതെന്ന്. 2006 ജൂണ്‍ പതിനഞ്ചിനായിരുന്നു സച്ചിന്റെ ജീവനെടുത്ത കാറപകടം. ഇതുപോലെ മുന്‍പ് നന്ദിതയും എന്നെ ആശ്ചര്യപെടുത്തിയ യാദൃശ്ചികത സമ്മാനിച്ചിട്ടുണ്ട്. കോളജ് കാലത്ത് അമ്മാവന്റെ വീട്ടിലെ ഒരു രാത്രി. പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് എനിക്ക് നന്ദിതയുടെ കവിതകള്‍ കിട്ടുന്നു. അന്നു പുലരുവോളം ഞാന്‍ നന്ദിതയുടെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിക്കുന്നു. രാവിലെ പത്രം നിവര്‍ത്തവേ ചരമപേജില്‍ നന്ദിതയുടെ ചരമവാര്‍ഷികം ഓര്‍മ്മിപ്പിക്കുന്ന ചിത്രം.....അതുപോലെ മറ്റൊരു യാദൃശ്ചികതയായി സച്ചിനും മുന്നില്‍ നില്‍ക്കുന്നു.
ജാസി ഗിഫ്റ്റിനൊപ്പം ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് സച്ചിനെ തേടി മരണമെത്തിയത്. ബസ് കാത്തു നില്‍ക്കയായിരുന്ന സച്ചിന് ജാസിഗിഫ്റ്റിന്റെ മാനേജര്‍ സ്കോര്‍പിയോയില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു. സച്ചിനും കൂടെയുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ നിരയിലേക്കുയരാനുള്ള പ്രതിഭയുണ്ടായിരുന്നു സച്ചിന്. പിറക്കാനിരിക്കുന്ന ഒരുപാട് ഈണങ്ങളെ കൂടിയാണ് അന്ന് മരണമെടുത്തത്. സച്ചിനെ കുറിച്ചുള്ള അന്വേഷണത്തിനിടെ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ മുന്നിലിരുന്നു പാട്ടു പഠിച്ച ഒരു പാവം ശിഷ്യനെപറ്റി ഇളയച്ഛന്‍ പറഞ്ഞു. പല ഓര്‍ക്കസ്ട്രകളില്‍ പുല്ലാങ്കുഴലുമായി പെയ്തു തിമിര്‍ക്കുന്ന ശിഷ്യനെ അദ്ദേഹം കണ്ടു.
കുന്നംകുളത്തിനടുത്ത് പാര്‍ക്കാടി ക്ഷേത്രത്തിനായി ഭക്തി ഗാനമെഴുതാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് എഴൂതിയ
വാളും ചിലമ്പും ഇല്ലാതെ വന്നെന്റെ
ഉള്ളില്‍ പാര്‍ക്കുമോ ദേവി
പാര്‍ക്കാടി വാഴൂന്ന ദേവി
എന്ന പാട്ടിന് സച്ചിന്‍ കൈതാരമാണ് പുല്ലാങ്കുഴല്‍ വായിച്ചതെന്ന് അറിയുന്നത് അപ്പോഴാണ്. മധുബാലകൃഷ്ണനായിരുന്നു പാടിയത്. ഇളയച്ഛന്റെ സംഗീതം. അന്ന് അവര്‍ വളരെ കാലത്തിനിടയില്‍ കണ്ടുമുട്ടുകയായിരുന്നു. ഗുരുവിന്റെ പാട്ടിനു വായിക്കാനായി ശിഷ്യന്‍ എത്തുകയായിരുന്നു.

Saturday, June 4, 2011

സംഗീതം.. യുദ്ധം... കയ്യാങ്കളി


മാസങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ സംഗീത അധ്യാപകന്‍ എന്നോട് അരമണിക്കൂറിലധികം സംസാരിച്ചത് ഒരു ടൈറ്റിലിനെ കുറിച്ചായിരുന്നു. ഏറെ രോഷത്തോടെ ചിലപ്പോള്‍ വേദനയോടെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. സൂര്യ ടിവിയില്‍ വരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടിയായിരുന്നു വിഷയം. പരിപാടി അദ്ദേഹം കണ്ടിട്ടില്ല. പരിപാടിയുടെ വരവറിയിച്ചുകൊണ്ട് വന്ന പരസ്യങ്ങള്‍ തന്നെ അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഒരു വലിയ യുദ്ധം നടക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു പരസ്യങ്ങള്‍. ഗായകരിങ്ങനെ ഇപ്പോ യുദ്ധംചെയ്ത് രാജ്യം പിടിച്ചടക്കി എല്ലാത്തിനെയും തീര്‍ക്കുമെന്ന ഭാവത്തില്‍ നിരന്നു നില്‍ക്കുന്നു...ചുവട്ടില്‍ നമ്മുടെ ടൈറ്റില്‍ സംഗീത മഹായുദ്ധം...എത്ര വലിയ ഇന്നോവേറ്റീവ് ചിന്തയായാലും  തരക്കേടില്ല സംഗീതത്തെ യുദ്ധമാക്കുന്നത് ക്രിയേറ്റീവ് കാടത്തം തന്നെയാണ്. പൊതുവില്‍ കലോല്‍സവവേദിമുതല്‍ റിയാലിറ്റി സ്റ്റുഡിയോവരെ സംഗീതം കൊണ്ടുള്ള പടവെട്ടിന് സാക്ഷ്യം വഹിക്കുന്നുവെന്നത് നേര്..എന്നാലും അതിങ്ങനെ സ്ഥാപിക്കേണ്ട കാര്യമുണ്ടായിരുന്നോ... എന്ന് അദ്ദേഹം രോക്ഷപ്പെടുന്നു. ലോലമായി മനസിനെ കീഴടക്കുന്ന മൃദുല കലയെ അതിഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും പര്യായമായ യുദ്ധവുമായി ചേര്‍ത്തുവെച്ചത് ക്രിമിനല്‍ ചിന്തയാണെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. സംഗീതം ഒച്ചപ്പാടിന്റെ കോമരംതുള്ളലായി കഴിഞ്ഞ കാലത്ത് എന്തിനിങ്ങനെ ഒരു മനുഷ്യന്‍ ഒരു വാക്കിന്‍മേല്‍ തൂങ്ങി മനസുവേദനിപ്പിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നും.. സംഗീതം സിനിമാസംഗീതം മാത്രമായി അടയാളപ്പെട്ടുപോവുന്നതും സിനിമയുടെ കച്ചവടക്കോണുകളില്‍ ചേര്‍ക്കുവാനുള്ള ബഹളമായി മാറുന്നതും പൊരുത്തപ്പെട്ടുപോയ നമുക്ക് ഇനി എന്തായാലെന്ത്.പിന്നീട് അറിഞ്ഞു ഏതാണ്ടൊരു പടവെട്ടിന്റെ സ്വഭാവമായിരുന്നു ആ പരിപാടിക്കെന്ന്. ഗ്രൂപ്പുതിരിഞ്ഞ് ഗായകര്‍ നടത്തുന്ന അങ്കം.
എന്തായാലും വലിയ തരംഗമൊന്നും സൃഷ്ടിക്കാന്‍ നമ്മുടെ യുദ്ധത്തിനായില്ലെന്ന് റേറ്റിങ് സത്യങ്ങള്‍.. ഇങ്ങനെ സംഗീതം ഉപാസനയായവര്‍ ഒത്തിരി മനം നൊന്ത് ശപിച്ചു കാണണം..
സംഗീതാനന്തരം ചില യുദ്ധങ്ങള്‍ കലോല്‍സവവേദികളില്‍ കണ്ടിരുന്നു. ലളിതഗാനം, ഗ്രൂപ്പ് സോങ് തുടങ്ങിയവയുടെ ഫലം വരുമ്പോള്‍ അത് ജഡ്ജസിനു നേരെയോ രക്ഷിതാക്കള്‍ തമ്മിലോ ഒക്കെയുള്ള അങ്കംവെട്ടലുകള്‍ക്ക് തിരശീല ഉയര്‍ത്തിയിരുന്നു. ശാന്തരായി വേദിയില്‍ നിന്ന് സംഗീതകലയെ ഉപാസിച്ചു വിരുന്നൂട്ടിയ മല്‍സരാര്‍ഥികള്‍ അതിന്റെ ലാഞ്ചന പോലും മുഖത്തുതെളിക്കാതെ രൌദ്രഭാവം പൂണ്ട് വാദിക്കുന്നതും ജഡ്ജസിനെയും സംഘാടകരെയുമൊക്കെ ഗ്വാ ഗ്വാ വിളിക്കുന്നതും കണ്ടിരുന്നു... ഇത്തിരി കയ്യാങ്കളികൂടിയുണ്ടെങ്കിലേ ഈ സംഗീതം കൊണ്ട് കാര്യമുള്ളൂ എന്നാവാം ഇതൊക്കെ പറഞ്ഞുവെക്കുന്നത്.

Wednesday, June 1, 2011

സ്റ്റാര്‍ സിങ്ങര്‍ ഫാക്ടറിയില്‍ നിന്നൊരു ഗന്ധര്‍വ്വനിറങ്ങുമോ?

 
മലയാളിക്ക് അമൃത ചാനലിന്റെ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ പുതുമ തന്നെയായിരുന്നു. മേരി ആവാസ് സുനോ എന്ന ദൂരദര്‍ശന്‍പരിപാടിക്കു ശേഷം  മലയാളം ഇത്ര മേല്‍ സ്വീകരിച്ച മറ്റൊരു റിയാലിറ്റി ഷോ ഉണ്ടാകില്ല. പിന്നീടത് ഏഷ്യാനെറ്റ് ഹൈജാക്ക് ചെയ്ത് വന്‍ സംഭവമാക്കി കാശുണ്ടാക്കുകയും ചെയ്തു. മുന്‍പ് ദൂരദര്‍ശന്റെ ചില ഞായറാഴ്ച സംഗീത മല്‍സരങ്ങളായിരുന്നു ഈ ഗണത്തില്‍ നമുക്കു കാണാനുണ്ടായിരുന്നത്. പ്രൊഫഷനലിസം നന്നായി കലക്കിയെടുത്തതോടെ കണ്ണഞ്ചിക്കുന്ന സെറ്റില്‍ നമ്മുടെ ഗായകര്‍ നിരന്നു പാടുന്നത് കാണാനായി. 
അമൃതയുടെ ആദ്യ ഷോയുടെ വിജയികള്‍ക്ക് വലിയ താരസൌഭാഗ്യം തന്നെ ലഭിച്ചു. സംഗീതും നിധീഷുമൊക്കെ ഏറെ ജനപ്രിയരുമായി. പിന്നീട് അമൃതയുടെ രണ്ടാം ഘട്ട കൊയ്ത്ത് തുടങ്ങും മുന്‍പാണ് കളിയറിഞ്ഞ വിളവുമായി ഏഷ്യനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പുത്തന്‍ ഭാവത്തില്‍ കൊണ്ടുവന്നത്. മുന്‍പ് ജയചന്ദ്രനും ചിത്ര അയ്യരുമൊക്കെ വിധികര്‍ത്താക്കളായിരുന്ന് കൈവിട്ടുപോയ പരിപാടിയായിരുന്നു അത്. അനാവശ്യ രാഗകസര്‍ത്തുകളുമായി പാട്ടുകളെ ജനിതകമാറ്റം വരുത്താനുള്ള വിധികര്‍ത്താക്കളുടെ നിര്‍ദേശങ്ങളായിരുന്നു ആദ്യകാലത്തെ മുഖ്യ ബോറ്. പരാജയത്തില്‍ നിന്നും അയലത്തെ ചാനലില്‍ നിന്നും പാഠമുള്‍ക്കൊണ്ട രണ്ടാം വരവില്‍ ഏഷ്യാനെറ്റ് ശരിക്കു കൊയ്തു. റേറ്റിങില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പരിപാടിയായി മാറാന്‍ സ്റ്റാര്‍ സിംഗറിനായി. 

ഓരോസീസണിലും താരഗായകര്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നു. പരിപാടിയിലെ ഗസ്റ്റ് സീറ്റിലിരിക്കാന്‍ പുറത്ത് താരപ്രഭ മങ്ങി തിരിച്ചു വരവുകാത്തിരിക്കുന്ന സിനിമാക്കാരുടെ തള്ളാണ്. പലരും അങ്ങോട്ട് റിക്വസ്റ്റ് ചെയ്താണത്രേ ഹോട്ട് സീറ്റിലെത്തുന്നത്. ചില സംവിധായകര്‍ പാട്ടറുതിയില്‍ ഗായകനോട് സിനിമയില്‍ പാടിച്ച് യേശുദാസാക്കി കളയും എന്നൊക്കെ ഭീഷണിയുയര്‍ത്തുമെങ്കിലും നടന്ന് കാണാറില്ല.
പാടിപ്പതിഞ്ഞ സിനിമാഗാനങ്ങള്‍ വള്ളിപുള്ളിവിടാതെ പാടിപ്പിച്ച് ശീലിപ്പിച്ച പല സ്റ്റാര്‍ ഗായകര്‍ക്കും സ്റ്റുഡിയോയില്‍ ജനിക്കുന്ന പുതുപാട്ടുകള്‍ക്ക് ജീവന്‍ നല്‍കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. യേശുദാസും ജയചന്ദ്രനുമൊക്കെ ഭാവവും ചൈതന്യവും നല്‍കി അണിയിച്ചൊരുക്കുന്ന സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും സൃഷ്ടികള്‍ പലവുരു കേട്ട് ആവര്‍ത്തിക്കുവാന്‍ മാത്രമാണല്ലോ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഗായകര്‍ക്കു വിധി. അതില്‍ തന്നെ വല്ല സ്വരപഥവുമൊന്നിടറിയാല്‍ സംഗീത മജിസ്ട്രേറ്റുമാ
ര്‍ കണ്ണുതുറിക്കുകയും കമന്റു പറയുകയും ചെയ്യും. സിനിമാപ്പാട്ടു പാടുമ്പോള്‍ വള്ളി പുള്ളിവിടാതെ ഒറിജിനലിനെ മിമിക് ചെയ്യണമെന്നാണ് പൊതുവില്‍ പ്രേക്ഷകനു ബോധ്യമാവുന്നത്. 
കോഴിക്കോട്ട് കടപ്പുറത്ത് ഗാനമേളക്കിടെ മാനേ....മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ എന്ന പാട്ട് ഇംപ്രവൈസേഷനോടെ പാടിയപ്പോള്‍ പാട്ട് കുളമാക്കിയെന്ന് പറഞ്ഞ് ഗാനഗന്ധര്‍വ്വനെ കൂക്കിയവരും  സ്ററാര്‍ ജഡ്ജിമാരും തമ്മിലെന്ത് വെത്യാസമെന്നും ചില പ്രേക്ഷ:കര്‍ ശങ്കിച്ചു പോവുന്നുമുണ്ട്. ഇതേ മജിസ്ട്രേറ്റുമാര്‍ തന്നെ അടുത്ത നിമിഷം ഇംപ്രവൈസേഷനെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും.അതു വേറെ തമാശ. അങ്ങനെ ഒറിജിനലിനെ മിമിക് ചെയ്ത് ശീലിച്ച നമ്മുടെ താരഗായകര്‍ പിന്നെ സ്റ്റുഡിയോയില്‍ പുതിയ പാട്ടിലെന്തു ചെയ്യാനാണ്. കോട്ടയം നസീര്‍ ചില സിനിമകളില്‍ വേഷം ചെയ്തതുപോലെ ഭീകര പരാജയമാവും ഫലം. സംഗീത സംവിധായകന്റെയും രചയിതാവിന്റെയും നല്ലൊരു സൃഷ്ടി ചിലപ്പോള്‍ വേസ്റ്റാവുകയും ചെയ്യും. 
പിന്നെ ഈ ഗായകരുടെ ഏക ആശ്രയം സ്റ്റേജ് ഷോകളാവുന്നു. അതിന് കേരളത്തിലും ഗള്‍ഫിലും യാതൊരു പഞ്ഞവുമില്ല.  കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന വിധം കളം നിറഞ്ഞ് പണം വാങ്ങി പാടുക. മിക്കപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ഗായകര്‍ ഷോ കഴിഞ്ഞാല്‍ പിന്നെ ഈ തിരക്കിലാവും. മുന്‍പ് വിനയാന്വിതരായി ഗാനമേള വേദിക്കു പിന്നില്‍ ഒരു പാട്ടിനു കെഞ്ചിയവര്‍ പാട്ടൊന്നിന് പതിനായിരം എന്ന് കണ്ണടച്ച് പറയുന്ന കാഴ്ചയും കാണാവുന്നതാണ്. പറഞ്ഞുവരുന്നത് ഇവരൊന്നും കഴിവില്ലാത്തവരും കൊള്ളാത്തവരുമെന്നല്ല.  ഇവരുടെ കഴിവുകള്‍ ചില പ്രത്യേക കാലത്തിലോ കാര്യത്തിലോ ഒതുങ്ങി പോവുന്നു എന്നാണ്. അങ്ങനെ വര്‍ഷമൊന്നു കഴിഞ്ഞ് പുതിയ സീസണ്‍ പ്രൊഡക്റ്റുകള്‍ ഇറങ്ങുന്നതിനു മുന്‍പ് കഴിയുന്നത്ര പണമുണ്ടാക്കുക എന്ന യജ്ഞത്തില്‍ മാത്രം പല താരഗായകരും ഒതുങ്ങി പോവുന്നു.ചുരുക്കി പറഞ്ഞാല്‍ കുറേ പണം കണക്കു പറഞ്ഞു വാങ്ങുന്ന ഗാന പ്രകടനക്കാരെയല്ലാതെ ഗാനഗന്ധര്‍വ്വന്‍മാരെയൊന്നും റിയാലിറ്റി ഷോകള്‍ സമ്മാനിക്കാന്‍ പോവുന്നില്ല.  അവര്‍ വേറെ വഴിയില്‍ പിറക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും പറയുന്നത് പാട്ടാവുന്ന ഈ ഡിജിറ്റല്‍ കാലത്ത് എന്തിനൊരു ഗാനഗന്ധര്‍വ്വന്‍ എന്നുമായിരിക്കും.

നിധീഷ് നടേരി